അബുദാബി : നാല് വയസുകാരി റസിയ ഖാന് അച്ഛൻ ഇമ്രാൻ ഖാൻ കരൾ പകുത്തു നൽകിയപ്പോൾ എഴുതിയത് ചരിത്രം. യുഎഇ യിൽ കുട്ടികളിലെ ആദ്യ ലിവർ ട്രാൻസ്പ്ലാൻറ് സ്വീകർത്താവായ റസിയ അപൂർവ കരൾ രോഗത്തെയാണ് കരൾ മാറ്റ ശസ്ത്രക്രിയയിലൂടെ അതിജീവിച്ചത്. രാജ്യത്ത്, ജീവിച്ചിരിക്കുന്ന ദാതാവിൽ നിന്ന് കരൾ സ്വീകരിച്ചു നടത്തുന്ന കുട്ടികളിലെ ആദ്യ ശസ്ത്രക്രിയ കൂടിയാണിത്. അബുദാബിയിലെ ബുർജീൽ മെഡിക്കൽ സിറ്റിയിൽ (ബിഎംസി) നടത്തിയ കരൾമാറ്റ ശസ്ത്രക്രിയ യുഎഇയുടെ മെഡിക്കൽ മേഖലയിൽ സുപ്രധാന നാഴികക്കല്ലാണ്. ഇന്ത്യയിലെ ഹൈദരാബാദിൽ നിന്നും യുഎഇ യിൽ പതിനാലു വർഷങ്ങൾ മുമ്പ് എത്തിയതാണ് റസിയയുടെ കുടുംബം.
മറ്റൊരു മകളെ കൂടെ നഷ്ടപെടാതിരിക്കാനുള്ള മുൻകരുതൽ പ്രോഗ്രസീവ് ഫാമിലിയൽ ഇൻട്രാഹെപാറ്റിക് കൊളസ്റ്റാസിസ് ടൈപ്പ് 3 (Progressive Familial Intrahepatic Cholestasis type 3) എന്ന അപൂർവമായ ജനിതക കരൾ രോഗം വെല്ലുവിളിയായി റസിയയുടെ ജീവിതത്തിൽ എത്തിയത് ജനിച്ചു മൂന്നാം മാസമാണ്. ജനിതക മാറ്റം മൂലമുണ്ടാകുന്ന ഈ അവസ്ഥ പിത്തരസത്തിലെ ആസിഡുകളുടെയും മറ്റു ഘടകങ്ങളുടെയും രൂപീകരണത്തിലും സ്രവണത്തിലും അസാധാരണത സൃഷ്ടിക്കുന്നതിലൂടെ ആത്യന്തികമായി കരളിന് കേടുപാടുകൾ വരുത്തും.
വളർച്ച മുരടിക്കൽ, കരൾ സംബദ്ധമായ സങ്കീർണതകൾ എന്നീ ലക്ഷണങ്ങളോടെ പ്രത്യക്ഷപ്പെടുന്ന ഈ അവസ്ഥയെ മറികടക്കാനുള്ള ഏക മാർഗം കരൾ മാറ്റിവയ്ക്കൽ മാത്രമാണ്. മൂന്ന് വർഷം മുമ്പ് തങ്ങളുടെ ആദ്യ മകളെ ഇതേ അവസ്ഥയിൽ നഷ്ടപ്പെട്ട റസിയയുടെ മാതാപിതാക്കൾക്ക് ഈ രോഗത്തിന്റെ വിനാശകരമായ ഫലങ്ങളെക്കുറിച് കൃത്യമായ ധാരണയുണ്ടായിരുന്നു.