Investigation

മോറിസ് കോയിനോ എന്താണത് ?: ക്രിപ്‌റ്റോകറന്‍സി നിക്ഷേപ തട്ടിപ്പിലെ മലയാളി സാന്നിധ്യം ?; ആ നടനും പെട്ടോ?/What Is Morris Coin?: Malayali Presence in Cryptocurrency Investment Scam?; Is that actor too?

‘മലയളികള്‍ പൊളിയാണ്’ എന്ന ന്യൂജെന്‍ ശൈലിയില്‍ പറയുമ്പോള്‍ അതില്‍ ‘തല്ലിപ്പൊളികളും’ ഉണ്ടെന്ന് മനസ്സിലാക്കിക്കോണം. തട്ടിപ്പ് വെട്ടിപ്പ് തുടങ്ങിയ തക്കിട തരികിട പരിപാടികളുമായി ഉളകം ചുറ്റുന്നവര്‍ നാശമാക്കുന്നത്, മാന്യമായി ജോലിചെയ്തു ജീവിക്കുന്നവരുടെ പേരു കൂടിയാണ്. ലോകത്തെവിടെ പോയാലും ഒരു മലയാളി സാന്നിധ്യം ഉണ്ടാകുമെന്നത്, വലിയ ആശ്വാസം പകരുന്ന കാര്യമാണ്. എന്നാല്‍, ആ മലയാളി തട്ടിപ്പിന്റെ മറപറ്റിയാണ് നില്‍ക്കുന്നതെങ്കില്‍ അതൊരു അപമാനമായി മാറാന്‍ അധിക സമയം വേണ്ട. ഇപ്പോള്‍ രാജ്യത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉള്‍പ്പടെയുള്ള അന്വേഷണ ഏജന്‍സികള്‍ അങ്ങനെയൊരു മലയാളിയുടെ പിറകെ ഓടുകയാണ്.

മലപ്പുറം സ്വദേശിയായ നിഷാദ് കെ എന്ന 39 വയസ്സുകാരനാണ് ആ മലയാളി. ഇയാള്‍ ഇപ്പോള്‍ വിദേശത്താണ്. നിഷാദിനെതിരേ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്റര്‍പോള്‍ മുഖേന നിഷാദിനെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നുവെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം ഈ കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് മലപ്പുറം യൂണിറ്റ് മൂന്നുപേരെക്കൂടി അറസ്റ്റുചെയ്തു. പൂക്കോട്ടുംപാടം കരുളായി പിലാക്കോട്ടുപാടം വെള്ളമുണ്ട വീട്ടില്‍ സക്കീര്‍ ഹുസൈന്‍, തിരൂര്‍ കൂട്ടായി പടിഞ്ഞാറെക്കര അരയച്ചന്റെപുരയ്ക്കല്‍ ദിറാര്‍, പെരിന്തല്‍മണ്ണ ആലിപ്പറമ്പ് കളരിക്കല്‍ വീട്ടില്‍ ശ്രീകുമാര്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടം കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പില്‍ വടക്കന്‍ ജില്ലകളിലെ നിരവധി പേരുടെ പണം നഷ്ടമായെന്ന പരാതിയെ തുടര്‍ന്നാണ് ഇവരെ പോലീസ് പൊക്കിയത്. ഇതിനെ തുടര്‍ന്നാണ് തട്ടിപ്പിന്റെ സൂത്രധാരനായ നിഷാദിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായതും. ഉയര്‍ന്ന വരുമാനം നേടാമെന്ന് കാണിച്ച് ആയിരക്കണക്കിന് ആളുകളെ പറ്റിച്ച് ഈ മലയാളി യുവാവ് 1200 കോടി രൂപയുടെ ക്രിപ്റ്റോകറന്‍സി തട്ടിപ്പാണ് നടത്തിയിരിക്കുന്നത്. മോറിസ് കോയിന്‍ ഡോട്ട് കോം എന്ന വെബ്സൈറ്റിലൂടെ ഇന്ത്യയില്‍ കോടിക്കണക്കിന് രൂപയുടെ ക്രിപ്റ്റോകറന്‍സി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്.

