എപ്പോഴും എവിടെപ്പോയാലും താമസിക്കാൻ പഴയ ബെഡോയിൻ ഗോത്രരീതിയിലുള്ള ആഢംബര കൂടാരം, അംഗരക്ഷകരായി ഇരുപതോളം സുന്ദരികളും കന്യകകളുമായ വനിതാ സൈനികർ, പടിഞ്ഞാറിനെതിരെ നിരന്തരം തീതുപ്പുന്ന നിലപാടുകളും പ്രസംഗങ്ങളും – അതാണ് കേണൽ മുഅമ്മർ ഗദ്ദാഫി എന്ന ലോകരാഷ്ട്രീയത്തിലെ ശ്രദ്ധേയനായ ഏകാധിപതി. 1942ലായിരുന്നു ഗദ്ദാഫിയുടെ ജനനം. ലിബിയൻ മരുഭൂമിയിൽ സ്ഥാപിച്ച ഒരു പരമ്പരാഗത ഗോത്രക്കൂടാരത്തിൽ. അക്കാലത്ത് ലിബിയ ഇറ്റലിയുടെ ഒരു കോളനിരാജ്യമായിരുന്നു. ഗദ്ദാഫിയുടെ കുടുംബം ഉൾപ്പെട്ട അൽ ഗദ്ദഫ ലിബിയയിലെ പ്രബലമായ ഗോത്രമായിരുന്നു. 1951 ഇറ്റാലിയൻ ഭരണത്തിൽ നിന്നു മുക്തമായ ലിബിയയെ ഭരിച്ചത് ഇദ്റിസ് എന്ന രാജാവാണ്.പാശ്ചാത്യചേരിയോട് വ്യക്തമായ അടുപ്പം സൂക്ഷിച്ചിരുന്ന ആളായിരുന്നു ഇദ്റിസ്. സ്‌കൂൾ പഠനകാലം മധ്യപൂർവേഷ്യയിലെ രാഷ്ട്രീയ ചലനങ്ങളിലേക്കും ഗദ്ദാഫിയുടെ ശ്രദ്ധ തിരിച്ചു. കെയ്‌റോയിൽ നിന്ന് പ്രസിദ്ധപ്പെടുത്തിയിരുന്ന ‘വോയ്‌സ് ഓഫ് ദ അറബ്‌സ്’ എന്ന പത്രം അന്നത്തെ പ്രധാന സംഭവങ്ങളെ എല്ലാം യഥാസമയം ഗദ്ദാഫിയിലേക്ക് എത്തിച്ചു.
1948 -ൽ അറബ്-ഇസ്രായേൽ യുദ്ധം, 1952 -ലെ ഈജിപ്ഷ്യൻ വിപ്ലവം എന്നിവയെപ്പറ്റി ഗദ്ദാഫി പത്രങ്ങളിലൂടെ അറിഞ്ഞു .1961ൽ ബെൻഗാസിയിലെ സൈനിക കോളജിൽ പരിശീലനത്തിനു ചേർന്ന ഗദ്ദാഫി താമസിയാതെ സൈനികക്കുപ്പായം അണിയുകയും സൈനികറാങ്കുകളിൽ പടിപടിയായി ഉയരുകയും ചെയ്തു. അക്കാലത്ത് ഈജിപ്തിൽ നടന്ന അറബ് ദേശീയ മുന്നേറ്റങ്ങളിൽ ഗദ്ദാഫി ആകൃഷ്ടനായിരുന്നു. ഈജിപ്ഷ്യൻ നേതാവ് ഗമാൽ അബ്ദുൽ നാസർ ഗദ്ദാഫിയുടെ മാനസ ഗുരുവായി മാറി.അന്ന് ലിബിയ ഭരിച്ചിരുന്ന ഇദ്രിസ് രാജാവിന്റെ ജനപ്രീതി ഇടിഞ്ഞുനിന്ന കാലമായിരുന്നു അത്. 1969 സെപ്റ്റംബർ ഒന്നിന്, രാജാവ് തുർക്കി-ഗ്രീസ് സന്ദർശനത്തിനും തിരുമ്മു ചികിത്സക്കുമായി വിദേശത്തായിരുന്ന തക്കം പാർത്ത് ഗദ്ദാഫിയും സഹ വിപ്ലവകാരികളും ചേർന്ന് രാജഭരണത്തെ ലിബിയയിൽ നിന്ന് തൂത്തുനീക്കി. രാജ്യത്ത് അവശേഷിച്ചിരുന്ന രാജാവിന്റെ ബന്ധുക്കളും മറ്റും ഗദ്ദാഫിയെ ഭയന്ന് ഒരക്ഷരം മിണ്ടിയില്ല. അങ്ങനെ രക്തരൂഷിതമല്ലാത്ത ഒരു വിപ്ലവത്തിലൂടെ ഗദ്ദാഫി രാജ്യത്തിന്റെ അധികാരം പിടിച്ചെടുത്തു. രാജാവ് തിരികെ വരാതെ ഗ്രീസ് വഴി ഈജിപ്തിലെത്തി അവിടെ അഭയം തേടി.
