ഒരു വലിയ മലയുടെ മുകളിലേക്ക് കല്ലുകൾ ബദ്ധപ്പെട്ട് ഉരുട്ടിക്കയറ്റി മുകളിലെത്തുമ്പോൾ അത് താഴേക്കിട്ട് കൈകൊട്ടി ചിരിക്കുന്ന നാറാണത്തു ഭ്രാന്തൻ , ജീവിതത്തിന്റെ ഉയർച്ചതാഴ്ച്ചകളെ പുഞ്ചിരിയോടെ സ്വീകരിച്ച യോഗി എന്ന് തന്നെ പറയാം നാറാണത്ത് ഭ്രാന്തനെ.കേവലം ഒരു ഭ്രാന്തന്‍ എന്നതിലുപരി ഒരു അവതാരമായാണ് അദ്ദേഹത്തെ സങ്കല്‍പിച്ചു പോരുന്നത്.മനുഷ്യന്റെ അർഥമില്ലാത്ത ചിന്തകൾക്കും മൂല്യമില്ലാത്ത പെരുമാറ്റങ്ങൾക്കും തക്ക മറുപടി നല്കി ഒരു അവതാരമെന്നോണം ജീവിച്ചിരുന്ന നാറാണത്തു ഭ്രാന്തന്റെ കഥകൾ എന്നും അതിശയിപ്പിക്കുന്നതും അതോടൊപ്പം ചിന്തിപ്പിക്കുന്നതുമാണ്. അദ്ദേഹത്തിനു ദേവി ദർശനം ലഭിച്ച ഇടം എന്ന നിലയിൽ പ്രസിദ്ധമായ രായിരനെല്ലൂർ ഇന്ന് കേരളത്തിലെ പ്രധാനപ്പെട്ട തീർഥാടന കേന്ദ്രങ്ങളിലൊന്നാണ്. നാറാണത്ത് വളര്‍ന്നത് ചെന്തല്ലൂരെ നാരായണ മംഗലത്ത് ഇല്ലത്താണെന്നാണ് വിശ്വാസം. പിന്നീട് പഠനത്തിനായി രായിരനല്ലൂരുള്ള തിരുവേഗപ്പുറം ഇല്ലത്തും വന്നു.
ചെറുപ്പത്തിലെ അസാധാരണ പെരുമാറ്റത്തിന് ഉടമയായ നാറാണത്ത് രായിരനെല്ലൂര്‍ മലയിലേക്ക് കല്ലുരുട്ടി തന്റെ പെരുമാറ്റ വൈചിത്രം ആവര്‍ത്തിച്ചു. നാറാണത്ത് കല്ലുരുട്ടിക്കയറ്റിയ രായിരനെല്ലൂര്‍ മല ചരിത്രമായി. തുലാം ഒന്നിന് രായിരനെല്ലൂര്‍ മലകയറിയാല്‍ കുട്ടികളുടെ വിദ്യാതടസം നീങ്ങി ഭാഗ്യദേവത അനുഗ്രഹിക്കുമെന്ന് വിശ്വാസം. പട്ടാമ്പിയില്‍ നിന്നും കൊപ്പം വളാഞ്ചേരി റൂട്ടില്‍ ഒന്നാന്തി പടിയില്‍ നിന്നാണ് രായിരനെല്ലൂര്‍ മലകയറ്റം തുടങ്ങുന്നത്. അറിവ് ആരാധനയാകുന്ന ക്ഷേത്രമാണ് രായിരനല്ലൂര്‍ ദേവീക്ഷേത്രം. രായിരനെല്ലൂർ മലയിൽ ഒരിക്കൽ അദ്ദേഹത്തിനു മുന്നിൽ ദേവി എത്തിയത്രെ. മലമുകളിലേക്ക് ആയാസപ്പെട്ട് കല്ലുകയറ്റിക്കൊണ്ടിക്കുമ്പോളാണ് ദേവി മുന്നിൽപെടുന്നത്. അദ്ദേഹത്തിനെ കണ്ടു പേടിച്ച ദേവി അവിടെ നിന്നും ഓടി മറഞ്ഞു എന്നും ദേവിയുടെ കാല്പ്പാട് അവിടെ പാറയിൽ പതിഞ്ഞു എന്നുമാണ് വിശ്വാസം. പിന്നീട് ദേവി ഭൂമിക്കടിയിലേക്ക് മറഞ്ഞു എന്നുമാണ് വിശ്വാസം. ഇവിടെയാണ് ആളുകൾ തീർഥാടനത്തിനായി എത്തുന്നത്.