നിലവില്‍ ഇല്ലാത്ത ‘മോറിസ് കോയിന്‍’ എന്ന ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപിച്ചാല്‍ ഉയര്‍ന്ന വരുമാനം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്താണ് പ്രവാസി മലയാളികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് ആളുകളില്‍ നിന്ന് നിഷാദ് തുക തട്ടിയെടുത്തത്. നിലവില്‍ യുവാവ് രാജ്യം വിട്ട് പശ്ചിമേഷ്യയില്‍ എവിടെയോ ഒളിവില്‍ കഴിയുകയാണെന്നാണ് ലഭിക്കുന്ന വിവരം. ഇയാളും കൂട്ടാളികളും തട്ടിയെടുത്ത തുക തമിഴ്നാട്, കര്‍ണാടക, കേരളം എന്നിവിടങ്ങളിലെ റിയല്‍ എസ്റ്റേറ്റിലും മറ്റ് പദ്ധതികളിലും നിക്ഷേപിച്ചതായി കണ്ടെത്തിയിട്ടുമുണ്ട്. തട്ടിപ്പിനെക്കുറിച്ച് അന്വേഷണം ആരംഭിച്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിഷാദിന്റെയും ഇയാളുടെ ഇടപാടുകാരുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടിയിരിക്കുകയാണ്.

മോറിസ് കോയിന്‍ വെബ്സൈറ്റ് സൃഷ്ടിച്ച നിഷാദിനെ ഇടപാടുകാര്‍ക്ക് ബന്ധപ്പെടാന്‍ വിലാസമോ ടെലിഫോണ്‍ നമ്പറോ ഒന്നും ഇല്ലായിരുന്നു. പക്ഷേ ആളുകള്‍ യുവാവിനെ വിശ്വസിച്ചു. മോറിസ് കോയിനും നിക്ഷേപിച്ച തുകയുടെ മൂന്ന് ശതമാനവും ദിവസേന റിട്ടേണായി ലഭിക്കുമെന്ന ഉറപ്പില്‍ പണം നിക്ഷേപിക്കുകയായിരുന്നു. 2020 സെപ്റ്റംബര്‍ 28നാണ് മലപ്പുറം പൂക്കൂട്ടുപാടം പോലീസ് സ്റ്റേഷനില്‍ മോറിസ് കോയിന്‍ തട്ടിപ്പ് കേസ് ആദ്യം രജിസ്റ്റര്‍ ചെയ്യുന്നത്. തുടര്‍ന്ന് നിഷാദ് അറസ്റ്റിലാവുകയും കേസില്‍ ജാമ്യം എടുക്കുകയും ചെയ്തു. ജാമ്യം ലഭിച്ച് ഒളിവില്‍ പോയ നിഷാദിനെ പിന്നീട് കണ്ടെത്താനായില്ല.

2021 നവംബറില്‍ കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം എന്നിവിടങ്ങളില്‍ നിന്നുള്ള ജനങ്ങളില്‍ നിന്ന് നിക്ഷേപം ശേഖരിച്ച നിഷാദിന്റെ ഇടനിലക്കാരായ ഏഴുപേരെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിരുന്നു. ‘മോറിസ് കോയിന്‍ ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ 300 ഡേയ്സ്’ എന്ന പേരില്‍ ഒരു തട്ടിപ്പ് നിക്ഷേപ പദ്ധതി നടത്തിയതിനാണ് അന്ന് നിഷാദിനെതിരെ കേസ് എടുത്തിരുന്നത്. ”അറസ്റ്റിലായ സമയത്ത്, തട്ടിപ്പ് ഇത്രയും വലുതായിരിക്കുമെന്ന് ആരും കരുതിയിരുന്നില്ല. ഇയാള്‍ പിന്നീട് ജാമ്യം നേടുകയും ഒളിവില്‍ പോവുകയും ചെയ്തുവെന്നാണ് പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോടു പറഞ്ഞത്.

