തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പരിശീലകൻ എം. മനു പീഡിപ്പിച്ച സംഭവത്തിൽ നിലപാട് വ്യക്തമാക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ.). അസോസിയേഷൻ കുട്ടികൾക്കൊപ്പമാണ്. മനുവിനെ സംരക്ഷിച്ചിട്ടില്ലെന്നും കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
മനുവിനെതിരായ കേസ് അന്വേഷണവുമായി എല്ലാവിധത്തിലും അസോസിയേഷന്‍ സഹകരിക്കുന്നുണ്ട്. മനു കേരള ക്രിക്കറ്റ് അസോസിയേഷനില്‍ പരിശീലകനായി എത്തിയത് 2012 ഒക്ടോബര്‍ 12നാണ്. 2022ലാണ് മനുവിനെതിരെ ആദ്യം ആരോപണമുയര്‍ന്നത്. അപ്പോള്‍ കുട്ടികളോ രക്ഷിതാക്കളോ അസോസിയേഷനില്‍ പരാതി നല്‍കിയിരുന്നില്ലെന്നും ജയേഷ് ജോർജ് പറഞ്ഞു.
കേസില്‍ ചൈല്‍ഡ് ലൈനും പൊലീസും അന്വേഷണം നടത്തിയപ്പോഴാണ് തങ്ങള്‍കാര്യങ്ങള്‍ അറിഞ്ഞതെന്ന് കെസിഎ പറയുന്നു. മനുവിനെ മാറ്റി നിര്‍ത്തിയെങ്കിലും ചില കുട്ടികളും രക്ഷിതാക്കളും തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടു. കേസില്‍ ജാമ്യം കിട്ടിയതിന് പിന്നാലെയാണ് മനുവിനെ തിരിച്ചെടുത്തത്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ ഈ വിഷയങ്ങളില്‍ പ്രതികരിക്കാതെ മാറി നിന്നിട്ടില്ല.
മനുവിന്റെ കോച്ചിങ് സർട്ടിഫിക്കേഷൻ റദ്ദാക്കും. ഇയാൾ പെൺകുട്ടികളുടെ മാത്രം കോച്ച് ആയിരുന്നില്ല. പുതിയ പരിശീലകർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. മനുവിനെതിരെ പരാതിവന്നപ്പോൾ കെ.സി.എ അന്വേഷണത്തോട് പൂർണമായും സഹകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
2012 ഒക്ടോബര്‍ 12ന് മനു കേരള ക്രിക്കറ്റ് അസോസിയേഷനില്‍ പരിശീലകനായി എത്തിയത്. പീഡന കേസില്‍ പ്രതിയായ കോച്ച് മനു കഴിഞ്ഞ 10 വര്‍ഷമായി കെ.സി.എ യില്‍ കോച്ചാണ്. തെങ്കാശിയില്‍ കൊണ്ടുപോയി കുട്ടികളെ പീഡിപ്പിച്ചെന്നാണ് പരാതി. കുട്ടികളുടെ നഗ്‌ന ചിത്രം ഇയാള്‍ പകര്‍ത്തിയെന്നും ആരോപണമുണ്ട്.
പരിശീലനത്തിനെത്തിയ താരങ്ങളുടെ പരാതിയിലാണ് മനു പിടിയിലാകുന്നത്. നിലവില്‍ നാഷ്ണല്‍ ക്രിക്കറ്റ് അക്കാദമിയിലെ മനുവിന്റെ കോച്ചിംഗ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അസോസിയേഷന്‍ അറിയിച്ചു.