കൊച്ചി : നിയമം ലംഘിച്ചുള്ള ആകാശ് തില്ലങ്കേരിയുടെ ഡ്രൈവിങ്ങിൽ സ്വമേധയ കേസെടുക്കുമെന്നു ഹൈക്കോടതി. പൊതുസ്ഥലത്ത് ഉണ്ടാകാൻപോലും പാടില്ലാത്ത വാഹനം ഓടിക്കുന്നത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്നും ഹൈക്കോടതി വിമർശിച്ചു. നടപ്പാതകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിൽ കർശന നടപടിയുണ്ടാകുമെന്നും കോടതി വ്യക്തമാക്കി. അതിനിടെ, ആകാശ് തില്ലങ്കേരി ഓടിച്ച ജീപ്പിന്റെ ആർസി സസ്പെൻഡ് ചെയ്യാൻ മോട്ടർ വാഹന വകുപ്പ് നടപടി ആരംഭിച്ചു.
സ്വമേധയാ കേസെടുക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകി. രൂപമാറ്റം നടത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണം. ഇത്തരം വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം. നമ്പർ പ്ലേറ്റ് മാറ്റി വാഹനം ഓടിക്കുന്ന സംഭവങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ആകാശ് തില്ലങ്കേരിയുടെ നിയമലംഘനത്തിന് കൂടുതൽ നടപടികളിലേക്ക് കടക്കുമെന്ന് വയനാട് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. നിയമം ലംഘിച്ച് യാത്ര ചെയ്യുന്ന വീഡിയോ ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. വിവാദമായപ്പോൾ മാത്രമാണ് വാഹനവകുപ്പ് വിഷയത്തിൽ ഇടപെട്ടതെന്ന വ്യാപക വിമർശനവും ഉയർന്നിരുന്നു. ഇതിനിടെയാണ് നടപടി സ്വീകരിക്കുമെന്ന് വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്.
എന്തൊക്കെ നിയമലംഘനങ്ങൾ നടത്തിയെന്ന് മോട്ടോർ വാഹനവകുപ്പ് പരിശോധിക്കും. ഇതിന് ശേഷമായിരിക്കും നടപടിയുമായി മുന്നോട്ട് പോവുക. മലപ്പുറം സ്വദേശിയുടേതാണ് വാഹനം. അതുകൊണ്ട് തന്നെ കേസ് അവിടേക്ക് മാറ്റുമെന്നാണ് വിവരം. കർശന നിയമ നടപടികൾ തന്നെ സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്.