ആദ്യകാലത്തു തന്നെ പ്രഖ്യാപിത ശത്രുക്കളായ യുഎസിന്റെയും ബ്രിട്ടന്റെയും സൈനികകേന്ദ്രങ്ങൾ ഗദ്ദാഫി അടച്ചുപൂട്ടി.ലിബിയയിലെ അളവറ്റ എണ്ണസമ്പത്ത് ദേശസാത്കരിക്കാനും തുടരുന്ന വിദേശ എണ്ണക്കമ്പനികൾ വൻതോതിൽ സർക്കാരിനു കപ്പം നൽകുവാനും ഗദ്ദാഫി കൽപനയിറക്കി. ലിബിയൻ സാമ്പത്തികരംഗത്തെ ഒരു പുതിയ ഉണർവിലേക്ക് ഈ നീക്കങ്ങൾ തള്ളിവിട്ടെന്നതിൽ തർക്കമില്ല.എന്നാൽ താമസിയാതെ തന്നെ ഏകാധിപത്യത്തിന്റെ പ്രവണതകൾ ഗദ്ദാഫി പുറത്തുകാട്ടി തുടങ്ങി.മദ്യവും, മദിരാക്ഷിയും, ചൂതാട്ടവുമെല്ലാം നിരോധിച്ചുകൊണ്ടുള്ള കർശനമായ ഇസ്ലാമിക നിയമങ്ങൾ രാജ്യത്ത് നടപ്പിൽ വരുത്തി. ഇറ്റാലിയൻ, ജൂത പാരമ്പര്യമുണ്ടായിരുന്ന സകല ലിബിയൻ പൗരന്മാരെയും കഴുത്തിന് പിടിച്ച് പുറന്തള്ളി. അത്രയും കാലം വൈദേശിക ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ലിബിയയിലെ എണ്ണപ്പാടങ്ങളുടെ നിയന്ത്രണം നേരിട്ട് ഏറ്റെടുത്തു. അത്യാഢംബര കാറുകളിൽ വൻ വാഹന വ്യൂഹത്തിന്റെ അകമ്പടിയോടെ എത്തുന്ന ഗദ്ദാഫി. പരമ്പരാഗത ബെഡോയിൻ ശൈലിയിൽ കണ്ണഞ്ചിപ്പിക്കുന്ന വസ്ത്രധാരണം. ഇവയെല്ലാം പാശ്ചാത്യ മാധ്യമങ്ങൾക്ക് ആഘോഷിക്കാനുള്ള വക നൽകിയെങ്കിലും മറ്റൊരു കാര്യമാണ് ഏറ്റവും ശ്രദ്ധേയമായത്, ആമസോൺ ഗാർഡ്.
