ബാബ രാംദേവും കൂട്ടാളി ബാലകൃഷ്ണനും ചേര്‍ന്ന് രൂപീകരിച്ച പതഞ്ജലിയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് സുപ്രീം കോടതി വിലക്കേര്‍പ്പെടുത്തിയതോടെ തെളിയുന്നത് ഏറെ നാളായി കേട്ടിരുന്ന ആരാപണങ്ങളുടെ സത്യാവസ്ഥയിലേക്കാണ്. ഏപ്രില്‍ ലൈസന്‍സ് റദ്ദാക്കിയ 14 ഉല്‍പ്പന്നങ്ങള്‍ വീണ്ടും വിപണയില്‍ എത്തിച്ചതിനെത്തുടര്‍ന്ന് പതഞ്ജലി ഗ്രൂപ്പിനോട് അവയുടെ വില്‍പ്പന നിറുത്താനാണ് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയത്. ഒട്ടും ഗുണ നിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കപ്പെട്ടത് മാധ്യമങ്ങളില്‍ വന്‍ പരസ്യങ്ങള്‍ നല്‍കിയും സോഷ്യല്‍ മീഡിയയില്‍ക്കൂടി വ്യാജ ഉറപ്പുകള്‍ നല്‍കിയുമാണ്. കണ്ണുകളുടെ സുരക്ഷയ്ക്കായി പുറത്തിറക്കിയ ദൃഷ്ടി ഐ ഡ്രോപ്പ്, രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കാനുള്ള ബിപി ഗ്രിറ്റ്, ചുമ ശ്വാസ തടസമുള്‍പ്പടെയുള്ള ശ്വാസകോശ അസുഖങ്ങള്‍ക്കുള്ള വതി ബ്രോങ്കോമും സ്വാസാരി ഗോള്‍ഡ് ടാബ്ലറ്റുകളും, കുടല്‍ രോഗങ്ങളും മലശോധനയുമായി ബന്ധപ്പെട്ട ലിപിഡിയോം, കരള്‍ രോഗങ്ങള്‍ക്കായുള്ള ലിവോ ഗ്രിറ്റ് ഉള്‍പ്പടെ പതിനാല് പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയാണ് സുപ്രീം കോടതി തടഞ്ഞിരിക്കുന്നത്.
ഇതേത്തുടര്‍ന്ന് തങ്ങളുടെ 5600 ഫ്രാഞ്ചൈസി സ്റ്റോറുകളോട് ആ 14 ഉല്‍പ്പന്നങ്ങള്‍ ഉടന്‍ വില്‍ക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പതഞ്ജലി കോടതിയെ അറിയിച്ചു. കൂടാതെ, ഈ ഉല്‍പ്പന്നങ്ങളുടെ എല്ലാ പരസ്യങ്ങളും നീക്കം ചെയ്യാന്‍ നിരവധി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളോടും മറ്റ് പരസ്യ പ്ലാറ്റ്ഫോമുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. പരസ്യങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് നല്‍കിയ നിര്‍ദേശം പാലിച്ചോ ഇല്ലയോ എന്ന് വ്യക്തമാക്കി രണ്ട് ആഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഉത്തരാഖണ്ഡില്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സാണ് ഏപ്രിലില്‍ റദ്ദാക്കിയത്. ഇക്കാര്യം പതഞ്ജലി ആയുര്‍വേദ ഗ്രൂപ്പ് സുപ്രീം കോടതിയെ അറിയിച്ചു. സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെയായിരുന്നു ഉത്തരാഖണ്ഡ് അധികൃതര്‍ പതഞ്ജലിക്കെതിരെ നടപടിയെടുത്തത്. ഏപ്രിലില്‍ സസ്പെന്‍ഡ് ചെയ്ത 14 ഉല്‍പന്നങ്ങളുടെ നിര്‍മ്മാണ ലൈസന്‍സ് പതഞ്ജലി ആയുര്‍വേദ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ബാബാ രാംദേവ് ചൊവ്വാഴ്ച സുപ്രീം കോടതിയെ അറിയിച്ചു.
