Celebrities

‘കുട്ടികള്‍ അമ്മ ആരാണെന്ന് ചോദിച്ച് തുടങ്ങി’: ആശങ്ക വെളിപ്പെടുത്തി കരണ്‍ ജോഹര്‍-Karan Johar Reveals His Kids Have Started Asking Questions About Their Mother

മുംബൈ: തന്റെ മക്കള്‍ അവരുടെ അമ്മ ആരാണെന്ന് ചോദിച്ചു തുടങ്ങിയെന്ന് ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍. കരണിന് യാഷ്, റൂഹി എന്നിങ്ങനെ രണ്ട് കുട്ടികളാണ് ഉള്ളത്. 2017ലാണ് യാഷും റൂഹിയും ജനിക്കുന്നത്. 81 വയസ്സുള്ള കരണിന്റെ അമ്മ ഹിരൂ ജോഹറിനൊപ്പമാണ് കുട്ടികളെ വളര്‍ത്തുന്നത്.

കുട്ടികള്‍ തങ്ങളുടെ മാതാവെന്ന് കരുതി ഹിരു ജോഹറിനെയാണ് ഇതുവരെ ‘മമ്മ’ എന്ന് വിളിച്ചിരുന്നത്. എന്നാല്‍ അത് അവരുടെ അമ്മൂമ്മയാണ് എന്ന് അവര്‍ക്ക് മനസിലായി കഴിഞ്ഞു. ഈ പ്രതിസന്ധിയെ നേരിടാന്‍ കുട്ടികളുടെ സ്‌കൂള്‍ കൗണ്‍സിലറെ സമീപിച്ചിരുന്നുവെന്നും കരണ്‍ വെളിപ്പെടുത്തി. ജേര്‍ണലിസ്റ്റ് ഫെയ് ഡിസൂസ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഈക്കാര്യം കരണ്‍ വെളിപ്പെടുത്തിയത്.

‘പുരോഗമന കുടുംബമാണ് എന്റെത്. എന്നാല്‍ അവിടെ അസാധാരണമായ സാഹചര്യങ്ങള്‍ ഉണ്ടാകാം. അതിനാല്‍ കുട്ടികള്‍ ‘ഞാന്‍ ആരുടെ വയറ്റില്‍ ജനിച്ചു?’ എന്ന ചോദ്യവും എന്നോട് ചോദിക്കും. അമ്മ ശരിക്കും അമ്മയല്ല, അവര് ഞങ്ങളുടെ മുത്തശ്ശിയാണ് എന്ന് അവര്‍ക്ക് മനസിലായി. ഇത്തരം ഒരു പ്രശ്‌നം നേരിടാന്‍ അവരുടെ സ്‌കൂളിലെ കൗണ്‍സിലറെപ്പോലും കാണേണ്ടി വന്നു’ കരണ്‍ ജോഹര്‍ പറഞ്ഞു. 2017-ല്‍ വാടക ഗര്‍ഭധാരണത്തിലൂടെയാണ് ഇരുവരെയും കരണ്‍ ജോഹറിന് മക്കളായി ലഭിച്ചത്. താന്‍ സിംഗിള്‍ പേരന്റാണ് എന്ന് അദ്ദേഹം പ്രഖ്യാപിച്ചിച്ചിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ കുട്ടികള്‍ക്ക് 7 വയസ്സ് തികഞ്ഞു.

തന്റെ ചലച്ചിത്ര ജീവിതം ആരംഭിച്ചത് 1995 ല്‍ ഒരു അഭിനേതാവായി ഷാരൂഖ് ഖാന്‍ നായകനായി അഭിനയിച്ച ദില്‍വാലെ ദുല്‍ഹനിയ ലേ ജായെംഗേ എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷം അഭിനയിച്ചുകൊണ്ടാണ്. ഈ ചിത്രത്തില്‍ സംവിധായകനായ ആദിത്യ ചോപ്രയുടെ സഹസംവിധായകനുമായിരുന്നു കരണ്‍. കൂടാതെ ഈ ചിത്രത്തിന്റെ തിരക്കഥയിലും കരണ്‍ സാരമായ സംഭാവന നല്‍കിയിട്ടുണ്ട്. പിന്നീട് ഷാരൂഖ് ഖാനിനൊപ്പം ധാരാളം ചിത്രങ്ങള്‍ ചെയ്തു.1998 ല്‍ ആദ്യ ചിത്രം കുച്ച് കുച്ച് ഹോതാ ഹേ സംവിധാനം ചെയ്തു. ഈ ചിത്രം ആ വര്‍ഷത്തെ 8 ഫിലിംഫെയര്‍ പുരസ്‌കാരങ്ങള്‍ നേടി.