ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ 24കാരനായ യുവാവ് തന്റെ കറുത്ത നിറം കാരണം ഭാര്യ ഉപേക്ഷിച്ചെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകി. വിഷയത്തിൽ പൊലീസ് ഇരുവരെയും ശനിയാഴ്ച കൗൺസിലിംഗിന് വിളിച്ചു. വിക്കി ഫാക്ടറി പ്രദേശത്തെ താമസക്കാരനായ ഇയാൾ 14 മാസം മുമ്പാണ് വിവാഹിതനായതെന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഭാര്യ തന്നെ മാനസികമായി പീഡിപ്പിക്കാറുണ്ടെന്നും ഇയാൾ പരാതിയിൽ പറയുന്നു.
2023 ഏപ്രിലിലായിരുന്നു ഇവരുടെ വിവാഹം. ദമ്പതികൾക്ക് ഒന്നര മാസം പ്രായമുള്ള ഒരു മകളുണ്ട്. വിവാഹം കഴിഞ്ഞ അധികം വൈകാതെ തന്നെ ഭാര്യയ്ക്ക് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ തുടങ്ങി. ഒരു അപകടം സംഭവിച്ച് യുവാവിന് ജോലിക്ക് പോകാൻ കഴിയാതെ വന്നതോടെ വഴക്ക് കൂടിക്കൊണ്ടിരുന്നു. തുടര്‍ന്ന് മകൾ ജനിച്ച് ഒന്നര മാസം മാത്രമായപ്പോൾ ഭാര്യ വീടുവിട്ടിറങ്ങിയെന്ന് യുവാവിന്റെ പരാതിയിൽ പറയുന്നു.
ഭാര്യയെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാനായി യുവാവ് ഈ വീട്ടിലേക്ക് പോയെങ്കിലും അവർ തൻ്റെ കറുത്ത നിറത്തെ ചൊല്ലി വരാൻ തയ്യാറായില്ലെന്നാണ് പരാതി.
പിന്നാലെ യുവതി പൊലീസിനെ സമീപിച്ച് ഭർത്താവിനെതിരെ പീഡന പരാതി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി സ്വന്തം വീട്ടിലേക്ക് പോയതെന്ന് വ്യക്തമായത്. ഇതോടെ ഭർത്താവും യുവതിക്കെതിരെ പൊലീസിൽ പരാതി നൽകി.
സ്ത്രീധന പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇരുവര്‍ക്കും ഇടയില്‍ ഇല്ലായിരുന്നുവെന്നാണ് യുവാവ് പറയുന്നത്. വിവാഹസമയത്ത് വധുവിന്റെ കുടുംബത്തിന് വരന്റെ ഭാഗത്തുനിന്ന് സമ്മാനങ്ങളും പണവും നൽകുന്ന ഒരു പാരമ്പര്യം പിന്തുടരുന്ന മോഗിയ ഗോത്രത്തിൽ പെട്ടയാളാണ് താനെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. തനിക്ക് ഭാര്യയെ ഇപ്പോഴും ഇഷ്ടമാണെന്നും അവളെ തിരികെ വേണമെന്നും പറഞ്ഞു. മകളുടെ കാര്യത്തിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
ജൂലൈ 13ന് തങ്ങൾ ഇരു കക്ഷികളെയും കൗൺസിലിംഗിനായി വിളിച്ചിട്ടുണ്ട്. അതിനുശേഷം മാത്രമായിരിക്കും വിഷയത്തിൽ നടപടികളെടുക്കുക എന്ന് അവർ കൂട്ടിച്ചേർത്തു.