ചുട്ടുപൊള്ളുന്ന വെയില്. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മണലാരണ്യം. പച്ചത്തുരുത്തുകളോ, വെള്ളത്തിന്റെ അംശമോ കണ്ടെത്താനാവാത്ത ഇടം. എങ്ങോട്ടു നോക്കിയാലും ഭീതിപ്പെടുത്തുന്ന നിശബ്ദതയും, കാറ്റിന്റെ ഹുങ്കാരവും മാത്രം. ഇതാണല്ലോ മരുഭൂമികളെ കുറിച്ചുള്ള സങ്കല്പവും സത്യവും. എന്നാല്‍, ചിലപ്പോഴൊക്കെ മരുഭൂമികള്‍ ആകര്‍ഷിക്കപ്പെടുന്ന വശ്യതയോടെ നമ്മളെ മാടി വിളിക്കാറുമുണ്ട്. ഇതാ ചിലിയിലെ അറ്റക്കാമ മരുഭൂമിയും വസന്തം നിറച്ച് സന്ദര്‍ശകരെ ആകര്‍ഷിക്കുകയാണ്.
അപ്രതീക്ഷിതമായി പെയ്ത മഴയാണ് അറ്റക്കാമയെ സുന്ദരിയാക്കിയിരിക്കുന്നത്. കിഴക്കന്‍ ചിലിയിലെ അറ്റക്കാമ മരുഭൂമി ഇപ്പോള്‍ പൂത്തുലഞ്ഞു നില്‍ക്കുകയാണ്. നീണ്ടുനിവര്‍ന്നു കിടക്കുന്ന വെളുപ്പും പര്‍പ്പിളും നിറമുള്ള പൂവുകള്‍ ആരുടെയും മനം കവരും. ഗ്വാന്‍കോ ഫീറ്റ് എന്നറിയപ്പെടുന്ന സസ്യമാണ് പുഷ്പിച്ചിരിക്കുന്നത്. നല്ല മഴ ലഭിക്കുമ്പോള്‍ മാത്രമാണ് മരുഭൂമിയില്‍ പൂക്കള്‍ വിരിയുന്നത്. ആവശ്യത്തിനുള്ള മഴ ലഭിക്കുന്നതുവരെ വിത്തുകള്‍ മണലാഴങ്ങളില്‍ ആണ്ടുകിടക്കും. ആര്‍ത്തുപെയ്യുന്ന മഴയില്‍ അവ മുളപൊട്ടി പുറത്തു വന്ന് പൂത്തുലയും. ഉത്തരധ്രുവത്തില്‍ സ്ഥിതിചെയ്യുന്ന അറ്റക്കാമ മരുഭൂമി ലോകത്തിലെ ഏറ്റവും വരണ്ട പ്രദേശങ്ങളില്‍ ഒന്നാണ്.
നാല്പതു വര്‍ഷത്തിനിടെ 15 പ്രാവശ്യമാണ് ഇത്തരത്തില്‍ അറ്റക്കാമ പുഷ്പിണിയായത്. അതെല്ലാം സെപ്റ്റംബര്‍ മാസത്തിലായിരുന്നു. ഈ പ്രാവശ്യം എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്ന് പെയ്ത കനത്തമഴയിലാണ് പൂക്കള്‍ നേരത്തെ വിരിഞ്ഞത്. 2015 ലാണ് അവസാനമായി അറ്റക്കാമയില്‍ പൂക്കാലം വിരുന്നെത്തിയത്. ‘മഴകൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ട് മണ്ണില്‍ മനസ്സില്‍’ ഈ സിനിമാ ഗാനത്തെ അന്വര്‍ത്ഥമാക്കും വിധമാണ് അറ്റക്കാമയിലെ പൂക്കാലം. അത്യുഷ്ണം മൂലം സസ്യങ്ങള്‍ക്കോ ജീവജാലങ്ങള്‍ക്കോ നിലനില്‍ക്കാനാകാത്ത മരുഭൂമിയില്ലാണ് പൂക്കാലം വന്നിരിക്കുന്നതെന്നോര്‍ക്കണം. 1000 കിലോമീറ്ററോളം പരന്ന് കിടക്കുന്ന അറ്റാക്കാമ മരുഭൂമിയുടെ ഒരു ഭാഗത്താണ് വസന്തം വിരുന്നൊരുക്കിയിരിക്കുന്നത്.
