Kerala

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ വര്‍ധിക്കുന്നു: പ്രതികളാകുന്നത് സി.പി.എം നേതാക്കളും പാര്‍ട്ടി ബന്ധുക്കളും; ടി.പിയെ കൊന്നിട്ടും വാശി തീരാതെ കെ.കെ രമയെ സി.പി.എം സമൂഹമാധ്യമങ്ങളിലൂടെ കൊന്നുകൊണ്ടിരിക്കുന്നു /Violence against women and children on the rise: CPM leaders and party relatives are accused; Despite killing TP, CPM continues to kill KK Rama through social media.

കാപ്പ കേസില്‍ ഉള്‍പ്പെട്ട ക്രിമിനലിനെ മാലയിട്ട് പാര്‍ട്ടിയിലേക്ക് സ്വീകരിച്ച ആരോഗ്യമന്ത്രിയാണ് നിലപാടിനെ കുറിച്ച് പഠിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന അതിക്രമങ്ങളെ കുറിച്ചാണ് കെ.കെ രമ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ആക്രമണങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ചു വരികയാണെന്ന് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വാക്കൗട്ട് പ്രസംഗത്തില്‍ പറഞ്ഞു. ആരോഗ്യ മന്ത്രി പറഞ്ഞതു പോലെ ഒരു നിലപാട് നമുക്ക് എല്ലാവര്‍ക്കും ആവശ്യം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നിലപാടെടുക്കണം. നമ്മുടെ മക്കളെ പോലെയും കുടുംബാംഗങ്ങളെ പോലെയും അവരെ കാണാനാകണം. അരൂരില്‍ 19 വയസുകാരിയായ ദളിത് പെണ്‍കുട്ടി പരാതി നല്‍കിയിട്ടും പൊലീസ് അന്വേഷിച്ചില്ല.

പ്രതികളുടെ ഭാഗത്ത് നിന്നും കുടുംബത്തിനുള്‍പ്പെടെ ഭീഷണിയുണ്ടെന്നും സഹായിക്കണമെന്നുമായിരുന്നു പരാതി. പരാതി നല്‍കി 48 മണിക്കൂര്‍ കഴിഞ്ഞിട്ടും ഒരു അന്വേഷണവുമുണ്ടായില്ല. 19 വയസുകാരിയായ ദളിത് പെണ്‍കുട്ടി നേരിട്ട് പോയി പരാതി നല്‍കിയിട്ടും അന്വേഷിക്കാന്‍ തയാറാകാത്ത പൊലീസ് സ്റ്റേഷന്‍ അടച്ചു പൂട്ടണം. ആരെ സംരക്ഷിക്കാനാണ് നിങ്ങളുടെ പൊലീസ്? 19 വയസുകാരിയായ പെണ്‍കുട്ടിയെ മകളെ പോലെ കണ്ട് അപ്പോള്‍ തന്നെ പോയി അന്വേഷിക്കണ്ടെ. അന്വേഷിക്കാത്തതാണ് അക്രമത്തിന് ഇടയാക്കിയത്. സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും വലിയ വാര്‍ത്തയായപ്പോഴാണ് കേസെടുത്തതും രണ്ടു പേരെ അറസ്റ്റു ചെയ്തതും. എന്നാല്‍ പ്രധാനപ്പെട്ട പ്രതിയെ ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. അയാള്‍ സി.പി.എം പ്രവര്‍ത്തകനാണ്.

വേണമെങ്കില്‍ നടപടി എടുത്തോളാന്‍ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി പറഞ്ഞിട്ടുണ്ടെന്നാണ് മന്ത്രി പറഞ്ഞത്. അതില്‍ വലിയ സന്തോഷം. പാര്‍ട്ടി പ്രാദേശിക നേതൃത്വം അനുമതി നല്‍കിയിട്ടുണ്ടെന്ന് മന്ത്രിയാണ് നിയമസഭയില്‍ പറഞ്ഞത്. ഇത് വലിയ അനുവാദമാണ്. തെരുവിലാണ് ഒരു പെണ്‍കുട്ടി ആക്രമിക്കപ്പെട്ടതും അവരുടെ വസ്ത്രം വലിച്ചു കീറിയതും. പ്രതികളുടെ രാഷ്ട്രീയം നോക്കാതെ ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്നാണ് ഈ ചര്‍ച്ചയിലൂടെ പ്രതിപക്ഷം ആവശ്യപ്പെടുന്നത്. കൊച്ചിന്‍ സര്‍വകലാശാലയില്‍ നടന്ന സംഭവത്തെ കുറിച്ച് എന്തു രസമായിട്ടാണ് മന്ത്രി പറഞ്ഞത്. കമ്മിറ്റിക്ക് പരാതി നല്‍കിയപ്പോള്‍ തന്നെ അത് പൊലീസിന് കൈമാറിയെന്നുമാണ് മന്ത്രി പറഞ്ഞത്. മാര്‍ച്ച് ഒന്നിന് രാത്രിയിലാണ് സംഭവം നടക്കുന്നത്. കഴിഞ്ഞ ദിവസമാണ് കേസെടുത്തത്. സി.പി.എം അനുകൂല അധ്യാപക സംഘടന സര്‍ക്കിള്‍ ഇന്‍സ്പെടര്‍ക്ക് ഒരു പരാതി നല്‍കി. ‘വിഷയം മാപ്പ് പറയലോടെ തീര്‍ന്നു എന്ന് കരുതിയെങ്കിലും പിന്നീടത് വിഷയമായി.

