ഗർഭിണികൾ പാലിൽ കുങ്കുമപ്പൂവ് കലക്കി കഴിച്ചാൽ വെളുത്ത് കുഞ്ഞ് ഉണ്ടാകുമെന്നണ് വിശ്വാസം . അതും കശ്മീരി കുങ്കുമപ്പൂവിനാണ് ഡിമാൻഡ് കൂടുതൽ . കാശമീരിലെ കുങ്കുമപ്പൂവിന്റെ ഗുണവും മൂല്യവും പ്രശസ്തവുമാണ്. സുന്ദരികളായ റാണിമാരുടെയും ധനികരുടെയും സൗന്ദര്യസംരക്ഷണത്തില്‍ കുങ്കുമപ്പുവിന് ഗണ്യമായ സ്ഥാനമുണ്ടായിരുന്നു. കശ്മീരിൽ കുങ്കുമപ്പൂവിന്റെ പേരിൽ ചില കഥകളും പ്രചരിക്കുന്നുണ്ട് . അതിലൊന്ന് ഇപ്രകാരമാണ് . പണ്ട് കാലത്ത് കശ്മീരിലെത്തിയ സൂഫി വര്യന്മാർക്ക് മലേറിയ പിടിപെട്ടു . ചികിത്സ തേടി ഗ്രാമമുഖ്യന്റെ വീട്ടിലെത്തി . അദ്ദേഹം പാമ്പൂരിലെ ഗോത്രവർഗ്ഗക്കാരനെ വിളിപ്പിച്ചും ചികിത്സിച്ച് അസുഖം മാറ്റിയ ഗോത്രവർഗക്കാരന് സൂഫിവര്യന്മാർ രണ്ട് കിഴങ്ങ് സമ്മാനിച്ചു. അതിവിശിഷ്ടമായ ,കിലോയ്ക്ക് ലക്ഷങ്ങൾ വിലയുള്ള കുങ്കുമപ്പൂവിന്റെ കിഴങ്ങുകളായിരുന്നു അത്. ഇപ്പോഴും കുങ്കുമം പറിക്കും മുൻപ് കശ്മീരികൾ സൂഫി വര്യന്മാരെ പ്രാർത്ഥിക്കാറുണ്ട് .
സമുദ്ര നിരപ്പില്‍ നിന്നും 1600 മീറ്ററെങ്കിലും ഉയരമുള്ള തണുപ്പുള്ള, വര്‍ഷത്തില്‍ 40-45 സെന്റീമീറ്ററെങ്കിലും മഴ ലഭിക്കുന്ന പ്രദേശങ്ങളിലാണ് കുങ്കുമം കൃഷി ചെയ്യുന്നത്. ഉള്ളിയുടെ വര്‍ഗത്തില്‍പ്പെട്ട ഇവയുടെ കിഴങ്ങ് തണുപ്പിനെ അതിജീവിച്ച് മണ്ണിനടിയില്‍ കിടക്കുകയും അനുയോജ്യമായ കാലാവസ്ഥയില്‍ മുളപൊട്ടി വളരുകയും ചെയ്യുന്നു. അതീവ മനോഹരിയായ വയലറ്റ് പൂക്കളില്‍ നിന്നും ഉന്തി നില്‍ക്കുന്ന ജനി തന്തുക്കള്‍ നീണ്ടുചുവന്ന നാരുകള്‍ പോലെ കാണപ്പെടുന്ന പൂക്കളില്‍ നിന്നും ഇത് ശ്രദ്ധാപൂര്‍വം വളര്‍ത്തിയെടുത്ത് ഗുണം നഷ്ടപ്പെടാതെ ഉണക്കി പായ്ക്ക് ചെയ്ത് മാര്‍ക്കറ്റിലെത്തുന്നു. കുങ്കുമത്തില്‍ അടങ്ങിയിരിക്കുന്ന പിക്രോക്രോസിന്‍, സാഫ്രനാല്‍ എന്നിവ സവിശേഷ നിറവും മണവും നല്‍കുന്നു.പേര്‍ഷ്യന്‍, അറബിക്, യൂറോപ്യന്‍ പാചകവിധികളില്‍ പലതിലും കുങ്കുമപ്പൂക്കള്‍ ഒരു സവിശേഷ ചേരുവയാണ്. വിലയേറിയ മധുരപലഹാരങ്ങളിലും മുന്തിയ മദ്യങ്ങള്‍ക്കും നിറം പകരാന്‍ അത് ഉപയോഗിക്കുന്നു.
ഇന്ത്യയ്ക്ക് കുങ്കുമം കൂടുതല്‍ ഇറക്കുമതി ചെയ്യേണ്ടി വരില്ല. ഇന്ത്യയ്ക്കുളള കുങ്കുമം കശ്മീര്‍ നല്‍കും. ലോകത്തിലെ ഏറ്റവും വിലയേറിയ സുഗന്ധവ്യഞ്ജനമായ കുങ്കുമത്തിന്‍റെ ഉൽപാദനത്തില്‍ മുൻപിൽ നിൽക്കുന്നതും കശ്മീരാണ് .കുങ്കുമ ഉൽപാദനത്തിന് ഉത്തേജനം നൽകുന്നതിനായി കേന്ദ്ര കൃഷി, ഉൽപാദന മന്ത്രാലയം 2010 ൽ ഏഴ് വർഷത്തേക്ക് 400.11 കോടി രൂപ പദ്ധതി ചെലവിൽ ‘കുങ്കുമം സംബന്ധിച്ച ദേശീയ ദൗത്യം’ ആരംഭിച്ചിരുന്നു .ഔദ്യോഗിക കണക്കുകൾ പ്രകാരം 1996 ൽ പാംപോറിൽ 5707 ഹെക്ടർ സ്ഥലത്ത് കുങ്കുമപ്പൂ കൃഷി ചെയ്തിരുന്നു, ഇത് ഇപ്പോൾ 3500 ഹെക്ടറിലേക്ക് ഇടിഞ്ഞിട്ടുണ്ട്.
സൂര്യോദയത്തിലാണ് കുങ്കുമപ്പൂവ് പറിക്കുക . പൂവിനു ക്ഷതമേൽക്കാതെ വേണം ഇത് അടർത്തിയെടുക്കാൻ. ഇത് പ്രത്യേക പരിശീലനം ആവശ്യമാണ് . മുയലുകള്‍ കുങ്കുമച്ചെടിയുടെ ഇലകള്‍ ഭക്ഷിക്കുന്നതിനാല്‍ വേലി കെട്ടി അവയുടെ പ്രവേശനം തടയാറുണ്ട്. പൂക്കള്‍ അതിരാവിലെ പറിച്ചെടുത്ത ശേഷം ചുവന്ന നിറത്തിലുള്ള നാരുകള്‍ വേര്‍തിരിച്ചെടുത്ത് സംസ്‌കരിക്കുകയാണ് ചെയ്യുന്നത്. നല്ല വായു സഞ്ചാരമുള്ള ഭക്ഷണം ഉണക്കാന്‍ ഉപയോഗിക്കുന്ന ഡ്രയറില്‍ 45 ഡിഗ്രി സെല്‍ഷ്യസിനും 60 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ 15 മിനിറ്റ് വെച്ച് ഉണക്കിയാണ് കുങ്കുമപ്പൂ വില്‍പ്പനയ്ക്കായി തയ്യാറാക്കുന്നത്.