Celebrities

ഉലകനായകന്‍ കമലഹാസന് ജോജു ജോര്‍ജിന്റെ സ്‌നേഹവിരുന്ന്-Kamal Haasan shared the pictures of Joju George’s gift

ഒരേസമയം അഭിനേതാവും രാഷ്ട്രീയ പ്രവര്‍ത്തകനുമാണ് കമല്‍ ഹാസന്‍. ഇന്ത്യന്‍ ചലച്ചിത്ര രംഗത്തെ ബഹുമുഖ പ്രതിഭയായി അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. കമല്‍ ഹാസന്‍ അഭിനയത്തിനു പുറമെ ഗായകനായും തമിഴ് സിനിമയില്‍ നിര്‍മ്മാതാവ് എന്ന നിലയിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കൂടുതലായും തമിഴ് സിനിമകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ള ഇദ്ദേഹം തമിഴിനു പുറമെ, ഹിന്ദി, മലയാളം തുടങ്ങിയ ഇതര ഭാഷാ ചിത്രങ്ങളിലും അഭിനയിച്ച് തന്റെ അഭിനയ ചാതുര്യം തെളിയിച്ചിട്ടുണ്ട്. നാലു ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 19 ഫിലിംഫെയര്‍ പുരസ്‌കാരങ്ങളും ഉള്‍പ്പെടെ ധാരാളം ബഹുമതികള്‍ക്ക് അര്‍ഹനായിട്ടുണ്ട്.

കമല്‍ഹാസന്റെ വരാനിരിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. കമല്‍ഹാസന്‍ തിരക്കഥയെഴുതി മണിരത്നം സംവിധാനം ചെയ്യുന്ന ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ഡ്രാമ ചിത്രമാണ് തഗ് ലൈഫ്. രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ , മദ്രാസ് ടാക്കീസ് , റെഡ് ജയന്റ് മൂവീസ് എന്നിവര്‍ സംയുക്തമായാണ് ഇത് നിര്‍മ്മിക്കുന്നത്. സിലംബരശന്‍ , തൃഷ കൃഷ്ണന്‍, അഭിരാമി ഗോപികുമാര്‍, നാസര്‍, ജോജു ജോര്‍ജ് , ഐശ്വര്യ ലക്ഷ്മി , അശോക് സെല്‍വന്‍, സന്യ മല്‍ഹോത്ര , അലി ഫസല്‍, പങ്കജ് ത്രിപാഠി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇപ്പോളിതാ സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടയിലെ ഒരു സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഉലകനായകന്‍ കമല്‍ഹാസന് ജോജു ജോര്‍ജ് സ്‌നേഹവിരുന്ന് നല്‍കിയിരിക്കുകയാണ്. സംവിധായകന്‍ ചിദംബരത്തിനൊപ്പം കമല്‍ഹാസനെ നേരില്‍ കണ്ടപ്പോഴാണ് പ്രിയതാരത്തിന് ഇഷ്ടമുള്ള വിഭവങ്ങള്‍ ഫുഡ് ക്യാരിയറിലാക്കി ജോജു സമ്മാനിച്ചത്. ‘ക്യാരിയേഴ്‌സ് ഓഫ് ലവ് ഫ്രം ജോജു’ എന്ന അടിക്കുറിപ്പോടെ കമല്‍ഹാസന്‍ ചിത്രങ്ങള്‍ പങ്കുവച്ചു. അഞ്ചു ഫുഡ് ക്യാരിയറിലായി സ്‌പെഷല്‍ ഊണ് ആണ് കമല്‍ഹാസനായി ജോജു നല്‍കിയത്. ബോബി സിംഹ, സിദ്ധാര്‍ഥ്, ചിദംബരം എന്നിവരും ജോജുവിനൊപ്പം കമല്‍ഹാസനുമായുള്ള കൂടിക്കാഴ്ചയില്‍ ഉണ്ടായിരുന്നു. ഇവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും കമല്‍ഹാസന്‍ സ്വന്തം പേജില്‍ പങ്കുവച്ചു. തഗ് ലൈഫ് എന്ന ചിത്രത്തില്‍ കമല്‍ഹാസനൊപ്പം ജോജുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.