പ്രധാനപ്രതി ഒളിവില്‍ പോയെങ്കിലും തട്ടിപ്പിന് കൂട്ടുനിന്നവരെ പോലീസ്‌കുടുക്കിയിട്ടുണ്ട്. ഇടനിലക്കാര്‍ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ചായിരുന്നു ജനങ്ങളില്‍ നിന്ന് പണം സ്വീകരിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഉജ്ജീവന്‍ ബാങ്കിന്റെ കേരളത്തിലെ ഗ്രാമീണ ശാഖകളിലുള്ള അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് ഇവര്‍ ജനങ്ങളില്‍ നിന്ന് പണം പിരിച്ചിരുന്നത്. ആളുകളില്‍ നിന്ന് പിരിച്ചെടുത്ത പണം വകമാറ്റാന്‍ നിഷാദിനെ സഹായിച്ചത് പിടിയിലായ ഇടനിലക്കാരായിരുന്നു. ഇവര്‍ ഓരോരുത്തരുടെയും അക്കൗണ്ടില്‍ നിന്ന് 90 കോടി മുതല്‍ 100 കോടി രൂപ വരെ ഇടപാടുകള്‍ നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തു.

തട്ടിപ്പില്‍ 1.05 ലക്ഷം രൂപ നഷ്ടപ്പെട്ട കളമശ്ശേരി സ്വദേശി സുഫില്‍ റിസ്വാന്‍, താന്‍ ജോലി ചെയ്യുന്ന യു.എ.ഇയിലെ സുഹൃത്തുക്കളില്‍ നിന്നാണ് മോറിസ് കോയിനെ കുറിച്ച് അറിഞ്ഞതെന്നാണ് വെളിപ്പെടുത്തിയത്. നിക്ഷേപിച്ച തുകയുടെ മൂന്ന് ശതമാനം ഒരു മാസത്തേക്ക് ദിവസവും റിട്ടേണായി നല്‍കിയ ശേഷമാണ് അവര്‍ ആളുകളെ ഇതിലേക്ക് ആകര്‍ഷിച്ചത്. തുടക്കത്തില്‍ 10,000 രൂപ പോലുള്ള ചെറിയ തുകകള്‍ നിക്ഷേപിച്ച ആളുകള്‍ ഈ പെട്ടെന്നുള്ള വരുമാനത്തില്‍ ആകൃഷ്ടരായി. പിന്നീട് ഒരു ലക്ഷം മുതല്‍ 5 ലക്ഷംരൂപ വരെയുള്ള വലിയ തുക നിക്ഷേപിച്ചു. യു.എ.ഇയിലെ തന്റെ സുഹൃത്തുക്കളില്‍ പലര്‍ക്കും ഈ തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടെന്നും അവരില്‍ പലരും നിശബ്ദരായിരിക്കുകയാണെന്നും സുഫില്‍ റിസ്വാന്‍ മാധ്യമങ്ങളോടു പറയുന്നു.

എന്താണ് മോറിസ് കോയിന്‍?

