Health

തലയില്‍ പേന്‍ ശല്ല്യം ഉണ്ടോ? വീട്ടില്‍ തന്നെ പരീക്ഷിക്കാം ഈ നുറുങ്ങു വിദ്യകള്‍-You can get rid of head lice at home

ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന പ്രശ്‌നമാണ് പേന്‍ ശല്യം. വ്യക്തിശുചിത്വമില്ലായ്മയുടെയും വൃത്തിയില്ലാത്ത മുടിയുടെയും ലക്ഷണം കൂടിയാണ് തലയില്‍ പേന്‍ ശല്യം ഉണ്ടാവുന്നത്. കുട്ടികളിലാണ് ഇത് കൂടുതലായും കാണപ്പെടുന്നത്. മറ്റ് കുട്ടികളുമായി ഇടപഴകുന്നത് വഴി ഇത് പെട്ടന്ന് പടരാം. തലയോട്ടിയില്‍ നിന്ന് രക്തമൂറ്റി കുടിക്കുന്നതാണ് പേനുകളുടെ പ്രധാന ആഹാരം. അതുകൊണ്ട് ഇതൊരു നിസ്സാര പ്രശ്‌നമായി കാണരുത്.

പേനിന് ചാടാനോ പറക്കാനോ കഴിയില്ല. അവര്‍ക്ക് ഇഴയാന്‍ മാത്രമേ കഴിയൂ. അതിനാല്‍, ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത് സാധാരണയായി തലയില്‍ നിന്ന് നേരിട്ട് ബന്ധപ്പെടുന്നതിലൂടെയാണ്. ഒരു കുടുംബത്തിനുള്ളില്‍ അല്ലെങ്കില്‍ സ്‌കൂളുകള്‍, എന്നിവിടങ്ങളില്‍ അടുത്ത ബന്ധം പുലര്‍ത്തുന്ന കുട്ടികള്‍ക്കിടയില്‍ ഇത് പലപ്പോഴും കാണപ്പെടുന്നു.

താഴെ പറയുന്നതുപോലുള്ള സാധനങ്ങള്‍ പങ്കിടുമ്പോള്‍ തലയില്‍ പേന്‍ വരാനുള്ള സാധ്യത കൂടുന്നു;

  • ചീപ്പ്
  • തൊപ്പികള്‍ അല്ലെങ്കില്‍ സ്‌കാര്‍ഫുകള്‍
  • ടവലുകള്‍
  • ഹെല്‍മെറ്റുകള്‍
  • കിടക്കവിരി
  • ഹെയര്‍ ബ്രഷുകള്‍ അല്ലെങ്കില്‍ ഹെയര്‍ ആക്‌സസറികള്‍
  • ഹെഡ്‌ഫോണുകള്‍
  • വസ്ത്രങ്ങള്‍

പേന്‍ ശല്യം അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാന്‍ പറ്റുന്ന ചില നുറുങ്ങു വിദ്യകള്‍ ഇതാ..

  • വെളിച്ചെണ്ണ

അല്‍പം വെളിച്ചെണ്ണയില്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ മിക്സ് ചെയ്ത് ഇത് തലയില്‍ തേച്ച് പിടിപ്പിക്കാം. എട്ട് മണിക്കൂറിനു ശേഷം ഇത് ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയണം. ഇത്തരത്തില്‍ ആഴ്ചയില്‍ രണ്ട് തവണ ചെയ്യുക. ഇത് ചെയ്യുന്നതിലൂടെ തന്നെ പേന്‍ മുഴുവനായും പോവും എന്ന കാര്യത്തില്‍ സംശയം വേണ്ട.

  • വെളുത്തുള്ളി

തലയിലെ പേന്‍ ശല്യം മാറാന്‍ വെള്ളുത്തുള്ളി നല്ലതാണ്. എട്ടോ പത്തോ വെളുത്തുള്ളി എടുത്ത് പേസ്റ്റ് രൂപത്തിലാക്കി രണ്ടോ മൂന്നോ സ്പൂണ്‍ നാരങ്ങ നീര് മിക്സ് ചെയ്യുക. ഇത് തലയോട്ടിയില്‍ നല്ലതു പോലെ തേച്ച്പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് ചെറു ചൂടുവെള്ളത്തില്‍ മുടി കഴുകാവുന്നതാണ്. ഇതിന്റെ ഒറ്റതവണത്തെ ഉപയോഗം കൊണ്ട് തന്നെ പേന്‍ എല്ലാം വേരോടെ ഇല്ലാതാക്കാം

  • ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍ പേനിനെ കളയുന്നതില്‍ മുന്നിലാണ്. ടീ ട്രീ ഓയിലില്‍ ഷാമ്പൂ മിക്സ് ചെയ്ത് തല കഴുകുക. ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ഇത്തരത്തില്‍ ചെയ്യുക. ഒരു തേങ്ങ ചിരവിയെടുത്ത് പിഴിഞ്ഞ് തേങ്ങാപ്പാലെടുക്കുക. അതിലേക്ക് നാലു സ്പൂണ്‍ കുരുമുളക് പൊടിച്ചത് ചേര്‍ത്ത് തലയില്‍ നന്നായി തേച്ച്പിടിപ്പിച്ച് ഒരു തോര്‍ത്തുകൊണ്ട് തലയില്‍ ചുറ്റിക്കെട്ടുക. 15 മിനിട്ട് കഴിഞ്ഞ് തോര്‍ത്ത് മാറ്റിയാല്‍ അതില്‍ പേന്‍ പറ്റിപ്പിടിച്ചിരിക്കുന്നത് കാണാം.

  • ഒലീവ് ഓയില്‍

പേന്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയില്‍. ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് അല്‍പം ഒലീവ് ഓയില്‍ എടുത്ത് തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. രാവിലെ എഴുന്നേറ്റ് ഉടന്‍ കുളിക്കണം. ശേഷം ഒരു ചീപ്പ് കൊണ്ട് തല ചീകി പേനിനെ മുഴുവന്‍ എടുക്കാവുന്നതാണ്.

  • ഉപ്പ്

ഒരു സ്പൂണ്‍ ഉപ്പും ഒരു സ്പൂണ്‍ വിനാഗിരിയും ചേര്‍ത്ത് മുടിയില്‍ മസാജ് ചെയ്യുക. അരമണിക്കൂര്‍ കഴിഞ്ഞ് തല നല്ലപ്പോലെ കഴുകി കളയുക.

[മേല്‍ പറഞ്ഞിരിക്കുന്നവയില്‍ അലര്‍ജിയുളള പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കരുത്]