തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കൂടുന്നു. സർക്കാർ ആശുപതികളിൽ ഇന്ന് 13600 പേർ പനിക്ക് ചികിത്സ തേടി. പനി ബാധിച്ച് മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തു.
മലപ്പുറത്ത് ആണ് പനി ബാധിതർ കൂടുതൽ. 2537 പേരാണ് പനിക്ക് ചികിത്സ തേടിയത്. തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ആയിരത്തിന് മുകളിലാണ് പ്രതിദിന രോഗ ബാധിതരുടെ എണ്ണം.
സംസ്ഥാനത്ത് 164 പേർക്ക് ഡെങ്കിപനി സ്ഥിരീകരിച്ചു. 470 പേർക്ക് ഡെങ്കി പനി സംശയിക്കുന്നുണ്ട്. ഡെങ്കി ബാധിതർ കൂടുതൽ കൊല്ലം ജില്ലയിലാണ്. 52 പേർക്ക് ഡെങ്കി പനി സ്ഥിരീകരിച്ചു. 45 പേർക്ക് H1N1 , 24 പേർക്ക് മഞ്ഞപിത്തവും സ്ഥിരീകരിച്ചു. രണ്ട് മരണങ്ങൾ പനി മൂലവും ഒരാൾ വയറിളക്ക രോഗം മൂലം മരിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു.
നെയ്യാറ്റിൻകരയിലെ സ്വകാര്യ സ്ഥാപനത്തിൽ രണ്ട് പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന രണ്ട് പേരുടെ സാമ്പിളാണ് പോസിറ്റീവായത്. ഇതോടെ മൂന്ന് പേർക്കാണ് ഈ സ്ഥാപനത്തിൽ കോളറ സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള ഏല്ലാവരുടെയും ആരോഗ്യനില തൃപ്തികരമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിവരം. രോഗ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല. ഈ മാസം ഇതോടെ നാല് കോളറ കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. നേരത്തെ കാസർകോട് ഒരു കേസ് സ്ഥിരീകരിച്ചിരുന്നു.
രോഗം സ്ഥിരീകരിച്ച പ്രദേശത്ത് പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തിട്ടുണ്ട്. ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. രോഗബാധ സ്ഥിരീകരിക്കുകയോ സംശയം തോന്നുകയോ ചെയ്താൽ അവരെ ആവശ്യമെങ്കിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കും.
സംസ്ഥാനത്ത് പകർച്ചവ്യാധി നിയന്ത്രണത്തിന് റാപ്പിഡ് റെസ്പോൺസ് ടീം രൂപീകരിച്ചിട്ടുണ്ട്. ഡി.എം.ഒയുടെ നേതൃത്വത്തിൽ 15 അംഗ സംഘമായാകും ടീമുകൾ പ്രവർത്തിക്കുക.