ആളുകളെ കബളിപ്പിക്കാന്‍ മോറിസ് കോയിന്‍ ഒരു മള്‍ട്ടി ഫങ്ഷണല്‍ ക്രിപ്റ്റോകറന്‍സി ആയിട്ടാണ് അവതരിപ്പിച്ചത്. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ബ്ലോക്ക്‌ചെയിനില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന അടുത്ത തലമുറ ക്രിപ്റ്റോകറന്‍സിയെന്നാണ് ഇതിനെ പരിചയപ്പെടുത്തിയത്. മോറിസ് കോയിന്‍ ക്രിപ്റ്റോകറന്‍സിയുടെ ലോഞ്ചിനായി ഇനിഷ്യല്‍ കോയിന്‍ ഓഫറിന്റെ മറവിലാണ് ആളുകളില്‍ നിന്ന് നിഷാദ് നിക്ഷേപം ശേഖരിച്ചത്. നിക്ഷേപകര്‍ക്ക് നിക്ഷേപിച്ച തുകയുടെ 3 ശതമാനം പ്രതിദിന റിട്ടേണായി വാഗ്ദാനം ചെയ്തു. 300 ദിവസത്തെ ലോക്ക്-ഇന്‍ കാലയളവിന് ശേഷം, നിക്ഷേപിച്ച മൂല്യത്തിന് അവര്‍ക്ക് മോറിസ് കോയിന്‍ നേടാനും അന്താരാഷ്ട്ര വിപണിയില്‍ നാണയം വില്‍ക്കാനും കഴിയുമെന്ന് വാഗ്ദ്ദാനം ചെയ്തു.

എന്താണ് ക്രിപ്റ്റോകറന്‍സി?

ക്രിപ്റ്റോകറന്‍സി ഒരു വിര്‍ച്വല്‍ കറന്‍സിയാണ്. സാധാരണ കറന്‍സികളില്‍ നിന്ന് വ്യത്യസ്തമായി ക്രിപ്റ്റോ കറന്‍സി ഡിജിറ്റല്‍ രൂപത്തില്‍ മാത്രമേ ലഭ്യമാകൂ. അതായത് ഇത് ലോഹ നിര്‍മ്മിതമായ നാണയമോ കടലാസ് നോട്ടോ അല്ല. കമ്പ്യൂട്ടര്‍ ഭാഷയില്‍ തയ്യാറാക്കിയിരിക്കുന്ന ഒരു പ്രോഗ്രാം അല്ലെങ്കില്‍ സോഫ്റ്റ്വെയര്‍ കോഡാണ്. ക്രിപ്റ്റോകറന്‍സിയുടെ ഒരു യൂണിറ്റ് യഥാര്‍ത്ഥത്തില്‍ സങ്കീര്‍ണ്ണമായ കമ്പ്യൂട്ടറൈസ്ഡ് കോഡാണ്. ഇന്ന് നിലവിലുള്ളതില്‍ ലോകത്തിലെ ഏറ്റവും ജനപ്രിയ ക്രിപ്‌റ്റോകറന്‍സിയാണ് ബിറ്റ്കോയിന്‍. ഇതുകൂടാതെ ഈഥര്‍, ഡോഗ്കോയിന്‍, ഷിബ ഇനു തുടങ്ങിയവ അറിയപ്പെടുന്ന ക്രിപ്‌റ്റോകറന്‍സികളാണ്. ഇന്ന് ലോകത്ത് 8,000ലധികം ക്രിപ്‌റ്റോകറന്‍സികള്‍ ലഭ്യമാണ്.

നടന്‍ ഉണ്ണിമുകുന്ദനും നിഷാദിന്റെ വലയില്‍ 

ബിറ്റ് കോയിന്‍ തട്ടിപ്പുകാരന്‍ നിഷാദിനെ അറിയാമെന്ന് സമ്മതിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. മൊറിസ് കോയിന്‍ തട്ടിപ്പിലെ പണം തന്റെ അക്കൗണ്ടിലെത്തിയോ എന്ന പരിശോധനയാണ് എന്‍ഫോഴ്സ്മെന്റ് നടത്തിയതെന്നും നടന്‍ സമ്മതിച്ചു. ഇ.ഡിയുടെ അന്വേഷണം ഉണ്ണിമുകുന്ദന്റെ സിനിമാ കമ്പനിയിലെത്തിയിരുന്നു. ദീര്‍ഘകാല പരിചയം നിഷാദുമായി ഉണ്ടായിരുന്നുവെന്നാണ് ഉണ്ണി മുകുന്ദന്‍ സമ്മതിക്കുന്നത്. രണ്ടു തവണ മാത്രമാണ് നിഷാദ് എന്നെ ബന്ധപ്പെട്ടിട്ടുള്ളത്. ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ പരസ്യ ആവശ്യത്തിനായി ഒരിക്കലും പിന്നീട് സിനിമാ ആവശ്യവുമായും. നിഷാദിനെതിരെ ആരോപണങ്ങള്‍ ഉള്ള വിവരമൊന്നും എനിക്ക് അറിയില്ല.