നിരവധി സഞ്ചാരികളാണ് കാഴ്ചകള്‍ കാണാന്‍ ഇപ്പോള്‍ ഇവിടെയെത്തുന്നത്. തെക്കേ അമേരിക്കയിലെ പെറുവിന്റെ പടിഞ്ഞാറന്‍ തീരത്താണ് അറ്റക്കാമ മരുഭൂമി സ്ഥിതി ചെയ്യുന്നത്. ആന്‍ഡ്സ് മലനിരകള്‍ക്കും പസഫിക് സമുദ്രത്തിനുമിടയില്‍ സ്ഥിതിചെയ്യുന്നതു കൊണ്ട്, മറ്റ് മരുഭൂമികളില്‍ നിന്നും തികച്ചും വ്യത്യസ്തമായ കാലാവസ്ഥയാണ് അറ്റാക്കാമയിലേത്. ചൂടും തണുപ്പും ഇടകലര്‍ന്ന് അനുഭവപ്പെടുന്ന അറ്റക്കാമയില്‍ വര്‍ഷത്തെ ശരാശരി ഉയര്‍ന്ന താപനില 18 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ്. അറ്റക്കാമയ്ക്കടുത്തെത്തുന്ന ഈസ്റ്റെര്‍ലി വിന്‍ഡ്സിനെ ആന്‍ഡസ് പര്‍വത നിര തടഞ്ഞു നിര്‍ത്തുകയും, അതുകൊണ്ട് വളരെ ചെറിയ അളവില്‍ മാത്രമേ ഈസ്റ്റെര്‍ലി കാറ്റുകള്‍ അറ്റക്കാമയില്‍ പ്രവേശിക്കുന്നുള്ളു.
കിഴക്ക് നിന്നു പടിഞ്ഞാറേക്ക് കടലിലെ ഈര്‍പ്പം ശേഖരിച്ച് വന്‍കരകളുടെ മധ്യഭാഗത്തു വരെ മഴ എത്തിക്കുന്നവയാണ് ഈസ്റ്റെര്‍ലി വിന്‍ഡ്സ് എന്നറിയപ്പെടുന്ന കാറ്റുകള്‍. എന്നാല്‍ തുടര്‍യാത്രയില്‍ ഈ കാറ്റുകള്‍ കരയില്‍ ശേഷിക്കുന്ന ഈര്‍പ്പം കൂടി വലിച്ചെടുത്ത് മരുപ്രദേശത്തിന്റെ രൂപീകരണത്തിന് കാരണമാകുന്നു. എന്നാല്‍ ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ അറ്റാകാമയെ വേറിട്ടുനിര്‍ത്തുന്നു. അറ്റക്കാമയ്ക്കടുത്തെത്തുന്ന ഈസ്റ്റെര്‍ലി വിന്‍ഡ്സിനെ ആന്‍ഡ്സ് പര്‍വത നിര തടഞ്ഞു നിര്‍ത്തുന്നു, അതുകൊണ്ട് വളരെ ചെറിയ അളവില്‍ മാത്രമേ ഈസ്റ്റെര്‍ലി കാറ്റുകള്‍ അറ്റക്കാമയില്‍ പ്രവേശിക്കുന്നുള്ളു.
പടിഞ്ഞാറ് ഭാഗത്ത് കൊടും തണുപ്പ് കാരണം അന്റാര്‍ട്ടിക്കില്‍ നിന്നു പസഫിക്കിലേക്കെത്തുന്ന കടല്‍വെള്ളം നീരാവിയായി മാറില്ല. ഇത്തരത്തില്‍ ആന്‍ഡ്സ് പര്‍വതനിരകളും പസഫിക് സമുദ്രവും ഈസ്റ്റേര്‍ലി കാറ്റുകളുമെല്ലാം അറ്റക്കാമയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകളെ സ്വാധീനിക്കുന്നു. ഇവയാണ് അറ്റക്കാമയെ ഒരേസമയം തണുപ്പുള്ളതും വരണ്ടതുമായ മരുഭൂമിയാക്കി നിലനിര്‍ത്തുന്നത്. ഭരണപരമായി ഈ മരുപ്രദേശം അന്റാഫഗസ്താ, അറ്റക്കാമ എന്നീ ജില്ലകളില്‍പ്പെടുന്നു. വടക്കു ഭാഗത്തെ അറ്റക്കാമ ജില്ലയില്‍ സാന്‍ ഫെലിക്സ്, സാന്‍ അംബ്രോയ്സോ എന്നീ ദ്വീപുകളുമുണ്ട്. ഇവിടം ഖനനപ്രധാനമായ മേഖലയാണ്. ചെമ്പും ഇരുമ്പും വന്‍തോതില്‍ ലഭിക്കുന്ന ഇടം. സ്വര്‍ണം, വെള്ളി, കറുത്തീയം, അപട്ടൈറ്റ് എന്നിവയാണ് മറ്റു ധാതുക്കള്‍.
