ഡൽഹി: നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി സുപ്രിംകോടതിയിൽ സമ്മതിച്ച് കേന്ദ്രം. ചോദ്യപേപ്പർ ചോർന്നത് അംഗീകരിക്കുന്നുണ്ടോ എന്ന ചീഫ് ജസ്റ്റിസിറ്റിന്റെ ചോദ്യത്തിന്, ഒരു പരീക്ഷാ കേന്ദ്രത്തിലാണ് ചോദ്യപേപ്പർ ചോർന്നതെന്നും അതിന്റെ ആനുകൂല്യം ലഭിച്ചവിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സോളിസിറ്റർ ജനറല്‍ മറുപടി നല്‍കി.
ചോദ്യപേപ്പർ ചോർച്ചക്ക് പിന്നിൽ ഒരു സംഘം ഉണ്ടെന്ന് ബിഹാർ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഒരേ പരീക്ഷാ കേന്ദ്രത്തിലെ ആറ് വിദ്യാർഥികൾക്ക് മുഴുവൻ മാർക്കും ലഭിച്ചു. പട്ണയിലെ ഒരു പരീക്ഷാ കേന്ദ്രത്തിൽ മാത്രമാണ് ചോദ്യപേപ്പർ ചോർച്ച ഉണ്ടായതെന്ന് കേന്ദ്രസർക്കാർ സമ്മതിച്ചു.
നീറ്റ് പരീക്ഷയുടെ പവിത്രത ഹനിക്കപ്പെട്ടെന്ന് സുപ്രിംകോടതി വിമർശിച്ചു. കുറ്റവാളികളെ തിരിച്ചറിയാൻ അധികാരികൾക്ക് കഴിയുന്നില്ലെങ്കിൽ വീണ്ടും പരീക്ഷ നടത്തണമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഉത്തരവിട്ടു. ചീഫ് ജസ്റ്റിസും ജസ്റ്റിസുമാരായ ജെ ബി പർദിവാലയും മനോജ് മിശ്രയും അടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുന്നത്.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിലും പുനഃപരീക്ഷ സംബന്ധിച്ചും നിലപാടറിയിക്കാൻ കേന്ദ്ര സർക്കാറിന് ഒരു ദിവസത്തെ സമയം അനുവദിച്ചു നൽകി. ചോദ്യപ്പേപ്പർ പുറത്തുപോയെന്ന് വ്യക്തമായ സ്ഥിതിക്ക് ചോർച്ചയുടെ വ്യാപ്തി കേന്ദ്രം കണ്ടെത്തണം. അഭിഭാഷകർ ഒരുമിച്ചിരുന്ന് വാദങ്ങൾ തയാറാക്കി കോടതിയിൽ സമർപ്പിക്കണമെന്നും കുറച്ചുപേർക്ക് മാത്രമെങ്കിൽ പരിമിത രീതിയിൽ പുനഃപരീക്ഷ നടത്താമെന്നും സുപ്രീം കോടതി പറഞ്ഞു.
പേപ്പർ ചോർന്നെന്ന് വ്യക്തമായിട്ടും അതിന്‍റെ വ്യാപ്തി കണ്ടെത്താനായോ എന്ന് കോടതി സർക്കാറിനോട് ചോദിച്ചു. ചോർച്ചയുടെ വ്യാപ്തി മനസ്സിലാക്കിയ ശേഷം മാത്രമേ പുനഃപരീക്ഷാ വേണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനാവൂ. എങ്ങനെയാണ് ചോദ്യപ്പേപ്പർ വിവിധ നഗരങ്ങളിലേക്ക് അയച്ചതെന്നും രണ്ട് സെറ്റ് ചോദ്യപ്പേപ്പറും ഒരാൾ തന്നെയാണോ തയാറാക്കിയതെന്നും കോടതി ചോദിച്ചു.
നീറ്റ് പരീക്ഷ റദ്ദാക്കി പുതിയ പരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളാണ് ആദ്യം കോടതിയുടെ പരിഗണനയിലെത്തിയത്. ക്രമക്കേട് നടന്നെന്നും ചോദ്യപ്പേപ്പർ ചോർന്നെന്നും ബിഹാർ പൊലീസിന്‍റെ അന്വേഷണത്തിൽ വ്യക്തമായെന്ന് ഹരജിക്കാർ ചൂണ്ടിക്കാണിച്ചു. പ്രിന്റിങ് പ്രസ്സുകളിൽനിന്ന് പേപ്പറുകൾ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് എങ്ങനെയാണ് എത്തിക്കുന്നതെന്നും കോടതി ചോദിച്ചു. വിഷയം പഠിക്കാൻ വിദഗ്ധ സമിതി വേണ്ടിവന്നേക്കാമെന്നും കോടതി വ്യക്തമാക്കി.
നീറ്റ് പരീക്ഷയിൽ സംഘടിതമായ തട്ടിപ്പാണ് നടന്നത്. പരീക്ഷയ്ക്ക് ഒരു ദിവസം മുമ്പേ ചോദ്യപേപ്പർ ചോർന്ന് ടെലഗ്രാമിൽ പ്രചരിച്ചുവെന്ന് സുപ്രിംകോടതിയിൽ ഹരജിക്കാർ ആരോപിച്ചു. 67 പേർക്കാണ് ഒന്നാം റാങ്ക് ലഭിച്ചത്. അസാധാരണമായ റാങ്ക് പട്ടികയാണിതെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. രാജ്യത്തെ കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന വിഷയമായിട്ടും എൻടിഎയുടെ ഭാഗത്ത് നിന്ന് ഒരു അനുകൂല നടപടിയും ഉണ്ടായില്ലെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. കേസ് ജൂലൈ 11ന് വീണ്ടും പരിഗണിക്കും.