കൊച്ചി: ഇടപാടുകാർക്ക് വൈവിധ്യമാര്‍ന്ന ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ബജാജ് അലയന്‍സ് ലൈഫുമായി ബാങ്കഷ്വറന്‍സ് പങ്കാളിത്തതിന് ഫെഡറല്‍ ബാങ്ക് ധാരണയിലെത്തി. ഈ പങ്കാളിത്തത്തിലൂടെ ഫെഡറല്‍ ബാങ്ക് ഇടപാടുകാർക്ക് ദീര്‍ഘകാല സാമ്പത്തിക സുരക്ഷാ ലക്ഷ്യങ്ങള്‍ക്കനുസരിച്ചുള്ള ലൈഫ് ഇന്‍ഷുറന്‍സ് പ്ലാനുകള്‍ തിരഞ്ഞെടുക്കാനാകും. ബജാജ് അലയന്‍സ് ലൈഫിന്റെ എല്ലാ ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളും ഇന്ത്യയിലുടനീളമുള്ള ഫെഡറല്‍ ബാങ്ക് ശാഖകള്‍ വഴി ലഭിക്കും.
ഫെഡറല്‍ ബാങ്കിന്റേയും ബജാജ് അലയന്‍സ് ലൈഫിന്റേയും കരുത്ത് ഒന്നിച്ചുചേരുന്ന മികച്ച സേവനമാണ് ഈ പങ്കാളിത്തത്തിലൂടെ ഇടപാടുകാർക്ക് ലഭിക്കുക. വിപണി വിപൂലീകരണവും ഇന്‍ഷുറന്‍സ് വ്യാപനവും ലക്ഷ്യമിടുന്ന ഇരു കമ്പനികള്‍ക്കും ഈ സഹകരണം പ്രയോജനപ്പെടും.
ബജാജ് അലയന്‍സ് ലൈഫുമായുള്ള കോര്‍പറേറ്റ് ഏജന്‍സി ബാങ്കഷ്വറന്‍സ് പങ്കാളിത്തത്തിലൂടെ ബാങ്കിന്റെ ശാഖകൾ വഴി മികച്ച ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ ഏവർക്കും ലഭ്യമാക്കാനാണ് ഫെഡറല്‍ ബാങ്ക് ലക്ഷ്യമിടുന്നത്. ബുദ്ധിപൂർവം നിക്ഷേപിക്കാനും സാമ്പത്തിക ഭാവി സുരക്ഷിതമാക്കാനും ഇടപാടുകാർക്ക് ഇതിലൂടെ സാധിക്കുമെന്നു കരുതുന്നതായും ഫെഡറല്‍ ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്റും കണ്‍ട്രി ഹെഡുമായ പി വി ജോയ് പറഞ്ഞു.
ഫെഡറല്‍ ബാങ്കിന്റെ രാജ്യത്തുടനീളമുള്ള വിപുലമായ ശൃംഖല വഴി ഞങ്ങളുടെ സമഗ്രമായ ലൈഫ് ഇന്‍ഷുറന്‍സ് പ്ലാനുകള്‍ കൂടുതല്‍ പേരിലെത്തിക്കുകയാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ബജാജ് അലയന്‍സ് ലൈഫ് ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഒഫീസര്‍ ധീരജ് സേഗാള്‍ പറഞ്ഞു.