ഇവിടുത്തെ ജനങ്ങള്‍ താഴ്വാരങ്ങളില് കൃഷിചെയ്യുന്നുണ്ട്. സാമാന്യമായ തോതില്‍ കന്നുകാലിമേച്ചിലും നടക്കുന്നു. ഈ മരുഭൂമിയുടെ മധ്യഭാഗത്തുള്ള ചിലിയിലെ അന്റൊഫഗാസ്റ്റ, കലാമ, കോപ്പിയാപ്പോ എന്നീ പ്രദേശങ്ങളില്‍ തുടര്‍ച്ചയായ 4 വര്‍ഷങ്ങള്‍ വരെ മഴ രേഖപ്പെടുതാതിരുന്നിട്ടുണ്ട്. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്താല്‍ 1570നും 1971നും ഇടയിലുള്ള കാലഘട്ടത്തില്‍ ഈ മരുഭൂമിയില്‍ കാര്യമായ വര്‍ഷപാതം ലഭിച്ചിട്ടില്ല. ഈ പ്രദേശത്തുള്ള വളരെ ഉന്നതമായ പര്‍വ്വതങ്ങള്‍ വരെ മഞ്ഞിന്റെ അംശം ഇല്ലാതെ വരണ്ടു കാണപ്പെടുന്നു എന്നത് വിചിത്രമായ ഒരു വസ്തുതയാണ്. അറ്റക്കാമയിലെ നദീതടങ്ങള്‍ 120,000 വര്‍ഷങ്ങളായി വരണ്ടു കിടക്കുകയാണെന്ന് ബ്രിട്ടീഷ് ശാസ്ത്രകാരന്മാര് നടത്തിയിട്ടുള്ള പഠനങ്ങളില്‍ സൂചനയുണ്ട്.
എങ്കിലും, അറ്റക്കാമയിലെ ചില പ്രദേശങ്ങളില്‍ താരതമ്യേന ശക്തമായ സമുദ്രജന്യമായ മൂടല്‍മഞ്ഞ് കണ്ടുവരുന്നു. തദ്ദേശീയമായി കാമന്‍ചാച എന്നറിയപ്പെടുന്ന ഈ മൂടല്‍മഞ്ഞ് ചില ആല്‍ഗകള്‍, പായലുകള്‍, കള്ളിമുള്‍ ചെടികള്‍ എന്നിവകളുടെ വളര്‍ച്ചയെ സഹായിക്കുന്നുണ്ട്. ഭൂമിശാസ്ത്രപരമായി അറ്റക്കാമയിലെ വരള്‍ച്ചയുടെ കാരണങ്ങള്‍ ഇവയാണെന്നാണ് പറയപ്പെടുന്നത്. ഈ മരുഭൂമി ചിലിയന്‍ കടല്‍ത്തീര പര്‍വ്വതനിരയുടെ മഴനിഴല്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്നതിനാല്‍, ശാന്തസമുദ്രത്തില്‍ നിന്നുള്ള ഈര്‍പ്പം എത്തിപ്പെടുന്നില്ല. ആന്‍ഡ്സ് പര്‍വ്വതനിരകളുടെ ഉയരം ആമസോണ്‍ തീരങ്ങളില്‍ രൂപപ്പെടുന്ന മഴമേഘങ്ങള്‍ അറ്റക്കാമയില്‍ എത്തുന്നതിനെ തടയുന്നു. ഈ മരുഭൂമി, ചില അപൂര്‍വമായ കള്ളിമുള്‍ ചെടികള്‍ക്കും അതുപോലെ തന്നെ ജലശേഖരണികളായ മറ്റു ചില സസ്യങ്ങള്‍ക്കും വാസസ്ഥലം ഒരുക്കുന്നു.
CONTENT HIGHLIGHTS;Blooming in the desert?: Spring has sprung in Chile’s Atacama Desert; are you going to see