കേരളത്തിലെ ഒട്ടുമിക്ക ടൂറിസം കേന്ദ്രങ്ങളും മഴക്കാലമായതോടെ ഇനി സഞ്ചാരികളെ കൊണ്ട് നിറയുമെന്ന കാര്യം ഉറപ്പാണ്. മൺസൂൺ കാലത്തെ യാത്രകൾ അതിമനോഹരമായ അനുഭവങ്ങൾ സമ്മാനിക്കുന്ന ഒരു കാര്യമാണെന്ന് പറയാതെ വയ്യ. പ്രത്യേകിച്ച് ഹിൽ സ്‌റ്റേഷനുകൾ ആണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ മഴയിൽ ആ സ്ഥലങ്ങൾ കാണാൻ വ്യത്യസ്‌തമായ അനുഭവമായിരിക്കും.
അങ്ങനെ ഒരു അനുഭവം നിങ്ങളും തേടുകയാണെങ്കിൽ കർണാടകയിലെ കൂർഗ് തന്നെയായിരിക്കും നിങ്ങൾക്ക് പറ്റിയ ഇടം. കേരളത്തിൽ നിന്ന് അധികം ദൂരയല്ലാതെ സ്ഥിതി ചെയ്യുന്ന കുടക് അഥവാ കൂർഗ് മലയാളികൾ വളരെയേറെ തിങ്ങിപാർക്കുന്ന ഒരു മേഖല കൂടിയാണ്. കർണാടകയിലെ തന്നെ ഏറ്റവും തിരക്കേറിയ ടൂറിസം കേന്ദ്രം കൂടിയാണ് ഇവിടം.
കിഴക്കിന്റെ സ്‌കോട്ട്ലൻഡ് എന്നാണ് പണ്ട് കൂർഗിനെ വിളിച്ചിരുന്നത്. കോട മഞ്ഞിന്റെ സൗന്ദര്യം ആസ്വദിക്കാനായി വേനൽക്കാലത്ത് തന്നെ ധാരാളം പേർ ഇവിടേക്ക് എത്താറുണ്ട്. കൂർഗിലെ ഏറ്റവും പ്രധാന കാഴ്‌ചകളിൽ വെള്ളച്ചാട്ടവും മലനിരകളും കാപ്പി തോട്ടങ്ങളും മാത്രമല്ല, ഇവിടുത്തെ പട്ടണം കൂടിയാണ് എന്ന് പറയുന്നതാവും ശരി.
യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ പ്രദേശമാണ് പശ്ചിമ ഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന കൂർഗ്. മടിക്കേരിയാണ് കൂർഗിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്ന്. കൂർഗ് ജില്ലയുടെ തലസ്ഥാനം എന്ന് വേണമെങ്കിൽ പറയാം. കൂർഗ് ജില്ലയുടെ കേന്ദ്ര ഭാഗത്തായാണ് മടിക്കേരി എന്ന മനോഹരമായ ഇടം നിലകൊള്ളുന്നത്.
അബ്ബെ വെള്ളച്ചാട്ടം, മണ്ഡൽപാട്ടി, കോഫീ പ്ലാന്റേഷൻ, ഗോൾഡൻ ടെമ്പിൾ, ദുബാരെ എലിഫന്റ് ക്യാമ്പ് എന്നിവയാണ് കൂർഗിലെ പ്രധാന കാഴ്‌ചകൾ. ഭൂപ്രകൃതിയെ മനോഹരമാക്കുന്ന നിരവധി വെള്ളച്ചാട്ടങ്ങളുള്ള സ്ഥലമാണിത്. ഇവയാണ് കൂർഗിന്റെ ആവാസ വ്യവസ്ഥയുടെ നെടുംതൂൺ എന്ന് വേണമെങ്കിൽ നമുക്ക് പറയാവുന്നതാണ്.
ഇനി കൂർഗിലെ സ്ഥിരം ലൊക്കേഷനുകൾ മാത്രമല്ല വ്യത്യസ്‌തമായ എന്തെങ്കിലും തേടാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളെ കാത്ത് അധികം പ്രശസ്‌തമല്ലാത്തതും എന്നാൽ മനോഹരവുമായ ഇടങ്ങളുണ്ട്. ഇവിടുത്തെ പ്രധാനപ്പെട്ട തീർഥാടന സ്ഥാനങ്ങളിലൊന്നായി അറിയപ്പെടുന്ന സ്ഥലമാണ് ബാഗമണ്ഡല. ഇവിടെയും നിങ്ങൾക്ക് കാണാൻ കാഴ്‌ചകൾ ഏറെയാണ്.
കൂർഗിലെ മധുര നാരങ്ങ ഏറെ പ്രസിദ്ധമാണ്. മലബാർ പ്രദേശത്തേക്ക് കാലങ്ങളായി ഇത് വിൽപ്പനയ്ക്ക് എത്താറുണ്ട്. ഇവയുടെ തോട്ടങ്ങൾ കാണാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും ഇവിടേക്ക് പോവണം. കൂർഗിലെ ബാളലെ, തിതിമത്തി, കാനൂർ, കുട്ട എന്നീ പ്രദേശങ്ങളിലാണ് കൂടുതലായും ഓറഞ്ച് വിളവെടുക്കുന്നത്. ഇവിടേക്ക് ചെന്നാൽ ഓറഞ്ച് തോട്ടങ്ങൾ കാണാം. ഏറെ ഡിമാൻഡുള്ള കൂർഗ് ഓറഞ്ച് ആവശ്യത്തിന് നേരിട്ട് വാങ്ങാനും കഴിയും.
കൂടാതെ നേരത്തെ പറഞ്ഞ ദുബാരെ, അബ്ബി വെള്ളച്ചാട്ടം എന്നിവയ്ക്ക് പുറമെ നിസർഗധാമ, ഇരുപ്പു വെള്ളച്ചാട്ടം, ബൈലക്കുപ്പെ തുടങ്ങിയ ഒട്ടേറെ കേന്ദ്രങ്ങളുണ്ട് കൂർഗിൽ കാണാനായി. ഇവിടെ നിന്ന് ഒട്ടും ദൂരെയല്ലാത്ത ചിക്കമംഗളൂരു മേഖലയിലേക്കും യാത്ര ചെയ്യാവുന്നതാണ്.