ന്യൂഡൽഹി: നിതി ആയോഗിന്‍റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ ഒന്നാം സ്ഥാനം നിലനിർത്തി കേരളം. 79 പോയിന്റുമായി ഉത്തരാഖണ്ഡും കേരളത്തോടൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടു. ബിഹാറാണ് പട്ടികയിൽ ഏറ്റവും പിന്നിൽ.
സംസ്ഥാനങ്ങളുടെ പട്ടികയിൽ 78 പോയിന്റുള്ള തമിഴ്നാടാണ് കേരളത്തിനും ഉത്തരാഖണ്ഡിനും പിറകിലായുള്ളത്. ഗോവക്ക് 77 പോയിന്റുണ്ട്. 57 പോയിന്റുള്ള ബിഹാറാണ് ഏറ്റവും മോശം പ്രകടനമുള്ള സംസ്ഥാനം. ജാർഖണ്ഡിന് 62ഉം നാഗാലാൻഡിന് 63ഉം പോയിന്റാണുള്ളത്. 2020-21 കാലയളവിലും പട്ടികയിൽ കേരളമായിരുന്നു ഒന്നാമത്.
ഛണ്ഡീഗഢ്, ജമ്മു ആൻഡ് കശ്മീർ, പുതുച്ചേരി, ആൻഡമാൻ ആൻഡ് നിക്കോബാർ, ഡൽഹി എന്നിവയാണ് മികച്ച പ്രകടനം നടത്തുന്ന കേന്ദ്രഭരണ പ്രദേശങ്ങൾ.
സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ മാനദണ്ഡങ്ങളാണ് റിപ്പോർട്ടിൽ പരിഗണിക്കുന്നത്. ഇന്ത്യയുടെ ആകെയുള്ള സുസ്ഥിര വികസന ലക്ഷ്യം സ്കോർ 2020-21 കാലയളവിൽ 66 പോയിന്റുണ്ടായിരുന്നത് 2023-24 കാലയളവിൽ 71 പോയിന്റായി ഉയർന്നിട്ടുണ്ട്. ദാരിദ്ര്യ നിർമാർജനം, മാന്യമായ ജോലി, സാമ്പത്തികം, കാലാവസ്ഥാ പ്രവർത്തനങ്ങൾ, ജീവിതം നിലവാരം എന്നിവയിലെ വളർച്ചയാണ് ഇതിന് കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.