യാത്ര പോകാൻ ഇഷ്ടമില്ലാത്തവരായി അധികം ആരും ഉണ്ടാവില്ല. തിരക്കേറിയ ജീവിതത്തിനിടയിൽ ചില ചെറിയ യാത്രങ്ങൾ ചെയ്യുന്നത് എല്ലാ രീതിയിലും നമുക്ക് സന്തോഷം പകരും. എന്നാൽ പലരും അധികചെലവാണെന്ന പേരിലാണ് ഇഷ്ടയാത്രകള്‍ മാറ്റിവയ്ക്കുന്നത്. യാത്ര ചെയ്യാന്‍ പണം വേണമെന്ന കാര്യത്തില്‍ സംശയം വേണ്ട. അതിനാല്‍ ചുരുങ്ങിയ ചെലവില്‍ എങ്ങനെ യാത്ര ചെയ്യാം എന്നതിനേക്കുറിച്ചാണ് നിങ്ങള്‍ ആലോചിക്കേണ്ടത്. അനാവശ്യമായ ചെലവുകള്‍ ഒഴിവാക്കാനും യാത്ര തുടങ്ങും മുന്‍പ് ശ്രദ്ധിക്കണം. ആദ്യം ഇന്ത്യ കാണാം എന്നത് മനസ്സിലുറപ്പിക്കൂ, അത്രയേറെ കാഴ്ചകളാണ് നിങ്ങളെ രാജ്യത്തിന്റെ ഓരോ ചെറു ഗ്രാമങ്ങളില്‍ പോലും കാത്തിരിക്കുന്നത്.
വിദേശ സഞ്ചാരികള്‍ ധാരാളമായി ഇന്ത്യയിലേക്ക് വരാനുള്ള പ്രചോദനം വളരെ ചുരുങ്ങിയ ചെലവില്‍ വിനോദസഞ്ചാരം സാധ്യമാകുന്നു എന്നതുകൊണ്ടാണ്. അപ്പോള്‍ നമ്മള്‍ തീരുമാനിക്കുകയാണ് ആദ്യം ഇന്ത്യ കണ്ട് തീര്‍ക്കാം, കുറച്ചു കൂടുതല്‍ പണം മിച്ചം പിടിച്ച് വിദേശ യാത്രകള്‍ ചെയ്യാം. ഇന്ത്യയില്‍ കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാനുള്ള ടിപ്‌സ് കാണാം.
സീസണില്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കുക
നിങ്ങള്‍ക്ക് അറിയാമോ? നമ്മള്‍ ഇന്ത്യക്കാര്‍ക്ക് യാത്ര ചെയ്യാന്‍ ചില സീസണുകള്‍ ഉണ്ട്. ഈ സീസണില്‍ യാത്ര ചെയ്താല്‍ ചെലവ് കൂടുമെന്ന കാര്യം ഉറപ്പാണ്. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയങ്ങളിലാണ് ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിക്കുന്നത്. ഈ സമയങ്ങളില്‍ ഹോട്ടല്‍ റൂമുകളുടെ റെന്റ് വളരെയധികം കൂടുതലായിരിക്കും. ക്രിസ്മസ്, ദീപാവലി പോലുള്ള ഹോളിഡേകളില്‍ യാത്ര ചെയ്താലും നിങ്ങളുടെ പോക്കറ്റ് കാലിയാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
നേരത്തെ ഫ്‌ളൈറ്റ് ബുക്കിംഗ്
രാജസ്ഥാനിലോ ഹിമാചല്‍പ്രദേശിലോ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നേരത്തെ തന്നെ ഫ്‌ളൈറ്റ് ബുക്ക് ചെയ്യുന്നത് നല്ലതാണ്. വളരെ കുറഞ്ഞ ചിലവില്‍ നിങ്ങള്‍ക്ക് വിമാന യാത്ര ചെയ്യാന്‍ കഴിയും. അവസാന മണിക്കൂറില്‍ ഫ്‌ലൈറ്റ് ബുക്ക് ചെയ്താല്‍ കാശുകുറഞ്ഞ് കിട്ടുമെന്ന് ചിന്തിക്കുന്ന മണ്ടന്‍മാരായിരിക്കില്ല നിങ്ങള്‍. കാരണം നിങ്ങള്‍ക്ക് അറിയം അങ്ങനെ ഒരു ഓഫര്‍ ഒരു വിമാനകമ്പനിയും ഇതുവരെ നല്‍കിയിട്ടില്ലെന്ന്. എന്നാല്‍ മുന്‍കൂട്ടി ഫ്‌ലൈറ്റ് ബുക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് കുറച്ച് പണം ലാഭിക്കാം. വിവിധ കമ്പനികളുടെ ഓഫര്‍ പരിശോധിച്ചതിനുശേഷം ബുക്ക് ചെയ്യുക.