നിഷാദിന്റെ അക്കൗണ്ടുകള്‍ പരിശോധിച്ചാണ് ഇഡി എന്റെ സിനിമാ കമ്പനിയില്‍ എത്തിയത്. എന്റെ പിതാവാണ് കാര്യങ്ങള്‍ നോക്കുന്നത്. പുതിയ ചിത്രമായ മേപ്പടിയാന്റെ പ്രചരണവുമായി ബന്ധപ്പെട്ട് ഞാന്‍ സ്ഥലത്തുണ്ടായിരുന്നില്ല. തിരിച്ചെത്തുമ്പോഴേക്കും ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന പൂര്‍ത്തിയാക്കിയിരുന്നു. കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ അവര്‍ക്ക് ബോധ്യമായിട്ടുണ്ട്. നിഷാദിന് പണം തിരികെ കൊടുക്കുമ്പോള്‍ ഇഡിയുടെ നടപടിക്രമങ്ങള്‍ പാലിക്കണമെന്ന നിര്‍ദ്ദേശമുണ്ട്.

ക്രിപ്‌റ്റോ കറന്‍സി എന്തെന്നറിയാത്തവര്‍

പലര്‍ക്കും ക്രിപ്റ്റോകറന്‍സിയെ സംബന്ധിച്ച് വലിയ വ്യക്തതയില്ലെന്ന് ക്രിപ്റ്റോകറന്‍സി കണ്‍സള്‍ട്ടന്റ് സിന്‍ജിത്ത് കെ. നന്‍മിന്‍ഡ പറയുന്നു. ”ബിറ്റ്കോയിന്‍ പോലുള്ള ക്രിപ്റ്റോകറന്‍സികളുടെ മൂല്യം പത്ത് വര്‍ഷത്തിനുള്ളില്‍ ക്രമാതീതമായി വര്‍ദ്ധിച്ചുവെന്ന് ആളുകള്‍ക്ക് അറിയാം. 2010ല്‍ 500 രൂപ വിലയുണ്ടായിരുന്ന ബിറ്റ്കോയിന് ഇപ്പോള്‍ 30 ലക്ഷം രൂപയാണ് വില. ക്രിപ്റ്റോകറന്‍സിയുടെ പേരില്‍ ആളുകളെ കബളിപ്പിക്കാന്‍ എളുപ്പമാണ്. നിഷാദും അതുതന്നെ ചെയ്തു, അതിനെക്കുറിച്ച് വിവരമില്ലാത്തവര്‍ അതില്‍ വീണവെന്നും നന്‍മിന്‍ഡ പറയുന്നു. ബിറ്റ്കോയിന്‍, ചെയിന്‍ലിങ്ക് തുടങ്ങിയ ക്രിപ്റ്റോകറന്‍സികള്‍ ഒരു ചരക്ക് പോലെയാണ്. ഒരു ക്രിപ്റ്റോകറന്‍സി കൈവശം വച്ചാല്‍ മാത്രം പണം ലഭിക്കില്ല. അതില്‍ നിന്ന് പണം സമ്പാദിക്കാന്‍ നിങ്ങള്‍ അത് എക്‌സ്‌ചേഞ്ചുകളില്‍ ട്രേഡ് ചെയ്യേണ്ടതുണ്ട്. ഇത് സ്വര്‍ണ്ണം പോലെയാണ്. പണം ലഭിക്കാന്‍ നിങ്ങള്‍ നിലവിലെ വിപണി വിലയ്ക്ക് സ്വര്‍ണം വില്‍ക്കേണ്ടതുണ്ട്.