ഗദ്ദാഫിയുടെ അംഗരക്ഷകർ സ്ത്രീകളായിരുന്നു. കൃത്യമായി പറഞ്ഞാൽ സൈനികവേഷം ധരിച്ച കന്യകകളായ സുന്ദരിമാർ. മേഖലയിൽ നിന്നുള്ള മറ്റൊരു ഭരണാധികാരിയും ഇത്തരം അംഗരക്ഷകരെ ഉപയോഗിച്ചിരുന്നില്ല. അതിനാൽ തന്നെ പാശ്ചാത്യ മാധ്യമങ്ങൾ ഇവരെ പറ്റി വാർത്തകൾ നൽകിക്കൊണ്ടേയിരുന്നു. ഒരു പേരും മാധ്യമങ്ങൾ ഈ ഗ്രൂപ്പിനു ചാർത്തിക്കൊടുത്തു…ആമസോൺ ഗാർഡ്. അറബ് പുരുഷൻമാർ സ്ത്രീകളെ ആക്രമിക്കാൻ മടിക്കുമെന്നും അതിനാൽ തന്നെ സ്ത്രീകൾ തനിക്കുചുറ്റും അംഗരക്ഷകരായുള്ളത് അപകടസാധ്യത കുറയ്ക്കുമെന്നും ഗദ്ദാഫി വിശ്വസിച്ചിരുന്നു.എന്നാൽ 1998ൽ ഗദ്ദാഫിക്കു നേരെ ആക്രമണം നടക്കുക തന്നെ ചെയ്തു. ഈ വധശ്രമത്തിൽ നിന്ന് ആമസോൺ ഗാർഡിലെ ഒരു വനിത ഗദ്ദാഫിയെ രക്ഷിച്ചത്രേ.സ്വന്തം ജീവൻ ഇതിനിടയിൽ അവർക്കു നഷ്ടമാകുകയും ചെയ്തു. പക്ഷേ അതോടെ ആമസോൺ ഗാർഡിന് വലിയ വീര പരിവേഷം ലിബിയയിൽ ലഭിച്ചു. ഗ്രീൻ ബുക്ക് എന്ന പുസ്തകത്തിൽ ലിബിയയെ താൻ എങ്ങനെയൊക്കെ ഉയർത്തിക്കൊണ്ടുവരുമെന്നും സാമ്പത്തിക, ഭരണ നയങ്ങളൊക്കെ എങ്ങനെ നടപ്പാക്കുമെന്നുമൊക്കെ വിവരിച്ച് ഗദ്ദാഫി എഴുതിയെങ്കിലും ലിബിയൻ ഭരണം ഗദ്ദാഫി, കുടുംബാംഗങ്ങൾ, അനുചരർ എന്നിവരിൽ മാത്രം ഒതുങ്ങി നിന്നു.
തൊണ്ണൂറുകൾ മുതൽ ഗദ്ദാഫിയും പാശ്ചാത്യരാജ്യങ്ങളുമായുള്ള ബന്ധത്തിൽ മഞ്ഞുരുക്കം സംഭവിച്ചു തുടങ്ങി. ലിബിയയ്ക്കുള്ളിൽ തന്നെ തനിക്കെതിരെ ഉയരുന്ന എതിർചേരിയെ കെട്ടിയിടാൻ യുഎസുമായുള്ള ബന്ധം തന്നെ സഹായിക്കുമെന്ന് ഗദ്ദാഫി കരുതി. ഗദ്ദാഫി രാജ്യാന്തര വേദികളിലും കൂടിക്കാഴ്ചകളിലുമൊക്കെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. നാലുപതിറ്റാണ്ട് ഉരുക്കുകൈയുപയോഗിച്ച് ഭരിച്ച ഗദ്ദാഫിയുടെ ഭരണം കേവലം ഒരു വർഷം കൊണ്ടാണ് അന്ത്യവിധി നേടിയത്. ഒരു നാറ്റോ ആക്രമണത്തിൽ ഗദ്ദാഫിയുടെ മകനും മരിച്ചു. ഓഗസ്റ്റോടെ ഗദ്ദാഫിയുടെ കരുത്ത് പൂർണായും ചോർന്നു. 2011 ഒക്ടോബർ 20.. ഗദ്ദാഫി കൊല്ലപ്പെട്ടു. ജന്മസ്‌ഥലമായ സിർത്തിൽ, ദേശീയപാതയിലെ മലിനജലക്കുഴലുകളിൽ ഒന്നിൽ ഒളിച്ചിരിക്കുമ്പോഴാണ് ഗദ്ദാഫിയെ വിമതർ കണ്ടെത്തിയതും വെടിവച്ചുകൊന്നതും. തന്നെ കൊല്ലാൻ വരുന്നവരോട് ജീവനായി കേണപേക്ഷിക്കുന്നതിന്റെയും മർദ്ദനമേൽക്കുന്നതിന്റെയുമൊക്കെ ദൃശ്യങ്ങൾ പിന്നീട് പ്രചരിച്ചിരുന്നു.