തെന്നിന്ത്യന്‍ സിനിമാ വ്യവസായത്തിന്റെ സിരാകേന്ദ്രമായ കോടമ്പാക്കം സിനിമാക്കഥകളെ വെല്ലുന്ന അനേകം ജീവിത സന്ദര്‍ഭങ്ങള്‍ക്ക് പല കാലങ്ങളില്‍ സാക്ഷിയായതാണ്. തെന്നിന്ത്യയാകെ ഇളക്കി മറിച്ച ഒരു താരം 1996 സെപ്തംബര്‍ 23 ന് രാത്രിയില്‍ ഫാനില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തതിന്റെ പിറ്റേന്നാളും കോടമ്പാക്കം പതിവുപോലെ തന്നെയായിരുന്നു.
തമിഴ്, തെലുങ്ക്, കന്നട, മലയാളം തുടങ്ങി ഭാഷാഭേദമന്യേ വിവിധ സംസ്ഥാനങ്ങളുടെ അതിരുകളെ ഭേദിച്ച് വലിയ താരമായി വളര്‍ന്ന, മറ്റാര്‍ക്കും അവകാശപ്പെടാന്‍ സാധിക്കാത്ത തരത്തില്‍ 450ലധികം സിനിമകളിലഭിനയിച്ച് തെന്നിന്ത്യയാകെ തിളങ്ങി നിന്ന ആ താരത്തെ അവസാനമായി ഒരു നോക്ക് കാണാനോ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനോ സിനിമാ രംഗത്തെ പ്രമുഖര്‍ ആരുമെത്തിയില്ല.
സിൽക്ക് സ്മിത
ഈ പേര് പല പുരുഷന്മാർക്കും ഉള്ളിൽ ഇക്കിളി ഉണർത്തിയിരുന്ന ഒന്നായിരുന്നു. സദാചാരത്തിന്റെ മുഖം മൂടി ഇട്ടവർക്ക് പലപ്പോഴും നെറ്റി ചുളിക്കുന്ന ഒരു പേരുമായിരുന്നു. അന്ന്, മലയാളിയുടെ കപടതയെ പ്രൊജക്റ്റ് ചെയ്തിരുന്ന മറ്റൊരു പേരായിരുന്നു സിൽക്ക് സ്മിത. എന്നാൽ ഇന്ന് പലർക്കും അതങ്ങനെയല്ല.
ദരിദ്രകുടുംബത്തിൽ ജനിച്ച്, നന്നേ ചെറുപ്പത്തിൽത്തന്നെ വിവാഹിതയായിരുന്ന വിജയലക്ഷ്മി എന്ന സ്മിത, കുടുംബത്തിലെ പല ബുദ്ധിമുട്ടുകളും അവഗണിച്ച്, ലെജന്ററി ആക്ട്രെസ് സാവിത്രിയെ പോലെയാകണം എന്ന മോഹവുമായാണ് കുടുംബമെല്ലാം ഉപേക്ഷിച്ച് കോടമ്പാക്കത്തേക്ക് വണ്ടി കയറുന്നത്. അത്രയൊന്നും പ്രശസ്തയല്ലാതിരുന്ന ഒരു നടിയുടെ ടച്ച് അപ്പ് ആർട്ടിസ്റ്റായി തന്റെ സിനിമാജീവിതം ആരംഭിച്ച സ്മിത, ആദ്യം ചില സിനിമകളിലെ എക്സ്ട്രാ റോളുകളിൽ മുഖം കാണിക്കുകയും പിന്നീട് പല സിനിമകളിൽ ഡാൻസ് നമ്പറുകളിൽ വേഷമിടാനും തുടങ്ങി. മാദകത്വം തുളുമ്പുന്ന ശരീരവും മുഖവും നല്ല ക്യാമറ പ്രസൻസും കൊണ്ട് സ്മിതാ അതിവേഗം തന്നെ ഒരു താരമായി മാറി.
തമിഴിൽ, “വണ്ടിച്ചക്രം” എന്ന സ്മിതയുടെ ആദ്യ സിനിമയില കഥാപാത്രത്തിന്റെ “സിൽക്ക്” എന്ന പേര്, വിനു ചക്രവർത്തി എന്ന സംവിധായകനാണ് സ്മിത യോടൊപ്പം ചേർത്ത് സിൽക്ക് സ്മിതയാക്കി മാറ്റിയത്. സെക്ഷ്വലി ഫ്രസ്ട്രെയ്റ്റഡായ ഒരു ഭാര്യയായി വേഷമിടാൻ അവർക്ക് “മൂന്നാം പിറൈ” എന്ന സിനിമയിൽ സാധിച്ചു. എന്നാൽ ആ സിനിമയോടെ ഇവരുടെ ഉള്ളിലെ ആ മാദകത്വം സിനിമാലോകം മനസ്സിലാക്കുകയും പിന്നീടങ്ങോട്ട് വരുന്ന വേഷങ്ങളെല്ലാം ആ ഒരു ബ്രാൻഡിനോട് മാത്രം നീതിപുലർത്തുന്ന രീതിയിലായിത്തീരുകയും ചെയ്തു.
