കൽപ്പറ്റ : നിയമം ലംഘിച്ച് വയനാട്ടിൽ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി കറങ്ങിയ ജീപ്പ് എംവിഡി തിരിച്ചറിഞ്ഞു. പല തവണ നിയമലംഘനത്തിന് പിടികൂടിയ ജീപ്പ് മലപ്പുറം മൊറയൂർ സ്വദേശി സുലൈമാന്റേതാണെന്ന് എംവിഡി കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് ആകാശ് തില്ലങ്കേരിയുടേയും കൂട്ടുാരുടേയും നമ്പർ പ്ലേറ്റില്ലാത്ത, രൂപമാറ്റം വരുത്തിയ ജീപ്പിൽ സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്രയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.
യാത്രയിൽ മോട്ടോർവാഹനവകുപ്പ് കേസെടുക്കും. വാഹനത്തിന് രജിസ്ട്രേഷൻ നമ്പറില്ല, രൂപമാറ്റംവരുത്തി, വാഹനമോടിച്ച ആകാശ് തില്ലങ്കേരി സീറ്റ് ബെൽറ്റ് ധരിച്ചില്ല എന്നിവ മുൻനിർത്തിയായിരിക്കും കേസ്. വാഹനം മലപ്പുറം മൊറയൂർ സ്വദേശി സുലൈമാന്റെ ഉടമസ്ഥതയിലുള്ളതാണെന്നും രജിസ്ട്രേഷൻ നമ്പർ കെ.എൽ. 10 ബി.ബി. 3724 ആണെന്നും കണ്ടെത്തിയിട്ടുണ്ട്.
ആകാശ് തില്ലങ്കേരി ഇൻസ്റ്റഗ്രാം റീൽ പങ്കുവെച്ചതോടെയാണ് യാത്ര വിവാദമായത്. പനമരം-മാനന്തവാടി റോഡിൽ പനമരം ടൗൺ, നെല്ലാറാട്ട് കവല, ആര്യന്നൂർനട എന്നിവിടങ്ങളിലൂടെ വാഹനം ഓടിക്കുന്നതാണ് വീഡിയോയിൽ. വാഹനത്തിന്റെ ടയറുകൾ ഉൾപ്പെടെ മാറ്റിവെച്ചതാണെന്നു വ്യക്തം. മറ്റൊരു ആഡംബരവാഹനത്തിൽ ഒപ്പം സഞ്ചരിച്ചവരാണ് ദൃശ്യം പകർത്തിയത്.
നിയമം പാലിക്കാതെയുള്ള യാത്രയിൽ നടപടിയെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ഫർസിൻ മജീദും മോട്ടോർവാഹനവകുപ്പിന് പരാതിനൽകി. അന്വേഷണത്തിൽ ഇതേവാഹനത്തിന്റെപേരിൽ സമാനകേസുകളുണ്ടെന്നു കണ്ടെത്തി. 2023 ഒക്ടോബറിൽ വയനാട്ടിൽനിന്നുതന്നെ വാഹനയുടമയ്ക്ക് ഇ-ചെലാൻ അയച്ചിട്ടുണ്ട്.