ന്യൂഡല്‍ഹി : മദ്യനയക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറ്റേറ്റ് അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഇ.ഡി.അറസ്റ്റ് ചോദ്യം ചെയ്ത് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി വിശാല ബെഞ്ചിന് വിട്ടുകൊണ്ടാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഹർജിയിലെ വിഷയങ്ങൾ മൂന്നംഗ ബെഞ്ചിന് വിട്ടു. മൂന്നംഗ ബെഞ്ചിന്റെ തീരുമാനം വരുന്നത് വരെയാണ് ജാമ്യം. ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
അറസ്റ്റ് നിയമവിധേയമല്ലെന്ന് കാണിച്ചാണ് അരവിന്ദ് കെജ്‍രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്. മുൻപ് കേസ് പരിഗണിച്ച രണ്ടംഗ ബെഞ്ചിന് തീരുമാനമെടുക്കാൻ കഴിയുന്ന വിഷയങ്ങളല്ല ഉള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് മൂന്നംഗ ബെഞ്ചിന് വിട്ടത്. കൂടാതെ, മുഖ്യമന്ത്രി എന്ന പരിഗണന കൂടി നൽകിയാണ് ജാമ്യം നൽകിയിരിക്കുന്നത്. എന്നാൽ, ഇനി മുഖ്യമന്ത്രി ആയി ഇരിക്കണോ വേണ്ടയോ എന്ന കാര്യം അരവിന്ദ് കെജ്‍രിവാളിന് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു.
അതേസമയം, മദ്യനയ അഴിമതികേസിൽ കെജ്‍രിവാളിനെയും ആം ആദ്മി പാർട്ടിയെയും പ്രതിയാക്കി അനുബന്ധകുറ്റപത്രം വിചാരണ കോടതിയിൽ ഇഡി സമർപ്പിച്ചിരുന്നു. ഇതിൽ ജൂലൈ 11-ന് വാദം നടക്കും. ഈ കേസിൽ ഹാജരാകാനും കെജ്‍രിവാളിനോട് കോടതി അറിയിച്ചിട്ടുണ്ട്. സിബിഐ കേസിലും കെജ്‍രിവാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. അതിനാൽ, ജയിൽ മോചിതനാകാൻ സാധിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.