സമയം നോക്കി ബുക്ക് ചെയ്യാം
സ്ഥിരം ഫ്‌ളൈറ്റില്‍ യാത്ര ചെയ്യുന്ന ചില ബിസിനസ് യാത്രികര്‍ ഫ്‌ളൈറ്റ് യാത്രയ്ക്ക് തെരഞ്ഞെടുക്കുന്ന ചില സമയങ്ങളുണ്ട്. അതിരാവിലെയും രാത്രിയിലുമാണ് ഇത്തരം ആളുകള്‍ യാത്ര ചെയ്യുക. അതിനാല്‍ ഈ സമയത്ത് പുറപ്പെടുന്ന ഫ്‌ലൈറ്റിന്റെ നിരക്കിലും വര്‍ദ്ധനവ് ഉണ്ടാകും. ഈ സമയങ്ങളില്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കിയാല്‍ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാം.
ഇക്കോണമി പാക്കേജുകള്‍
ചില ട്രാവല്‍ ഏജന്റുമാര്‍ ടൂറിസ്റ്റുകള്‍ക്കായി ചില പാക്കേജുകള്‍ ഒരുക്കിയിട്ടുണ്ടാകും. പലതും ഇക്കണോമി പാക്കേജുളുമായിരിക്കാം. ഇത്തരം പാക്കേജുകള്‍ തെരഞ്ഞെടുക്കുന്നത് യാത്രാ ചെലവ് കുറയ്ക്കാന്‍ സഹായകരമാണ്. പാക്കേജുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ അതില്‍ ഫ്‌ലൈറ്റ് ചാര്‍ജും ഹോട്ടല്‍ ചാര്‍ജുമൊക്കെ അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. ഇത്തരം പാക്കേജുകളിലൂടെ നിങ്ങള്‍ക്ക് 30 ശതമാനത്തോളം ചെലവ് ലാഭിക്കാം.
ഭക്ഷണ ചെലവ് കുറയ്ക്കാം
മുന്തിയ ഹോട്ടുകളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നത് വളരെ ചെലവേറിയ കാര്യമാണ്. അതിനാല്‍ താമസവും ഭക്ഷണവും ഒറ്റപാക്കേജില്‍ ലഭിക്കുന്ന സ്ഥലത്ത് താമസിക്കുന്നതാണ് നല്ലത്. ഇത്തരത്തില്‍ നിരവധി ഹോട്ടലുകള്‍ ലഭ്യമാണ്. മാത്രമല്ല തീറ്റപ്രിയര്‍ക്ക് ബുഫേ സൗകര്യമുള്ള ഹോട്ടലുകള്‍ തെരഞ്ഞെടുക്കാം.
ട്രാവല്‍ ഫണ്ട്
യാത്രാപ്രേമികള്‍ക്ക് ട്രാവല്‍ ഫണ്ട് ഉണ്ടായിരിക്കണം. എസ്‌ഐപിയിലെ അധിക നിക്ഷേപമായോ, ബാങ്കിലെ മറ്റൊരു സേവിംഗ്‌സ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്ന തുകയായോ ഒക്കെ യാത്രയ്ക്കായി മാസം 1000 രൂപ എങ്കിലും മാറ്റിവച്ചാല്‍ യാത്രാ ചെലവുകള്‍ക്ക് അത് വലിയൊരു സഹായകമാകും. പലതുള്ളി പെരുവെള്ളമെന്നാണല്ലോ!