ന്യൂയോർക്ക് : വാഷിങ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ (ഐ.എസ്.എസ്.)നിന്ന് ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍തന്നെ സുരക്ഷിതരായി ഭൂമിയില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് നാസാ ശാസ്ത്രജ്ഞരായ സുനിതാ വില്യംസും ബുച്ച് വില്‍മോറും. ഐ.എസ്.എസില്‍നിന്നു ബുധനാഴ്ച നടത്തിയ തത്സമയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
വിവിധ പരീക്ഷണങ്ങൾ നടത്തിക്കൊണ്ട് ഐഎസ്എസിൽ സമയം ചെലവഴിക്കുന്നത് തങ്ങൾ ആസ്വദിക്കുകയാണെന്നും ഇവർ പറയുന്നു. ഐഎസ്എസിൽ ഏതെങ്കിലും വിധത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടായാൽ സുരക്ഷിതമായി ഇടമായി സ്റ്റാർലൈനറിനെ മാറ്റുന്ന കാര്യവും ഇവർ പരിശോധിച്ചു. നാല് പേരോളം സ്റ്റാർലൈനറിന്റെ ഉള്ളിൽ തുടർന്നാൽ ഇതിന്റെ ലൈഫ് സപ്പോർട്ട് എപ്രകാരം പ്രവർത്തിക്കുമെന്നും സംഘം പരിശോധിച്ചു.
കഴിഞ്ഞ മാസം അഞ്ചാം തിയതി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ച ഇവർ കഴിഞ്ഞ ഒരു മാസത്തിലധികമായി ഐഎസ്എസിൽ തന്നെ തുടരുകയാണ്. ഒരാഴ്ചയ്‌ക്ക് ശേഷം ഭൂമിയിലേക്കുള്ള മടക്കയാത്ര നിശ്ചയിച്ചിരുന്നുവെങ്കിലും സാങ്കേതിക തകരാറുകളെ തുടർന്ന് യാത്ര നീട്ടിവയ്‌ക്കുകയായിരുന്നു. ത്രസ്റ്ററിന്റെ തകരാറുകളും ഹീലിയം ചോർച്ചയും കാരണമാണ് മടക്കയാത്രയിൽ തടസ്സം നേരിട്ടത്. തിരിച്ച് വരവ് സംബന്ധിച്ച് അന്തിമ തിയതി ആയിട്ടില്ലെങ്കിലും, ജൂലൈ അവസാനത്തോടെ തന്നെ ഇരുവരേയും തിരികെ എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് നാസ അധികൃതർ വ്യക്തമാക്കി.