ഒരു സിനിമയിലെ പാട്ട്/ഡാൻസ് സീക്വെൻസിനു മാത്രമായി അമ്പതിനായിരത്തിലധികം തുക വാങ്ങിച്ചിരുന്ന സ്മിത അക്കാലത്തെ എല്ലാ മികച്ച മുൻനിര നായികമാരെക്കാളും പ്രതിഫലം വാങ്ങുന്ന നടിയായി മാറി. സ്മിത ഒരു ഫയർ ബ്രാൻഡ് ആയി നിന്നിരുന്ന സമയത്ത് തമിഴകത്തെ മുടിചൂടാമന്നനായിരുന്ന ശിവാജിഗണേശൻ അഭിനയിക്കുന്ന ഒരു സിനിമയുടെ സെറ്റിൽ അദ്ദേഹം കടന്നു വന്നപ്പോൾ, അവിടുത്തെ എഴുതപ്പെടാത്ത നിയമമെന്ന പോലെ എല്ലാവരും അദ്ദേഹത്തോടുള്ള “ബഹുമാനസൂചകമായി” എഴുന്നേറ്റുനിന്നപ്പോൾ, അവിടെ ഒരു കസേരയിൽ ഇരുന്നിരുന്ന സ്മിത മാത്രം എഴുന്നേറ്റില്ല. എന്ന് മാത്രമല്ല കാലിന്മേൽ കാൽകയറ്റി വെച്ചിരിക്കുന്നത് മാറ്റാൻ കൂടി തയ്യാറായില്ല. പാട്രിയാർക്കൽ ആണധികാര വ്യവസ്ഥ കൊടികുത്തിവാണിരുന്ന, ഇപ്പോഴും വാണുകൊണ്ടിരിക്കുന്ന സിനിമാലോകത്തിന് അതത്ര ദഹിച്ചില്ല. എന്തുകൊണ്ട് അദ്ദേഹം വന്നപ്പോൾ എഴുന്നേറ്റില്ല, കാൽകയറ്റി ഇരുന്നു എന്നെല്ലാമുള്ള ചോദ്യത്തിന് അവർ മറുപടി പറഞ്ഞത്, “ഞാൻ എന്റെ കാലിന്മേൽ ആണ് കയറ്റി വച്ചത് അല്ലാതെ ശിവാജിഗണേശന്റെ കാലിന്മേൽ അല്ലല്ലോ” എന്നായിരുന്നു.
സൗത്ത് ഇന്ത്യൻ സിനിമാലോകത്തെ അക്ഷരാർത്ഥത്തിൽ തീപിടിപ്പിക്കുന്ന ഒരു പേരു തന്നെയായിരുന്നു സിൽക്ക് സ്മിത. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുഗു എന്നീ ഭാഷകളിലായി 450 ൽ പരം സിനിമകളിൽ അവർ വേഷമിട്ടു.
ജീവിതത്തിൽ ഇത്രയധികം പോരാടി ജീവിച്ച ഒരു സ്ത്രീ എങ്ങനെ ആത്മഹത്യക്ക് വഴങ്ങി എന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തി. അതിനുള്ള ഉത്തരം അവരുടെ ജീവിതത്തിൽ നിന്ന് തന്നെ വായിച്ചെടുക്കാവുന്നതാണ്. അത്രയധികം വിശ്വസിച്ചിരുന്ന ഒരുവനുമായി അവർ ഒരുമിച്ച് താമസിക്കുകകയും, അയാളുടെ ഉപദേശപ്രകാരം പല സിനിമകൾക്കായി സ്മിത പണം മുടക്കി. 4 കോടിയിലധികം രൂപയാണ് അവർക്കതിൽ നഷ്ടം സംഭവിച്ചത്. താൻ അത്രയധികം വിശ്വസിച്ച ഒരുവന്റെ ഭാഗത്തുനിന്നുണ്ടായ വിശ്വാസവഞ്ചനയും, ഒരായുസ്സ് മുഴുവൻ കഷ്ടപ്പെട്ടുണ്ടാക്കിയ പണം നഷ്ടപ്പെട്ടതും, പിന്നീട് അഭിനേത്രി എന്നരീതിയിൽ അവസരങ്ങൾ തേടിയെത്താത്തതും, തുറന്നു സംസാരിക്കാൻ അടുത്ത കൂട്ടുകാർ ഉണ്ടാകാതിരുന്നതുമെല്ലാം ആയിരിക്കാം സ്മിതയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത്. ഇന്ത്യയുടെ മെർലിൻ മൻഡ്റോ എന്നുകൂടി സ്മിതയെ സിനിമലോകം വിശേഷിപ്പിച്ചിരുന്നു.
എന്നാൽ സിൽക്ക് സ്മിതയോടൊപ്പം വെള്ളിത്തിരയില്‍ വേഷമിട്ട താരങ്ങള്‍, അവര്‍ക്ക് വേണ്ടി വരിനിന്ന നിര്‍മ്മാതാക്കള്‍, അവരുടെ താരമൂല്യത്തിന്റെ വിലകൊണ്ടു മാത്രം ജീവിതം മാറി മറിഞ്ഞ സിനിമാ പ്രവര്‍ത്തകര്‍, തീയേറ്ററുകളില്‍ ഹര്‍ഷാരവം മുഴക്കിയ ആരാധകര്‍, അങ്ങനെ ആരും തന്നെ ജീവനറ്റ ആ സിനിമാ താരത്തെ കാണാനായി എത്തിയില്ല.