മലപ്പുറം : എടക്കരയിൽ ദിവ്യാംഗനായ യുവാവിന് ക്രൂരമർദ്ദനമേറ്റതായി പരാതി. എടക്കര സ്വദേശി ജിബിനാണ്(24) ക്രൂരമർദ്ദനമേറ്റത്. ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യാൻ ഒരു വീട്ടിൽ കയറിതിന്റെ പേരിലായിരുന്നു മർദ്ദനമെന്ന് ജിബിന്റെ പിതാവ് പറഞ്ഞു. ലഹരി ഉപയോഗിച്ച് വന്നെന്ന് പറഞ്ഞാണ് യുവാവിനെ മർദ്ദിച്ചത്.
ഇലക്ട്രിക് സ്കൂട്ടറിൽ വരുന്നതിനിടെ ചാർജ് തീർന്നതോടെയാണ് ചാർജ് ചെയ്യാൻ ജിബിൻ അടുത്തുള്ള വീട്ടിൽ കയറിയത്. അവിടെ ഇലക്ട്രിക് സ്കൂട്ടറുണ്ടെന്ന് സമീപവാസികൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ജിബിൻ എത്തിയത്. ഇതിനിടയിലായിരുന്നു യുവാവിന് മർദ്ദനമേറ്റത്.
സംഭവത്തിന് ശേഷം ജിബിൻ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ജിബിന്റെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകളുമുണ്ട്. സംഭവത്തിൽ എടക്കര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.