മലപ്പുറം: സംസ്ഥാനത്ത് ഒരാൾക്കുകൂടി എച്ച്1എൻ1 സ്ഥിരീകരിച്ചു. മലപ്പുറം വഴിക്കടവ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗ നിയന്ത്രണത്തിന്റെ ഭാഗമായി ഇന്ന് പഞ്ചായത്ത് ഹാളിൽ യോഗം ചേരും. പകർച്ചപ്പനി രൂക്ഷമായ സംസ്ഥാനത്ത് പത്ത് ദിവസത്തിനിടെ പനിബാധിതർ ലക്ഷം കടന്നിരിക്കുകയാണ്. ഈ മാസം ഇതുവരെ 1.36 ലക്ഷം പേരാണ് പകർച്ചപ്പനി ബാധിതരായത്. ഇന്നലെ മാത്രം 13,600 പേർ ചികിത്സ തേടി. 164 പേർക്ക് ഡെങ്കിയും 24 പേർക്ക് മഞ്ഞപ്പിത്തവും 45 എച്ച്1എൻ1 കേസുകളും സ്ഥിരീകരിച്ച ഇന്നലെ രണ്ടുമരണങ്ങളും റിപ്പോർട്ട് ചെയ്തു.
കേരളമാകെ പനിക്കിടയിലാണ്. ഡെങ്കിപ്പനി, എലിപ്പനി, കോളറ, എച്ച് 1 എൻ 1, വെസ്റ്റ് നെയ്ൽ, അമീബിക് മസ്തിഷ്ക ജ്വരം എന്നിങ്ങനെ രോഗങ്ങളുടെ പട്ടിക നീളുകയാണ്. തിരുവനന്തപുരത്താണ് കോളറ സ്ഥിരീകരിച്ചത്. ഇതോടെ അതീവ ജാഗ്രതയിലാണ് കേരളം. മാത്രമല്ല, ഡെങ്കിപ്പനി വ്യാപനത്തിലും കേരളം ആശങ്കയിലാണ്. ഒരാഴ്ചയ്ക്കിടെ 8379 പേർക്കാണ് പനി ബാധിച്ചത്. 24 മണിക്കൂറിനിടെ 13,756 പേർ പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയതായാണ് ഇന്നലെ ആരോഗ്യ വകുപ്പ് അറിയിച്ചത്.
ജൂലൈ ഒമ്പതിന് മാത്രം 225 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് 20 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് പേർ എലിപ്പനി ബാധിച്ച് മരിച്ചു. ഇതിനിടെ തിരുവനന്തപുരത്ത് മൂന്ന് പേർക്ക് കോളറ സ്ഥിരീകരിച്ചു. ഈ മാസം കാസർകോട്ടെ ഒരു കേസെടക്കം നാല് കോളറ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആലപ്പുഴ, തൃക്കുന്നപ്പുഴയിൽ വെസ്റ്റ്നൈൽ പനി റിപ്പോർട്ട് ചെയ്തിരുന്നു.