തെൽഅവീവ്: ഹമാസുമായുള്ള ഏതൊരു കരാറും ഇസ്രായേലിന് തോൽവിയും അപമാനവും ആയിരിക്കുമെന്ന് ഇസ്രായേൽ ധനമന്ത്രി ബെസാലെൽ സ്മോട്രിച്ച്. വെടിനിർത്തൽ കരാറുമായി ബന്ധപെട്ട് പാർലമെന്റിലെ ചർച്ചക്കിടെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
“ഞങ്ങൾ ഹമാസിന് കീഴടങ്ങുന്ന കരാറിന്റെ ഭാഗമാകില്ല. ഈ കരാർ ഇസ്രായേലിന് തോൽവിയും അപമാനവും (ഹമാസ് നേതാവ്) യഹ്‌യ സിൻവാറിന്റെ വിജയവുമാണ്” -മന്ത്രി പറഞ്ഞു. ഈ കരാറിൽ ഉൾപ്പെടാത്ത 90 ബന്ദികളെ കൊലപ്പെടുത്താൻ ഇത് വഴിയൊരുക്കുമെന്ന് സ്മോട്രിച്ച് ആരോപിച്ചു. ആയിരങ്ങൾ കൊല്ലപ്പെടുന്ന അടുത്ത കൂട്ടക്കൊലക്കും കരാർ ഇടയാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ഹമാസും ഇസ്രായേലും മധ്യസ്ഥർ മുഖേന വെടിനിർത്തൽ കരാറിന്റെ പ്രാരംഭ ചര്‍ച്ച നടന്നിരുന്നു. ഇതിന്റെ തുടർചർച്ച ഈജിപ്തിലെ കെയ്റോയിലാണ് നടക്കുക. ഇതിനായി ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ ഷിൻ ബെറ്റിന്റെ തലവൻ കെയ്റോയിലേക്ക് പോകാനിരിക്കവേയാണ് സ്മോട്രിച്ചിന്റെ പ്രസ്താവന.
അതേസമയം, ഗസ്സയിൽ ഒക്ടോബർ ഏഴിന് ശേഷമുള്ള ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 38,193 പേർ കൊല്ലപ്പെട്ടതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. എന്നാൽ, യുദ്ധം കാരണം ഏകദേശം 1,86,000 പേരെങ്കിലും മരിച്ചിട്ടുണ്ടെന്നാണ് ലണ്ടൻ ആസ്ഥാനമായുള്ള ദെ ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നത്.
തകർന്ന കെട്ടിടങ്ങൾക്കിടിയിലും മറ്റു അവശിഷ്ടങ്ങൾക്കടിയിലുമായി നിരവധി പേരാണ് മരിച്ചുകിടക്കുന്നത്. ആരോഗ്യ സംവിധാനങ്ങൾ താറുമാറായതോടെ നിരവധി പേർ ചികിത്സ ലഭിക്കാതെ മരണപ്പെട്ടു. കൂടാതെ ഭക്ഷണവും മറ്റു സൗകര്യങ്ങളുടെ അഭാവവും കാരണം നിരവധി പേർക്ക് ജീവൻ നഷ്ടമായി. ഈ വിവരങ്ങൾ സർക്കാറിന്റെ ഔദ്യോഗിക കണക്കുകളില്ലാത്തതാണ്.
ഇസ്രായേൽ ആക്രമണം നേരിട്ട് ആഘാതമുണ്ടാക്കുന്നതിന് പുറമെ പരോക്ഷമായ ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. ഉടനടി യുദ്ധം അവസാനിച്ചാലും പലവിധ അസുഖങ്ങളും മറ്റും കാരണം വരും മാസങ്ങളിലും വർഷങ്ങളിലുമെല്ലാം യുദ്ധം മൂലമുള്ള മരണങ്ങൾ തുടരും.
ഗസ്സയിലെ അടിസ്ഥാന സൗകര്യങ്ങൾ തകർന്നതിനാൽ മരണസംഖ്യ വളരെ കൂടുതലാകുമെന്ന് പഠനം പറയുന്നു. ഭക്ഷണം, വെള്ളം, പാർപ്പിട സൗകര്യം എന്നിവക്കെല്ലാം ക്ഷാമമുണ്ട്. കൂടാതെ വിവിധ രാജ്യങ്ങൾ ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ ഏജൻസിക്കുള്ള ഫണ്ട് വെട്ടിക്കുറക്കുകയും ചെയ്തു.
നിലവിലുള്ള സംഘർഷത്തിൽ നേരിട്ടുള്ള മരണത്തേക്കാൾ മൂന്ന് മുതൽ 15 വരെ ഇരട്ടിയാണ് പരോക്ഷ മരണങ്ങൾ. അതിനാൽ തന്നെ 1.86 ലക്ഷത്തിന് മുകളിൽ ആളുകൾ മരിച്ചതായി പഠനം കണ്ടെത്തുന്നു. ഇത് യുദ്ധത്തിന് മുമ്പുള്ള ഗസ്സയിലെ ജനസംഖ്യയുടെ എട്ട് ശതമാനം വരും. 23 ലക്ഷമായിരുന്നു ഗസ്സയിലെ ജനസംഖ്യ. യുദ്ധത്തിലെ യഥാർഥ നാശനഷ്ടങ്ങളും മരണസംഖ്യയും രേഖപ്പെടുത്തേണ്ടത് ചരിത്രപരമായ ഉത്തരവാദിത്തമാണെന്നും പഠനം ചൂണ്ടിക്കാട്ടി.