മുന്‍ ക്രിക്കറ്റ് താരവും ഇന്ത്യന്‍ ടീം ക്യാപ്ടനുമായിരുന്ന മുഹമ്മദ് അസ്ഹറുദ്ദീനും ഭാര്യയും മകനും മതം മാറിയോ. അസ്ഹറുദ്ദീന്റെ കുടുംബം ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ചതായി സമൂഹ മാധ്യമങ്ങളില്‍ നിരവധി പോസ്റ്റുകള്‍ പ്രചരിക്കുകയാണ്. കാശിയിലെ ആര്യസമാജ ക്ഷേത്രത്തില്‍ വെച്ച് മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീന് തന്റെ ഭാര്യയ്ക്കും മകനുമൊപ്പം ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ചു. സനാതന_ധര്‍മ്മം സ്വീകരിച്ചു. രാഷ്ട്രീയ സ്വയംസേവക് സംഘം (ആര്.എസ്.എസ്) എന്നാണ് പ്രചരിക്കുന്ന പോസ്റ്റുകള്‍ക്കൊപ്പമുള്ള കുറിപ്പ്. ഇത് സത്യമാണോ ?. അതോ അസത്യ വാര്‍ത്തയാണോ എന്ന് അന്വേഷിച്ചപ്പോള്‍ ലഭിച്ച വിവരം. ഫേക്ക് ന്യൂസ് ആണെന്നാണ്.
ലഭ്യമായ വിവരങ്ങളും പ്രസക്തമായ കീവേഡുകളുടെയും സഹായത്തോടെ പരിശോധിച്ചെങ്കിലും മുഹമ്മദ് അസ്ഹറുദ്ദീനും കുടുംബവും ഹിന്ദുമതത്തിലേക്ക് മാറിയതുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയും കണ്ടെത്താനായില്ല. എന്നാല്‍ ലഭിച്ച മറ്റൊരു റിപ്പോര്‍ട്ടില്‍ വാരണാസിയിലെ ഭോജ്ബീറിലെ ആര്യസമാജ് ക്ഷേത്രത്തില്‍ മുസ്ലിം ദമ്പതികള്‍ ഹിന്ദുമതം സ്വീകരിച്ചെന്ന വിവരം ലഭിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ചന്ദൗലി പ്രദേശവാസിയായ മുഹമ്മദ് അസ്ഹറുദ്ദീന് ഭാര്യയ്ക്കും മകനുമൊപ്പം സനാതന്‍ ധര്‍മ്മം സ്വീകരിച്ചെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
Chandauli സ്വദേശിയായ മുഹമ്മദ് അസ്ഹറുദ്ദീന്റെ പേര് ഡബ്ല്യു.സിംഗും ഭാര്യയുടെ പേര് റിസ്വാനയില്‍ നിന്ന് ഗുഡിയ സിംഗ് ആയും മകന്റെ പേര് മുഹമ്മദ് രാജില്‍ നിന്ന് രാജ് സിംഗ് ആയും മാറ്റിയിട്ടുണ്ട്. സനാതന പാരമ്പര്യത്തിന്റെ സ്വാധീനത്തിലാണ് ഞങ്ങളുടെ കുടുംബം ഈ മതം സ്വീകരിച്ചതെന്ന് കുടുംബം പറയുന്നുണ്ട്. ഇത് ഞങ്ങളുടെ ആഗ്രഹമാണ്, ഇതില്‍ ഒരു തരത്തിലുള്ള സമ്മര്‍ദ്ദവും ഇല്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മറ്റൊരു റിപ്പോര്‍ട്ടിലും ചന്ദൗലിയിലെ ബിച്ചിയ ഗ്രാമത്തിലെ താമസക്കാരനായ മുഹമ്മദ് അസ്ഹറുദ്ദീന് ഭാര്യയോടും മകനോടുമൊപ്പം സനാതന്‍ ധര്‍മ്മം സ്വീകരിച്ച് ഡബ്ല്യു.സിംഗ് എന്ന് പേരുമാറ്റിയെന്ന് കണ്ടെത്തി.
കൂടാതെ ക്രിക്കറ്റര്‍ അസ്ഹറുദ്ദീന് ഹൈദരാബാദ് സ്വദേശിയാണ്. ഈ റിപ്പോര്‍ട്ടുകളില്‍ നിന്ന് മതം മാറിയത് ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീനല്ലെന്നും ഉത്തര്‍പ്രദേശിലെ ചന്ദൗലിയില്‍ താമസിക്കുന്നയാളാണെന്നും വ്യക്തമായിട്ടുണ്ട്. ഹിന്ദുമതം സ്വീകരിച്ച വ്യക്തി പ്രശസ്ത ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീനല്ല. അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കണ്ടെത്തി.
CONTENT HIGHLIGHTS;Former Indian cricketer Azharuddin converted?: What is the truth of the news?