ന്യൂഡല്‍ഹി: ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് ചരിത്രം തിരുത്തി എഴുതാന്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ എം അനുകതിര്‍ സൂര്യ. സിവില്‍ സര്‍വീസ് ചരിത്രത്തില്‍ ആദ്യമായി ഉദ്യോഗസ്ഥയുടെ പേരും ലിംഗവും മാറ്റാന്‍ അനുമതി. നിലവില്‍ ഹൈദരാബാദില്‍ ജോയിന്റ് കമ്മീഷണറായി സേവനം അനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥയായ എം അനസൂയക്കാണ് ആണ് ഈ അനുമതി ലഭിച്ചിരിക്കുന്നത്. എം അനസൂയ എന്ന പേര് എം അനുകതിര്‍ സൂര്യ എന്നാക്കി മാറ്റാനും അതൊടൊപ്പം സ്ത്രീ എന്നുള്ളത് പുരുഷന്‍ എന്നാക്കി മാറ്റാനുമാണ് അനുവാദം ലഭിച്ചിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാരാണ് ഇക്കാര്യത്തില്‍ അനുകതിരിന് അനുമതി നല്‍കിയത്. ‘അഭ്യര്‍ത്ഥന പ്രകാരം, ഇനി മുതല്‍, എല്ലാ ഔദ്യോഗിക രേഖകളിലും ഈ ഉദ്യോഗസ്ഥന്‍ മിസ്റ്റര്‍ എം അനുകതിര്‍ സൂര്യ’ ആയി അംഗീകരിക്കപ്പെടും,’ ഉത്തരവില്‍ പറയുന്നു. 2016 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനാണ് അനുകതിര്‍. 2013 ഡിസംബറില്‍ ചെന്നൈയില്‍ അസിസ്റ്റന്റ് കമ്മീഷണറായാണ് അനുകതിര്‍ കരിയര്‍ ആരംഭിക്കുന്നത്.
തുടര്‍ന്ന് 2018-ല്‍ ഡെപ്യൂട്ടി കമ്മീഷണറായി സ്ഥാനക്കയറ്റം ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഹൈദരാബാദില്‍ തന്റെ നിലവിലെ പോസ്റ്റിംഗില്‍ ജോയിന്‍ ചെയ്തു. ചെന്നൈയിലെ മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ ബിരുദം പൂര്‍ത്തിയാക്കിയ അദ്ദേഹം 2023-ല്‍ ഭോപ്പാലിലെ നാഷണല്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ട് യൂണിവേഴ്സിറ്റിയില്‍ നിന്ന് സൈബര്‍ ലോ, സൈബര്‍ ഫോറന്‍സിക്സില്‍ പിജി ഡിപ്ലോമ എന്നിവയും കരസ്ഥമാക്കി.