സര്‍ക്കാര്‍ പാനല്‍ തള്ളി കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് പുതിയ വൈസ് ചാന്‍സലറെ നിയമിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കാലിക്കറ്റ് സര്‍വകലാശാല കെമിസ്ട്രി വിഭാഗം പ്രൊഫസ്സറും, മുന്‍ സയന്‍സ് ഡീനുമാണ് ഡോ. പി രവീന്ദ്രന്‍. സര്‍വകലാശാലയുടെ ചുമതല കൈമാറുന്നതുമായി ബന്ധപ്പെട്ട് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തരവിറക്കി. ഡോ. എം കെ ജയരാജ് വിസി സ്ഥാനത്തുനിന്ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.
എം.ജി., സംസ്കൃത, മലയാളം, കണ്ണൂർ സർവകലാശാലകളിൽ വി.സിമാരുടെചുമതല ഗവർണർ നേരിട്ട് നൽകുകയായിരുന്നു. എന്നാൽ, കാലിക്കറ്റ് സർവകലാശാലയിൽ വി.സിയെ നിയമിക്കുന്നതിന് സർക്കാർ മൂന്ന് പ്രൊഫസർമാരുടെ പാനൽ നൽകിയിരുന്നു. കാലിക്കറ്റ് സർവകലാശാല ഫിസിക്സ് പ്രൊഫസർ ഡോ. പ്രദ്യുമ്നൻ, കേരള സർവകലാശാല ഹിന്ദി പ്രൊഫസർ ഡോ. ജയചന്ദ്രൻ, ഇംഗ്ലീഷ് പ്രൊഫസർ ഡോ. മീനാപിള്ള എന്നിവരുടെ പേരുകൾ ഉൾപ്പെടുത്തിയ പാനലാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഗവർണർക്ക് സമർപ്പിച്ചത്.
സർവകലാശാല വി.സി നിയമനങ്ങളിൽ മന്ത്രിയുടെയോ സർക്കാരിന്റെയോ ഇടപെടൽ പാടില്ലെന്ന സുപ്രീം കോടതി വിധി നിലനിൽക്കെയാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി വീണ്ടും ഗവർണർക്ക് പാനൽ സമർപ്പിച്ചത്. പ്രസ്തുത പാനൽ തള്ളിക്കൊണ്ടാണ് സീനിയർ പ്രൊഫസറായ ഡോ. പി. രവീന്ദ്രന് ഗവർണർ കാലിക്കറ്റ് വി.സിയുടെ പൂർണ്ണ ചുമതല നൽകിയത്. ഡോ.ഗോപിനാഥ് രവീന്ദ്രന് കണ്ണൂർ വി.സിയായി പുനർനിയമനം നൽകാനുള്ള മന്ത്രി ഡോ.ബിന്ദുവിന്റെ കത്ത് ഏറെ വിവാദങ്ങൾക്ക് വഴിവച്ചതിനു പിന്നാലെയാണ് മന്ത്രി വീണ്ടും ഗവർണർക്ക് കത്തെഴുതിയത്
















