സംസ്ഥാനത്തെ നഗരവീഥികള്‍ സാംസ്‌ക്കാരിക ഇടനാഴിയായി മാറ്റാനുള്ള പദ്ധതിയുമായി ടൂറിസം വകുപ്പ്. തിരുവനന്തപുരത്തെ മാനവീയം വീഥി മാതൃകയില്‍ റോഡുകളുടെ ഭാഗമായി ആളുകള്‍ക്ക് ഒത്ത് കൂടാനുള്ള സൗകര്യം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കും. തിരുവനന്തപുരത്ത് നഗരത്തിലെ 30 പൈതൃക കെട്ടിടങ്ങള്‍ ദീപാലംകൃതമാക്കുന്നതിന് 35.6 കോടി രൂപ അനുവദിച്ചു. നിലവില്‍ 27 എണ്ണം പ്രവര്‍ത്തനസജ്ജമായി. കോഴിക്കോട് നഗരത്തിലെ പ്രധാന പൈതൃക കെട്ടിടങ്ങളും ദീപാലംകൃതമാക്കും. കനക്കുന്ന് കൊട്ടാര വളപ്പില്‍ രാത്രികാല ടൂറിസം പദ്ധതി നടപ്പാക്കുന്നതിന് 2.63 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തീകരിച്ചതായി ടൂറിസം പൊതുമരാമത്ത വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളില്‍ ഇന്‍ഫോര്‍മേഷന്‍ കിയോസ്‌കുകള്‍ സ്ഥാപിക്കും വിവിധ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് അവരുടെ ഭാഷയില്‍ ആശയ വിനിമയത്തിന് സഹായകരമാകുന്നതാകും കിയോസ്‌കുകള്‍. ടൂറിസം കേന്ദ്രങ്ങളോട് ചേര്‍ന്ന് കാരവാന്‍ പാര്‍ക്കുകള്‍ അനിവാര്യമാണ്. കെടിഡിസിയുടെ ഉള്‍പ്പടെ സഹായത്തോടെ അവ നടപ്പാക്കും. കേരളത്തിലെ കാരവാന്‍ ടൂറിസം പദ്ധതിയെ മറ്റ് സംസ്ഥാനങ്ങളും മാതൃകയാക്കുന്നുണ്ട്. ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കും. ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതിയിലൂടെ പ്രാദേശിക കേന്ദ്രങ്ങളുടെ വികസനം നടപ്പാക്കും. വനംവകുപ്പുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ട്. ഇത് വനംവകുപ്പുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കും. മലബാര്‍ ടൂറിസം വികസനത്തിന് പ്രത്യേക പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. പ്രത്യേക ബ്ലോഗ് മീറ്റ് സംഘടിപ്പിക്കും. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളെ മലബാര്‍ മേഖലയിലേക്ക് ആകര്‍ഷിക്കാനും പദ്ധതി നടപ്പാക്കും. നിലവില്‍ കേരളം സന്ദര്‍ശിക്കുന്നവരില്‍ 100 ല്‍ ആറ് പേര്‍ മാത്രമാണ് മലബാര്‍ സന്ദര്‍ശിക്കുന്നത്. താമസ സൗകര്യത്തിന്റെ കുറവാണ് പ്രധാന പ്രശ്‌നം. പിഡബ്‌ള്യുഡി റസ്റ്റ് ഹൗസുകള്‍ നവീകരിച്ച് ഓണ്‍ലൈന്‍ബുക്കിംഗിലൂടെ പരിഹാരം കാണും. 50 വര്‍ഷത്തിലേറെ പഴക്കമുള്ളതും പരമ്പരാഗത കേരളീയ വാസ്തുവിദ്യയുടെ സവിശേഷതകളുള്ളതുമായ പൈതൃക കെട്ടിടങ്ങളെ സംരക്ഷിക്കുന്നതിനും അതെല്ലാം ടൂറിസം വിപണനത്തിനായി ഉപയോഗിക്കുന്നതിനുമായി കെട്ടിടങ്ങളുടെ പുനരുദ്ധാരണ ചെലവിന്റെ 25% തുക (പരമാവധി 5 ലക്ഷം രൂപ) ഇന്‍വെസ്റ്റ്‌മെന്റ് സബ്സിഡിയായി നല്‍കുന്നു. ക്ലാസിഫൈഡ് ഹോട്ടലുകളടക്കമുള്ള ടൂറിസം സ്ഥാപനങ്ങള്‍ക്ക് വൈദ്യുതി താരിഫ് ഇന്ദത്തില്‍ സബ്സിഡി അനുവദിക്കുന്ന സ്‌കീം. കാരവന്‍ വാങ്ങുന്ന സ്വകാര്യ സംരംഭകരില്‍ ആദ്യ 100 കാരവനുകള്‍ക്ക് മുതല്‍ മുടക്കിന്റെ 15% അല്ലെങ്കില്‍ 7.5 ലക്ഷം രൂപ ഏതാണോ കുറവ്, 101 മുതല്‍ 200 വരെയുള്ള കാരവനുകള്‍ക്ക് 10% അല്ലെങ്കില്‍ 5 ലക്ഷം രൂപ ഏതാണോ കുറവ് 201 മുതല്‍ 300 വരെയുള്ള കാരവനുകള്‍ക്ക് 5% അല്ലെങ്കില്‍ 2.5 ലക്ഷം രൂപ ഏതാണോ കുറവ് ആയത് ഇന്‍വെസ്റ്റ്മെന്റ് സബ്സിഡി ആയി നല്‍കി വരുന്നു. ഈ സര്‍ക്കാരിന്റെ കാലയളവില്‍ കാരവന്‍ ടൂറിസത്തിന്റെ ഭാഗമായി കാരവന്‍ വാങ്ങി വകുപ്പില്‍ അപേക്ഷ സമര്‍പ്പിച്ച 13 സംരംഭകര്‍ക്ക് ആകെ 97,50,000 രൂപ സബ്‌സിഡിയായി നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.