Kerala

തിരുവമ്പാടി കെഎസ്ഇബി ഓഫീസ് ആക്രമണ കേസ്; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

കോഴിക്കോട്: വൈദ്യുതി ബില്ല് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് തിരുവമ്പാടി കെഎസ്ഇബി സെക്ഷൻ ഓഫീസിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതികള്‍ ചെയ്തത് ഗുരുതരമായ കുറ്റമെന്ന് ചൂണ്ടികാണിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.

സർക്കാർ സ്ഥാപനത്തിന് നേരെ ഉണ്ടായ ആക്രമണം അതീവ ഗൗരവതരമാണെന്ന് വ്യക്തമാക്കിയാണ് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ആണ് ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്. ഇത്തരം കേസുകളില്‍ യാതൊരു വിട്ടു വീഴ്ച്ചയ്ക്കും ഇടയില്ലെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം ജില്ലാ കോടതിയെ സമീപിക്കുമെന്ന് പ്രതികളുടെ അഭിഭാഷകന്‍ അറിയിച്ചു.

വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് പിന്നാലെ അജ്മല്‍ എന്നയാള്‍ കെഎസ്ഇബി ഓഫിസില്‍ കയറി ആക്രമണം നടത്തിയെന്നായിരുന്നു പരാതി. ഇതിന് പിന്നാലെ അജ്മലിനേയും സഹോദരന്‍ ഷഹദാദിനേയും തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരും നിലവില്‍ റിമാന്‍ഡിലാണ്.

ഒന്നാംപ്രതിയും യൂത്ത് കോൺഗ്രസ് നേതാവുമായ അജ്മൽ സ്ഥിരം കുറ്റവാളി എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചു. അജ്മലും സഹോദരൻ ഷഹദാദും സമർപ്പിച്ച ജാമ്യപേക്ഷയാണ് കോടതി തള്ളിയത്.