നാല് കുന്നുകള്‍ക്ക് നടുവിലാണ് രായിരനല്ലൂര്‍ മല. മുത്തശ്ശിയാര്‍ കുന്ന്, ചളമ്പ്രകുന്ന്, പടവെട്ടികുന്ന്, ഭ്രാന്താചലം എന്നിവയാണവ. മലയുടെ അടിവാരത്താണ് നാരായണമംഗലത്തുമന. ഇവിടെനിന്ന് ഒരംഗം എല്ലാദിവസവും മലകയറി രായിരനല്ലൂര്‍ ക്ഷേത്രത്തില്‍ എത്തും. നൂറ്റാണ്ടുകളായി തുടരുന്ന ആചാരം. നാറാണത്ത് ഭ്രാന്തന് തുലാം മാസം ഒന്നാം തീയതിയാണ് ദേവിയുടെ ദർശനം ലഭിച്ചത് എന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ അന്നേ ദിവസം മലകയറാനായി ധാരാളം പേർ ഇവിടെ എത്തിച്ചേരുന്നുണ്ട്.തെളിയാത്ത ബുദ്ധിക്ക് ഉടമയായിരുന്ന നാറാണത്തിന് ബുദ്ധി തെളിഞ്ഞത് മലമുകളിലെ ദേവീദര്‍ശനത്തിന് ശേഷമായിരുന്നുവത്രെ. അതിനാല്‍ ഇവിടെ തുലാം ഒന്നിന് എത്തിയാല്‍ ബുദ്ധി തെളിയുമെന്ന് വിശ്വാസം. ഒരു തുലാം ഒന്നിന് മലമുകളിലെ ആലില്‍ ഊഞ്ഞാലാടുന്ന ദേവിയെ ഭ്രാന്തന്‍ കണ്ടുവെന്നും അവിടെ അദ്ദേഹം പൂജതുടങ്ങിയെന്നുമാണ് പരമ്പരാഗതമായ വിശ്വാസം. നാറാണത്തുഭ്രാന്തന്‍ പൂജനടത്തിയ മലമുകളില്‍ ആമയൂര്‍ നാണാണത്തു മംഗലത്തുകാര്‍ പിന്നെ ക്ഷേത്രം പണിതു.
കുന്നിനുമുകളില്‍ ഐതീഹ്യപ്പഴമയിലെ അതികായന്റെ പ്രതിമയും സ്ഥാപിച്ചു. ഭ്രാന്തനെ കണ്ട് ദേവി ഓടിമറഞ്ഞ സ്ഥലത്ത് ദേവിയുടെ കാല്പാടുകൾ പതിഞ്ഞിട്ടുണ്ട്. ഇതിൽ ഭ്രാന്തൻ പൂജ നടത്തി. അതാണ് ഇന്ന് ഇവിടെ ആരാധിക്കപ്പെടുന്നത്. കൂടാതെ ആറാമത്തെ കാലടിപ്പാടിലൂടെ ഊറി വരുന്ന ജലമാണ് വിശ്വാസികൾക്ക് തീർഥമായി നല്കുന്നത്. പ്രതിഷ്ഠയൊന്നും ഇല്ല എന്നതും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.. രായിരനല്ലൂരില്‍ നിന്ന് വിളിപ്പാടകലത്തില്‍ മാത്രമാണ് നാറാണത്ത് ഭ്രാന്തന്‍ ഭജനമിരുന്നു എന്ന് വിശ്വസിക്കുന്ന പാറക്കുന്ന്. ഭ്രാന്തന്‍ കോട്ട എന്ന ഭ്രാന്താചലം. വാസ്തു വൈദഗ്ദ്ധ്യത്തിന്റെ വിസ്മയമായി ഈ ഒറ്റക്കല്‍ ഗുഹ സ്ഥിതിചെയ്യുന്നു. ആര്‍ക്കിയോളജിക്കല്‍ വകുപ്പിന്റെ സംരക്ഷണയിലാണ് ഇപ്പോള്‍ ഇത് സ്ഥിതിചെയ്യുന്നത്.
ഭ്രാന്താചലത്തിന്റെ കിഴക്ക് ഭാഗത്തായി കരിമ്പാറയില്‍ തുരന്നെടുത്തതുപോലെ കാണുന്ന മൂന്ന് ഗുഹാക്ഷേത്രങ്ങള്‍ ഒറ്റ രാത്രികൊണ്ട് ഭ്രാന്തന്റെ ഭൂതഗണങ്ങള്‍ കൈനഖം കൊണ്ട് മാന്തി നിര്‍മ്മിച്ച താണെന്ന് വിശ്വാസം. ഈ ഗുഹയിലായിരുന്നു നാറാണത്ത് ഭ്രാന്തന്റെ തപസ്സ്.കുഞ്ഞു പിറക്കാന്‍ വേണ്ടി മല കയറുന്ന ദമ്പതികളും ധാരാളമായി ഇവിടെ എത്താറുണ്ട്. മലര്‍ പറയാണ് ഇവിടുത്തെ പ്രധാന വഴിപാട്. ഈ പാറക്കുന്ന് കയറാന്‍ 63 പടികള്‍ കൊത്തിയെടുത്തിട്ടുണ്ട്. പരഹിതകരണം’ എന്ന ജ്യോതിശാസ്ത്ര ഗ്രന്ഥത്തിന്റെ കര്‍ത്താവാണ് ഭ്രാന്തന്‍ എന്നു പറയപ്പെടുന്നു. കട്ടുറുമ്പുകളെ എണ്ണുക അദ്ദേഹത്തിന്റെ മറ്റൊരു വിനോദമായിരുന്നു. അദ്ദേഹം പ്രസിദ്ധനായ ഒരു താന്ത്രികനുമായിരുന്നു. കേരളത്തില്‍ ഒരുപാട് ക്ഷേത്രങ്ങളില്‍ ഭ്രാന്തന്‍ പ്രതിഷ്ഠ നടത്തിയിട്ടുണ്ട്. താംബൂലം കൊണ്ട് പ്രതിഷ്ഠ ഉറപ്പിച്ച ഭ്രാന്തന്റെ കഥയും വാമൊഴിയായും വരമൊഴിയായും ഉണ്ട്