ഒട്ടും ഗുണനിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ഇറക്കി വന്‍ തുക പരസ്യങ്ങള്‍ക്കായി ചെലവഴിച്ച് ഉപഭോക്താക്കളെ കബളിപ്പിക്കുന്ന പതഞ്ജലിക്കെതിരെ നേരത്തെയും ആരോപണങ്ങള്‍ വന്നിരുന്നു. രാഷ്ട്രീയ സ്വാധീനത്തിന്റെ മറവില്‍ നിരവധി ഉപഭോക്താക്കല്‍ നല്‍കിയ പരാതികളിന്മേല്‍ യാതൊരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുതിര്‍ന്നിട്ടില്ല. ഇന്റേണല്‍ കംപ്ലേയിന്റ് അഥോറിറ്റി ആരോപണങ്ങള്‍ പരിശോധിക്കുകയാണന്ന മറുപടിയാണ് ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ ഉന്നയിക്കുന്ന മാധ്യമങ്ങള്‍ക്കടക്കം പതഞ്ജലി ഗ്രൂപ്പ് നല്‍കുന്നത്. കുറഞ്ഞ തുകയ്ക്കാണ് ഈ മരുന്നുകള്‍ വില്‍പ്പന നത്തിയിരുന്നത്. അതില്‍ നിന്നും തന്നെ ഉല്‍പ്പന്നങ്ങളുടെ ഗുണ നിലവാരം ചോദ്യം ചെയ്യപ്പെട്ടിരുന്നു. കേരളത്തില്‍ പ്രമുഖ പത്രമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വ്യാപക പരസ്യം നല്‍കിയാണ് പതഞ്ജലി മാര്‍ക്കറ്റ് പിടിച്ചത്. ആയൂര്‍വേദ ഉല്‍പ്പന്നങ്ങള്‍ എന്ന ലേബലില്‍ വന്നതിനാല്‍ വലിയ പാര്‍ശ്വഫലങ്ങള്‍ ഒന്നുമുണ്ടാകില്ലെന്ന് ജനങ്ങളെ വിശ്വസിപ്പിച്ചു. ഒരു ഗുണവുമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചവര്‍ ഇനി എന്തു ചെയ്യുമെന്ന ആശങ്കയിലാണ്. ഗുണനിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ ആയിരുന്നതിനാല്‍ അവ ദീര്‍ഘകാലം ഉപയോഗിച്ചവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന് ഐഎംഎ വ്യക്തമാക്കുന്നു.
വില്‍പ്പന നിറുത്തിയ 14 ഇങ്ങള്‍ ഇവയാണ്:
സ്വസാരി ഗോള്‍ഡ്
സ്വസാരി
വതി ബ്രോങ്കോം
സ്വസരി പ്രവാഹി
സ്വസാരി പത്രം
മുക്ത വതി അധിക ശക്തി
ലിപിഡിയോം
ബിപി ഗ്രിറ്റ്
മധുഗ്രിത്
മധുനാശിനി വതി അധിക ശക്തി
ലിവാമൃത് അഡ്വാന്‍സ്
ലിവോഗ്രിറ്റ്
ഐഗ്രിറ്റ് ഗോള്‍ഡ്
പതഞ്ജലി ദൃഷ്ടി ഐ ഡ്രോപ്പ്
ജസ്റ്റിസുമാരായ ഹിമ കോലിയും സന്ദീപ് മേത്തയും അടങ്ങുന്ന സുപ്രീം കോടതി ബെഞ്ചാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) രജിസ്റ്റര്‍ ചെയ്ത ഹര്‍ജി പരിഗണിച്ചത്. കോവിഡ്-19 വാക്സിനും സമകാലിക മെഡിക്കല്‍ നടപടിക്രമങ്ങള്‍ക്കുമെതിരെ പതഞ്ജലി നിഷേധാത്മക പ്രചാരണം നടത്തിയെന്ന് അസോസിയേഷന്‍ ആരോപിച്ചു. ജൂലായ് 30ന് ബെഞ്ച് കേസ് വീണ്ടും പരിഗണിക്കും. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ (ഐ & ബി മന്ത്രാലയം) ബ്രോഡ്കാസ്റ്റ് സേവാ സൈറ്റിലൂടെ സ്വയം പ്രഖ്യാപനങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രക്ഷേപകര്‍ക്ക് മേയ് മാസത്തില്‍ കോടതി നിര്‍ദ്ദേശം നല്‍കി. അച്ചടി മാധ്യമ പരസ്യങ്ങള്‍ക്കായി ഈ സ്വയം പ്രഖ്യാപന ഫോമുകള്‍ സമര്‍പ്പിക്കുന്നതിന് ഫെഡറല്‍ ഗവണ്‍മെന്റ് ഒരു പുതിയ പോര്‍ട്ടല്‍ സ്ഥാപിക്കാന്‍ അത് നിര്‍ബന്ധിച്ചു. റേഡിയോ, ടിവി, ഇന്റര്‍നെറ്റ് എന്നിവയ്ക്കായുള്ള അസോസിയേഷനുകള്‍ നടപടിക്രമങ്ങളില്‍ ചേരാന്‍ അപേക്ഷകള്‍ സമര്‍പ്പിച്ചു. കൂടാതെ, പരസ്യദാതാക്കളുടെ താല്‍പ്പര്യങ്ങള്‍ സംബന്ധിച്ച്, എന്തെങ്കിലും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും മുതിര്‍ന്ന ഐ ആന്‍ഡ് ബി അംഗങ്ങളെയും കാണാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിഷയത്തില്‍ ഉപഭോക്തൃകാര്യ മന്ത്രാലയത്തോട് ഇടപെടണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Supreme Court orders stop sale of 14 products of Patanjali, founded by Baba Ramdev and associate Balakrishnan