ഇംഫാൽ: പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ സന്ദർശനത്തോടനുബന്ധിച്ച് മണിപ്പുരിലെ ജിരിബാം ജില്ലയിൽ ഇന്നു രക്ഷ ശക്തമാക്കി. ഡ്രോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തുന്നതു നിരോധിച്ചു. ഈ ജില്ലയിലെ 3 അഭയാർഥി ക്യാംപുകൾ രാഹുൽ ഗാന്ധി സന്ദർശിക്കും. കലാപത്തിൽ വീടു നഷ്ടപ്പെട്ട 1700 കുടുംബങ്ങൾ ക്യാംപുകളിലാണു കഴിയുന്നത്. മണിപ്പൂരിലെ ജിരിബാമിലെത്തി പലായനം ചെയ്യേണ്ടി വന്നവരോട് രാഹുൽ സംസാരിക്കും. പിന്നീട് ഇംഫാലിൽ എത്തുന്ന രാഹുൽ ഗാന്ധി ചുരാചന്ദ്പൂരിലും മൊയിറാങിലും ദുരിതാശ്വാസ ക്യംപുകൾ സന്ദർശിക്കും. രണ്ട് വിഭാഗങ്ങളിലെയും നേതാക്കളുമായി രാഹുൽ ചർച്ച നടത്തും. സംസ്ഥാന ഗവർണ്ണർ അനസൂയ ഉയിക്കയെ കണ്ട ശേഷം രാഹുൽ വാർത്താ സമ്മേളനം നടത്തുമെന്ന് കോൺഗ്രസ് അറിയിച്ചു.
പ്രതിപക്ഷനേതാവായശേഷം ലോക്സഭയിൽ നടത്തിയ കന്നി പ്രസംഗത്തിൽ മോദി മണിപ്പുർ സന്ദർശിക്കാത്ത വിഷയം ഉന്നയിച്ചിരുന്നു. മേയ് മാസത്തിനു ശേഷം ഇതു മൂന്നാം തവണയാണ് രാഹുൽ സംസ്ഥാനത്തെത്തുന്നത്. ലോക്സഭാ തിരഞ്ഞെടുടുപ്പിൽ സംസ്ഥാനത്തെ 2 സീറ്റുകളിലും കോൺഗ്രസ് വിജയിച്ചിരുന്നു.