16 ഇനം പ്രാണികള്‍ ഭക്ഷ്യയോഗ്യമെന്ന് അംഗീകരിച്ച് സിംഗപ്പൂര്‍ ഫുഡ് ഏജന്‍സി. ചീവീടുകള്‍, പുല്‍ച്ചാടി, വെട്ടുക്കിളികള്‍ തുടങ്ങി ചൈനീസ്, ഇന്ത്യന്‍ വിഭവങ്ങള്‍ ഉള്‍പ്പെടെയുള്ള ആഗോള ഭക്ഷണങ്ങള്‍ സിംഗപ്പൂര്‍ മെനുവിലുണ്ട്. പ്രധാനമായും ചൈന, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ വളരുന്ന പ്രാണികളാണ് ഇനി സിംഗപ്പൂരിലെ തീന്‍മേശയില്‍ ഇടം പിടിക്കുന്നത്.
വിവിധയിനം ചീവീടുകള്‍, പുല്‍ച്ചാടികള്‍, വെട്ടുക്കിളികള്‍, പുഴുക്കള്‍, പട്ടുനൂല്‍പ്പുഴുക്കള്‍ എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നു. മനുഷ്യ ഉപഭോഗത്തിനോ കന്നുകാലി തീറ്റയ്‌ക്കോ വേണ്ടി പ്രാണികളെ ഇറക്കുമതി ചെയ്യാനോ വളര്‍ത്താനോ ഉദ്ദേശിക്കുന്നവര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് സിംഗപ്പൂര്‍ ഫുഡ് ഏജന്‍സി (എസ്എഫഎ) നിര്‍ദേശിച്ചിട്ടുണ്ട്. പ്രാണികള്‍ അടങ്ങിയ ഉത്പ്പന്നങ്ങള്‍ക്ക് ലേബല്‍ നിര്‍ബന്ധമാണ്. ഉത്പ്പന്നങ്ങള്‍ ഭക്ഷ്യ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും മാനദണ്ഡങ്ങള്‍ പാലിക്കാത്തവ വില്‍ക്കാന്‍ അനുവദിക്കില്ലെന്നും എസ്എഫ്എ അറിയിച്ചു. 2023 ഏപ്രിലില്‍, 16 ഇനം പ്രാണികളെ മനുഷ്യ ഉപഭോഗത്തിന് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ഇതിന് അനുമതി നിഷേധിച്ചിരുന്നു. 2024 ആദ്യ പകുതിയില്‍ ഇക്കാര്യത്തില്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുമെന്ന് എസ്എഫ്എ അറിയിച്ചിരുന്നു. മാംസത്തിന് ബദലായി പ്രാണികളെ ഉപയോഗിക്കാമെന്നും അവയില്‍ ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടെന്നും യുഎന്‍ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ കണ്ടെത്തിയിരുന്നു.