ഒരു സംഘം അധ്യാപകനായ ബേബിയുടെ വീട് അന്വേഷിച്ച് നടക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ അഞ്ച് മണിക്ക് ഒരു ജീപ്പ് നിറയെ ആളുകള്‍ ആലുവ ഭാഗത്ത് നിന്നും കാമ്പസിലെത്തി. അന്വേഷണത്തില്‍ ആലുവ എസ്.എഫ്.ഐ ഏരിയാ കമ്മിറ്റി അംഗങ്ങളാണ് സംഘത്തിലുണ്ടായിരുന്നത്. അതുപ്രകാരം ഓഫീസിലെത്തിയ ഡോ. ബേബിയെ യൂത്ത് വെല്‍ഫെയര്‍ ഓഫീസില്‍ തള്ളിക്കയറിയ എസ്.എഫ്.ഐ നേതാക്കള്‍ അടങ്ങിയ സംഘം ക്രൂരമായി ആക്രമിച്ചു. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ എത്തിയ ഗുണ്ടാ സംഘവും പ്രശ്നവുമായി ബന്ധപ്പെട്ട പെണ്‍കുട്ടിയും അക്രമത്തില്‍ പങ്കാളിയായി.’- ഇങ്ങനെയാണ് പരാതിയില്‍ പറയുന്നത്. സാധാരണ എസ്.എഫ്.ഐക്കാരെ കുറിച്ച് മോശമല്ലെ പറയുന്നത്. ഞാന്‍ നല്ലതാണ് പറയുന്നത്. ഈ സംഭവം നടന്നതിന്റെ പിറ്റേ ദിവസം വെളുപ്പിന് എസ്.എഫ്.ഐക്കാര്‍ ഇയാള്‍ അടികൊടുത്തു. ഇത്രയും സംഭവങ്ങള്‍ ഉണ്ടായിട്ടും നിങ്ങളുടെ ആളുകള്‍ അതില്‍ കേസെടുത്തില്ല.

കാരണം ബേബി പാര്‍ട്ടിക്കാരനാണ്. കുട്ടികളുടെ ക്ഷേമം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനാണ് ബേബി. കറക്ട് ആളിന്റെ കയ്യിലാണ് കുട്ടികളുടെ ക്ഷേമം അന്വേഷിക്കാന്‍ കൊടുത്തിരിക്കുന്നത്. വ്യാജ പരാതി നല്‍കിയ പെണ്‍കുട്ടിക്കും ഡോ. ബേബിയെ ആക്രമിച്ച ഗുണ്ടകള്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നുമാണ് നിങ്ങളുടെ അധ്യാപക സംഘടന നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിലപാട് വേണം സര്‍, നിലപാട്. ഇതാണ് നിലപാട്. ക്ലാര്‍ക്കിന് മുകളിലുള്ള പോസ്റ്റില്‍ എത്തിയ ബേബി ഒരു അര്‍ഹതയുമില്ലാതെ സ്റ്റുഡന്റ് വെല്‍ഫെയര്‍ ഡയറക്ടറായി. കുറെക്കാലം കഴിഞ്ഞപ്പോള്‍ ആ പോസ്റ്റ് ടീച്ചിങ് പോസ്റ്റാക്കണമെന്ന് ബേബി ആവശ്യപ്പെട്ടു. അപ്പോള്‍ തന്നെ സര്‍വകലാശാല സ്റ്റാറ്റിയൂട്ട് ഭേഗദതി വരുത്തി നോണ്‍ ടീച്ചിങ് പോസ്റ്റ് ടീച്ചിങ് പോസ്റ്റാക്കി മാറ്റി. എന്നിട്ട് 11 വര്‍ഷത്തെ മുന്‍കാല പ്രാബല്യത്തോടെ യു.ജി.സി ശമ്പളം നല്‍കി. അയാളാണ് ഈ പ്രതി. നിലപാട് വേണം സര്‍, നിലപാട്.

