തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്ത് ആദ്യ കപ്പൽ ഇന്ന് നങ്കൂരമിടും. രണ്ടായിരം കണ്ടെയ്‌നറുകളുമായി എത്തുന്ന പടുകൂറ്റൻ കപ്പലാണ് ആദ്യം എത്തുന്നത്. നാളെ രാവിലെയാണ് കപ്പലിന്റെ ബെർത്തിംഗ് നടക്കുന്നത്. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്കിന്റെ ചാർട്ടേഡ് മദർഷിപ്പായ സാൻ ഫെർണാണ്ടോയാണ് വിഴിഞ്ഞം തുറമുഖത്ത് എത്തുന്നത്.
ട്രയൽ റണ്ണിന്റെ ഭാഗമായാണ് ചരക്ക് കപ്പൽ എത്തുക. ഇന്ന് അർദ്ധരാത്രി തന്നെ കപ്പൽ പുറംകടലിലെത്തും. വരുന്ന 12-ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് കപ്പലിന് സ്വീകരണം നൽകുന്നത്. ബെർത്തിംഗിന് ശേഷം നാളെ മുഴുവൻ കപ്പലിന് വിശ്രമം. 12-ന് രാവിലെ 10 മണിക്കാണ് വൻ സ്വീകരണം ഒരുക്കിയിരിക്കുന്നത്.
ടഗ് ബോട്ടുകൾ വാട്ടർ സല്യൂട്ട് നൽകും. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ, അദാനി പോർട്ട് അധികൃതർ, വിസിൽ അധികൃതർ എന്നിവർ ചേർന്ന് കപ്പലിനെ സ്വാഗതം ചെയ്യും. തിരുവനന്തപുരത്തെ എംപിമാരും എംഎൽഎമാരും ചടങ്ങിൽ പങ്കെടുക്കും.
കപ്പലിലെ മുഴുവൻ ചരക്കും തുറമുഖത്തിറക്കി അന്ന് തന്നെ കപ്പൽ തിരിക്കും. ഫീഡർ കപ്പലുകൾ എത്തിയാണ് ചരക്കുകൾ മറ്റ് തുറമുഖങ്ങളിലേക്ക് കൊണ്ടുപോകുന്നത്.