ക്രിപ്റ്റോകറന്‍സി പ്ലാറ്റ്ഫോമുകളിലൊന്നും മോറിസ് കോയിന്‍ ലിസ്റ്റ് ചെയ്തിട്ടില്ല. ഒരു ക്രിപ്റ്റോകറന്‍സിയില്‍ നിക്ഷേപിക്കുന്നതിന് മുമ്പ് ആളുകള്‍ അതിനെ കുറിച്ച് സമഗ്രമായ ഗവേഷണം നടത്തണം. ‘രീശിാമൃസലരേമു.രീാ’-ല്‍ ലോകത്ത് കുറഞ്ഞത് 8,000 ക്രിപ്റ്റോകറന്‍സികളെങ്കിലും ലിസ്റ്റ് ചെയ്തിട്ടുണ്ട്. അവയില്‍ ഏതാണ് യഥാര്‍ത്ഥമെന്ന്  പറയാനാവില്ല. ഞങ്ങള്‍ക്ക് കുറച്ച് പ്രശസ്തമായ ക്രിപ്റ്റോകറന്‍സികള്‍ മാത്രമേ അറിയൂവെന്നും അദ്ദേഹം പറഞ്ഞു.

നിഷാദിന്റെ ആസ്തികള്‍ കണ്ടു കെട്ടി

മോറിസ് കോയിന്‍ തട്ടിപ്പിന്റെ പ്രധാന കണ്ണി മലപ്പുറം സ്വദേശിയായ കളിയിടുക്കല്‍ നിഷാദിന്റെ 36.72 കോടിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി. നിഷാദിന്റെയും വിവിധ കമ്പനികളുടെയും പേരില്‍ രണ്ട് ബാങ്കുകളിലെ അക്കൗണ്ടുകള്‍, തട്ടിപ്പിലൂടെ വാങ്ങിയ ഭൂമി, ക്രിപ്‌റ്റോ കറന്‍സി എന്നിവയാണ് കണ്ടുകെട്ടിയത്. ബെംഗളൂരു ആസ്ഥാനമായുള്ള ലോങ് റിച്ച് ഗ്ലോബല്‍, ലോങ് റിച്ച് ടെക്‌നോളജീസ്, മോറിസ് ട്രേഡിങ് സൊലൂഷന്‍സ് എന്നീ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്.

നിക്ഷേപങ്ങള്‍ മോറിസ് കോയിന്‍ എന്ന ക്രിപ്‌റ്റോ കറന്‍സിയാക്കി മാറ്റി നിക്ഷേപകര്‍ക്കു ലഭിക്കുമെന്നും 300 ദിവസം ലാഭവിഹിതം ലഭിച്ചു കഴിഞ്ഞാല്‍ മോറിസ് കോയിന്‍ വില്‍ക്കാമെന്നും പറഞ്ഞാണു പണം സമാഹരിച്ചത്. വന്‍തോതില്‍ നിക്ഷേപം എത്തിയതോടെ പണവുമായി നടത്തിപ്പുകാര്‍ മുങ്ങി. സ്വരൂപിച്ച പണം റിയല്‍ എസ്റ്റേറ്റിലാണ് നിക്ഷേപിച്ചത്. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ആര്‍ഭാട ജീവിതം നയിക്കാനും ആഡംബര കാറുകള്‍ വാങ്ങിക്കൂട്ടാനും പണം ഉപയോഗിച്ചെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ഇ.ഡിയുടെ കണ്ടെത്തലുകള്‍

പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപമായി ലഭിച്ച പണം മറ്റ് മേഖലകളില്‍ നിക്ഷേപിക്കുന്നതിനായി നിഷാദ് ബന്ധപ്പെട്ടിരുന്ന ഷെല്‍ കമ്പനികളെ ഇ.ഡി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നിഷാദിന്റെയും കൂട്ടാളികളുടെയും 36.72 കോടി രൂപയുടെ സ്ഥാവര ജംഗമ സ്വത്തുക്കളും ഇഡി കണ്ടുകെട്ടി. മോറിസ് കോയിന്‍ ക്രിപ്റ്റോകറന്‍സി ലോഞ്ച് ചെയ്യുന്നതിനായി പൊതുജനങ്ങളില്‍ നിന്ന് ‘ഇനിഷ്യല്‍ കോയിന്‍ ഓഫര്‍’ എന്ന പേരില്‍ ശേഖരിച്ച പണം വഴിമാറ്റുന്നതിനായി ലോംഗ് റിച്ച് ഗ്ലോബല്‍, ലോംഗ് റിച്ച് ടെക്നോളജീസ്, മോറിസ് ട്രേഡിംഗ് സൊല്യൂഷന്‍സ് തുടങ്ങിയ ഷെല്‍ കമ്പനികളും നിഷാദ് തുടങ്ങിയിരുന്നു. സെലിബ്രിറ്റികളെ ഉള്‍പ്പെടുത്തി പ്രൊമോഷണല്‍ ഇവന്റുകള്‍ സംഘടിപ്പിച്ചും നിക്ഷേപകരെ ആകര്‍ഷിക്കുന്ന ശൈലിയിലുള്ള വെബ്സൈറ്റ് നിര്‍മ്മിച്ച് അത് പരിചയപ്പെടുത്തിക്കൊണ്ടും ഓരോ നിക്ഷേപകര്‍ക്കും വെബ് അധിഷ്ഠിത ആപ്ലിക്കേഷനുകള്‍ വഴി ഇ-വാലറ്റുകള്‍ നല്‍കിയും നിക്ഷേപകരെ ആകര്‍ഷിച്ചു.

സ്ഥാവര വസ്തുക്കള്‍, മറ്റ് വിവിധ ക്രിപ്റ്റോകറന്‍സികള്‍, ആഡംബര കാറുകള്‍ എന്നിവ വാങ്ങുന്നതിനും ആഡംബര ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും അവധിക്കാലം ചെലവഴിക്കുന്നതിനുമാണ് നിഷാദ് ഈ പണം ഉപയോഗിച്ചത്. 2020 സെപ്തംബര്‍ 2ന് ലോങ് റിച്ച് ടെക്‌നോളജീസ് എന്ന യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍, ചുരുങ്ങിയ സമയത്തിനുള്ളില്‍ മോറിസ് കോയിന്റെ വളര്‍ച്ചയെക്കുറിച്ച് ഉയര്‍ന്ന അവകാശവാദങ്ങളായിരുന്നു നിഷാദ് കെ ഉന്നയിച്ചിരുന്നത്. ഈ ക്രിപ്‌റ്റോയില്‍ നിക്ഷേപിക്കുന്നതിന്റെ പല ഗുണഗണങ്ങള്‍ പറഞ്ഞതിന് ശേഷം മോറിസ് കോയിന്‍ യുഎസ് അധിഷ്ഠിത എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തുവെന്നും അദ്ദേഹം അവകാശപ്പെട്ടു. 2019 ഫെബ്രുവരിയില്‍ ആരംഭിച്ച മോറിസ് കോയിന്‍ കമ്പനി, ഒന്നര വര്‍ഷത്തിനുള്ളില്‍ ഒരു എക്സ്ചേഞ്ചില്‍ ലിസ്റ്റു ചെയ്യുന്നത് വലിയ നേട്ടമാണെന്നും അന്ന് പറഞ്ഞിരുന്നു.

 

content highlights;What Is Morris Coin?: Malayali Presence in Cryptocurrency Investment Scam?; Is that actor too?

Latest News