കാലടി ശ്രീശങ്ക കേളജില്‍ 20 പെണ്‍കുട്ടികളുടെ ഫോട്ടോയാണ് അശ്ലീല ഹാന്‍ഡിലുകളില്‍ ഇട്ടത്. പെണ്‍കുട്ടികള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സ്റ്റേഷനില്‍ എത്തിയ പ്രതിയെ 15 മിനിട്ട് പോലും ഇരുത്താതെ ജാമ്യത്തില്‍ വിട്ടയച്ചു. അത് നിലപാടാണ് സര്‍, നിലപാട്. മക്കളെ പോലെയുള്ളവരുടെ ചിത്രം അശ്ലീല സൈറ്റുകളില്‍ ഇട്ടവനെയാണ് 15 മിനിട്ട് പോലും ഇരുത്താതെ നടപടിക്രമം വേഗം പൂര്‍ത്തിയാക്കി ജാമ്യം നല്‍കിയത്. അതാണ് സര്‍ നിലപാട്. കെ.കെ രമയെ അധിക്ഷേപിച്ചതു പോലെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിക്കപ്പെട്ട വേറെ ഏതെങ്കിലും ഒരു സ്ത്രീയുണ്ടോ? രമയെ അധിക്ഷേപിച്ച് ഇട്ട കമന്റുകള്‍ എന്റെ കയ്യിലുണ്ട്. പക്ഷെ ഞാന്‍ വായിക്കില്ല. വായിക്കാന്‍ പറ്റില്ല. 51 വെട്ടു വെട്ടി ടി.പിയെ കൊന്നിട്ടും നിങ്ങളുടെ വാശി തീരാതെ കെ.കെ രമയെ നിങ്ങള്‍ വീണ്ടും സമൂഹമാധ്യമങ്ങളിലൂടെ കൊന്നുകൊണ്ടിരിക്കുകയാണ്. അത് നിങ്ങളുടെ നിലപാടാണോ?

ഈ തിരഞ്ഞെടുപ്പ് കാലത്ത് കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകന്‍ ഇട്ടൊരു കമന്റുണ്ട്. മുന്‍ എം.എല്‍.എയായ അമ്മയുടെ പോസ്റ്റില്‍ കയറിയാണ് ഈ മകന്‍ കമന്റിട്ടിരിക്കുന്നത്. അത് വായിക്കാന്‍ പറ്റില്ല. കാരണം അതൊക്കെ നിലപാടാണ്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ വച്ച് പെണ്‍കുട്ടിയെ ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. പരാതി നല്‍കിയപ്പോള്‍ ആ ജീവനക്കാരന്‍ അവിടെ ഉണ്ടായിരുന്നുവെന്ന് ഒരു ജീവനക്കാരി മൊഴി നല്‍കി. അതിന്റെ പേരില്‍ ആ ജീവനക്കാരിയെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയ ആളാണ് ഈ ആരോഗ്യമന്ത്രി. കേരള ഹൈക്കോടതി ഇടപെട്ടിട്ടാണ് ഈ ജീവനക്കാരിയെ വീണ്ടും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി നിയമിച്ചത്. കോടതി ഉത്തരവുമായി വന്ന ജീവനക്കാരിയെ ഏഴ് ദിവസം മെഡിക്കല്‍ കോളജിന് മുന്നില്‍ ഇരുത്തിയ ആരോഗ്യ മന്ത്രിയാണിത്.

12 ക്രിമിനല്‍ കേസിലും കാപ്പ കേസിലും പ്രതിയായ ക്രിമിനലിനെ മാലയിട്ട് പാര്‍ട്ടിയിലേക്ക് സ്വീകരിച്ച ആരോഗ്യമന്ത്രിയാണ് നിലപാടിനെ കുറിച്ച് പ്രതിപക്ഷത്തെ പഠിപ്പിക്കുന്നത്. എ.ഐ.എസ്.എഫിന്റെ സംസ്ഥാന വൈസ് പ്രസിഡന്റിനെ അധിക്ഷേപിക്കുകയും കേട്ടാല്‍ അറയ്ക്കുന്ന തെറി പറയുകയും ചെയ്ത ആളെ നിങ്ങള്‍ എന്ത് പ്രമോഷന്‍ നല്‍കിയാണ് എസ്.എഫ്.ഐ സെക്രട്ടറിയാക്കിയത്. അത് നിലപാടാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണം. പ്രധാനപ്പെട്ട കേസുകളിലൊക്കെ നിങ്ങള്‍ പാര്‍ട്ടിക്കാരും പാര്‍ട്ടി ബന്ധുക്കളും പ്രതികളാണ്. അവരെ സംരക്ഷിക്കരുത്. വണ്ടിപ്പെരിയാറിലും അതല്ലേ സംഭവിച്ചത്. ആറ് വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കിയ ഡി.വൈ.എഫ്.ഐക്കാരനെ പൊലീസ് സംരക്ഷിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ വര്‍ധിച്ചു വരുന്ന അതിക്രമത്തില്‍ നടപടി എടുക്കാത്തത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് ചെയ്യുകയാണെന്നും പ്രതിപക്ഷ നേതാവ് നിയമസഭയില്‍ പറഞ്ഞു.

CONTENT HIGHLIGHTS;Violence against women and children on the rise: CPM leaders and party relatives are accused; Despite killing TP, CPM continues to kill KK Rama through social media.