ഹൈദരബാദ് : ഹോസ്റ്റലിൽ വിദ്യാർത്ഥികൾക്ക് വിളമ്പാൻ കൊണ്ടുവന്ന ചട്നിയിൽ നീന്തി കളിച്ച് ചുണ്ടെലി. ഹൈദരബാദിലെ സുൽത്താൻപൂരിലെ ജവഹർലാൽ നെഹ്റും ടെക്നോളജിക്കൽ സർവ്വകലാശാലയിലെ വിദ്യാർത്ഥികളാണ് ഇത്തരമൊരു അവസ്ഥ നേരിടേണ്ടി വന്നിരിക്കുന്നത്. ചട്നി കൊണ്ടുവന്ന വലിയ പാത്രത്തിനുള്ളിൽ നീന്തി പുറത്ത് ചാടാൻ ശ്രമിക്കുന്ന എലിയുടെ ഹ്രസ്വ വീഡിയോ ആണ് വിദ്യാർത്ഥികൾ പുറത്ത് വിട്ടിട്ടുള്ളത്. തയ്യാറാക്കി വച്ച ചട്നി മൂടി വയ്ക്കാതെ വന്നതോടെ വീണ എലിയാവാം ഇതെന്നാണ് വിദ്യാർത്ഥികൾ വിശദീകരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറലായതിന് പിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവം സർവ്വകലാശാലയിൽ വലിയ രീതിയിലുള്ള വിദ്യാർത്ഥി പ്രതിഷേധത്തിനാണ് കാരണമായിരിക്കുന്നത്. ഹോസ്റ്റൽ ഭക്ഷണത്തിന്റെ നിലവാരത്തേക്കുറിച്ച് ചർച്ചകൾ ഉയരാൻ സംഭവം കാരണമായിട്ടുണ്ട്.
പലപ്പോഴും രുചിയേക്കാൾ ഇത്തരം സംഭവങ്ങളാണ് ആശങ്ക ഉയർത്തുന്നതിന് കാരണമായിരിക്കുന്നതെന്നാണ് സമൂഹമാധ്യമങ്ങളിൽ വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണം. ഒരു തരത്തിലും ഭക്ഷണത്തിൽ ഇത്തരം സംഭവമുണ്ടാവുന്നത് വച്ച് പൊറുപ്പിക്കാൻ ആവില്ലെന്നാണ് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണം.