വീട്ടില്‍ പണം കായ്ക്കുന്ന മരമുണ്ടോയെന്ന് അതിശയോക്തി കലര്‍ത്തി പലരും ചോദിക്കാറുണ്ടല്ലോ. എന്നാല്‍ അങ്ങനെ ഒന്നുണ്ട്. ചെറിയ മുതല്‍ മുടക്കില്‍ തുടങ്ങി കോടികള്‍ സമ്പാദിക്കാവുന്ന കൃഷിയാണ് ചന്ദനം. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പു വരെ ഇത് നിയമവിധേയമായിരുന്നില്ല. എന്നാല്‍ ഇന്ന് രാജ്യത്ത് ചന്ദനമരം കൃഷി ചെയ്യാം. എന്നാല്‍ ഒരിക്കലും വീട്ടില്‍ വളര്‍ത്താന്‍ പാടില്ലാത്ത ചെടിയാണ് ചന്ദനം എന്നാണ് പലരും ഇപ്പോളും കരുതിയിരിക്കുന്നത്. ചന്ദനം വളര്‍ത്തുന്നത് നിയമപരമായി തെറ്റാണ് എന്നതാണ് പലരുടെയും ചിന്ത. എന്നാല്‍ ചന്ദനം വീട്ടില്‍ വളര്‍ത്താം, വിറ്റ് പണം സമ്പാദിക്കുകയും ചെയ്യാം.
ചന്ദനം വീട്ടില്‍ വളര്‍ത്തുന്നതിനു നിയമ തടസ്സമില്ല. വലിയ പ്ലാന്റേഷനായും ചന്ദനം വളര്‍ത്താം. മരം നടാമെങ്കിലും മുറിക്കാന്‍ സര്‍ക്കാരിന്റെ അനുമതി വേണം എന്ന് മാത്രം. സ്വകാര്യവ്യക്തികളുടെ പുരയിടത്തില്‍ ചന്ദനമരങ്ങള്‍ ഉണ്ടെങ്കില്‍ ഉടമയ്ക്ക് സര്‍ക്കാര്‍ പണം നല്‍കും. ഭൂപതിവ് ചട്ടപ്രകാരം പതിച്ചു നല്‍കിയ ഭൂമിയിലാണ് മരമെങ്കില്‍ ഉടമയ്ക്ക് മരത്തിന്റെ വില ലഭിക്കില്ല. സര്‍ക്കാര്‍ ഭൂമി അല്ല എന്നും ബാധ്യതയില്ല എന്നും തഹസില്‍ദാര്‍ സാക്ഷ്യപത്രം നല്‍കിയാല്‍ പണം ലഭിക്കുന്നതാണ്.
ചന്ദനം വീട്ടില്‍ വളര്‍ത്തുന്നത് നിയമപരമായി തെറ്റായ കാര്യമല്ല. എന്നാല്‍ മരം മുറിക്കുന്നതിന് സര്‍ക്കാരിന്റെ അനുമതി വേണം. മരം വീടിന് ഭീഷണിയാകുന്നെങ്കിലോ ചരിഞ്ഞു വീഴുകയാണെങ്കിലോ നിലവിലെ നിയമപ്രകാരം ചന്ദനം മുറിക്കാവുന്നതാണ്. ഇങ്ങനെ മരം മുറിക്കേണ്ട സാഹചര്യം വരുകയാണെങ്കില്‍ ആ സ്ഥലത്തിന്റെ ചുമതലയുള്ള ഡി എഫ് ഒയ്ക്ക് നിവേദനം സമര്‍പ്പിക്കണം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മരത്തിന്റെ വേരടക്കം എടുത്ത് മഹസര്‍ തയാറാക്കിയ ശേഷം മറയൂരിലേയ്ക്ക് കൊണ്ടുപോകും. വനം വകുപ്പിന്റെ ചന്ദന ഡിപ്പോ മറയൂരിലാണ്. കേരളത്തില്‍ എവിടെ ചന്ദനം മുറിച്ചാലും മറയൂര്‍ ചന്ദന ഡിപ്പോയിലേക്കാണ് കൊണ്ടുപോകുന്നത്.
മുപ്പതോളം ഇനത്തില്‍പ്പെട്ട ചന്ദനമരങ്ങളുണ്ട്. എന്നാല്‍ കേരളത്തിലെ ഏറ്റവും മികച്ചയിനം സന്റാലം ആല്‍ബം ആണ്. ഇവ അര്‍ദ്ധപരാത സസ്യമായതിനാല്‍ ഒറ്റയ്ക്ക് നടുന്നതിന് പകരം തൊട്ടാവാടി പോലുള്ള മറ്റ് ചെടികള്‍ക്കൊപ്പം നടുന്നതാണ് നല്ലത്. ഏഴ് മുതല്‍ എട്ട് മാസം വരെ പ്രായമുള്ള, ഒരടിയെങ്കിലും ഉയരമുള്ള തൈകളാണ് നടീല്‍ വസ്തുവായി ഉപയോഗിക്കേണ്ടത്. ഒന്നരയടി നീളവും വീതിയുമുള്ള കുഴികള്‍ മൂന്ന് മീറ്റര്‍ അകലത്തിലെടുത്ത് ചാണകപ്പൊടി ചേര്‍ത്ത് നടാം. കുറഞ്ഞ അളവില്‍ മാത്രം വെള്ളം നനച്ചാല്‍ മതി. 15 വര്‍ഷമാകുമ്പോള്‍ കാതല്‍ രൂപപ്പെടും. ചന്ദനത്തിന്റെ വേരിനും വില ലഭിക്കും അതിനാല്‍ മരം മുറിക്കുന്നതിന് പകരം വേരോടെ പിഴുതെടുക്കുകയാണ് ചെയ്യുന്നത്.
ആദ്യ എഴ് മുതല്‍ എട്ട് വര്‍ഷം വരെ സാധരണ സംരക്ഷണം മാത്രമാണ് ആവശ്യമായി വരുന്നത്. ഇതിന് ശേഷം വര്‍ഷത്തില്‍ ഒരു കിലോ എന്ന തോതില്‍ മരം വളരും. 15 വര്‍ഷമെത്തുമ്പോഴേയ്ക്കും കാതല്‍ രൂപം കൊള്ളും. പൂര്‍ണവളര്‍ച്ചയെത്തുമ്പോള്‍ 13-16 മീറ്റര്‍ നീളവും 1-2 മീറ്റര്‍ വണ്ണവുമുണ്ടായിരിക്കും. ചന്ദനമരങ്ങള്‍ മുറിച്ചെടുക്കുന്നതിന് പകരം പിഴുതെടുക്കുകയാണ് ചെയ്യുന്നത്. വേരിന് പോലും തൂക്കത്തിനനുസരിച്ച് വില ലഭിക്കും എന്നതാണ് ഇതിന് കാരണം. മണല്‍ നിറഞ്ഞതോ, മഞ്ഞുവീഴ്ചയുള്ളതോ ആയ ചുറ്റുപാടുകള്‍ ഒഴികെയുള്ള പ്രദേശങ്ങള്‍ ചന്ദനകൃഷിക്ക് അനുയോജ്യമാണ്. ചന്ദനകൃഷി നടത്തുന്നയിടങ്ങളില്‍ സര്‍ക്കാരിന്റെ കര്‍ശന മേല്‍നോട്ടം ഉണ്ടാകും. ചന്ദനത്തൈ വാങ്ങുന്നതു മുതല്‍ നട്ടുവളര്‍ത്തുന്നതു വരെ നിങ്ങള്‍ വനം വകുപ്പിനെ അറിയിക്കേണ്ടതുണ്ട്. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ നിങ്ങളുടെ കൃഷി സ്ഥലം അറിയിപ്പുകള്‍ കൂടാതെ സന്ദര്‍ശിച്ചേക്കാം.
2017ല്‍ സര്‍ക്കാര്‍ ചന്ദനം സ്വകാര്യമായി വാങ്ങുന്നതും വില്‍ക്കുന്നതും നിരോധിച്ചിരുന്നു. നിയമപ്രകാരം, വ്യക്തികള്‍ക്ക് ചന്ദനമരങ്ങള്‍ നടാം, പക്ഷേ അവ വില്‍ക്കുന്നത് സര്‍ക്കാരിനായിരിക്കണം. സര്‍ക്കാര്‍ ഡിപ്പോകളില്‍ ലേലം ചെയ്ത് ഇവ വില്‍ക്കും. ഈ വരുമാനം പൂര്‍ണമായും കര്‍ഷകര്‍ക്ക് തന്നെ ലഭിക്കും.