ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് ജോ ബൈഡൻ പിന്മാറണമെന്നാവശ്യം ഡെമോക്രാറ്റിക് പാർട്ടിയിൽ ശക്തമാകുന്നു. ഓർമക്കുറവും പ്രായാധിക്യവും അലട്ടുന്ന ബൈഡൻ മത്സരിക്കരുതെന്നാണ് ആവശ്യം. യു.എസ് കോൺഗ്രസിലെ 17 ഡെമോക്രാറ്റിക് അംഗങ്ങൾ ബൈഡനോട് മത്സരത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടതായാണ് സൂചന. അതേസമയം, നാറ്റോ ഉച്ചകോടിയുടെ ഭാഗമായി യുക്രെയ്ൻ വിഷയത്തിൽ നടന്ന യോഗത്തിലെ നാക്ക് പിഴയും ബൈഡന് വിനയായി മാറി.
പ്രായാധിക്യത്തിൻ്റെ അവശതകൾ പേറുന്ന ബൈഡന് നവംബർ അഞ്ചിലെ തെരഞ്ഞെടുപ്പിൽ എതിരാളിയായ ഡോണൾഡ് ട്രംപിനെ തോൽപ്പിക്കാനാവില്ലെന്ന ആശങ്ക ഡെമോക്രാറ്റിക് ക്യാമ്പിൽ കൂടുതൽ ശക്തമായിരിക്കുകയാണ്. കഴിഞ്ഞമാസം അവസാനം ട്രംപുമായി നടത്തിയ ആദ്യ പ്രസിഡൻഷ്യൽ സംവാദത്തിൽ അടിപതറിയതോടെയാണ് ബൈഡൻ സ്ഥാനാർഥിത്വം ഉപേക്ഷിക്കണമെന്ന ആവശ്യം ശക്തിപ്പെട്ടത്.
യുഎസ് കോൺഗ്രസിലെ 17 ഡെമോക്രാറ്റിക് അംഗങ്ങളാണ് ബൈഡനോട് മത്സരത്തിൽനിന്ന് പിന്മാറാൻ നേരിട്ട് ആവശ്യപ്പെട്ടത്. ബൈഡനു നാവുപിഴ അപൂർവമല്ലെങ്കിലും ട്രംപുമായുള്ള സംവാദത്തിൽ പരാജയപ്പെട്ടശേഷം ബെഡിന്റെ ഓരോ ചലനവും സൂക്ഷ്മമായി വിലയിരുത്തപ്പെടുകയാണ്. ട്രംപുമായുള്ള സംവാദത്തിലെ പരാജയത്തിനും സ്ഥാനാർഥിത്വം ഉപേക്ഷിക്കാനായി ഡെമോക്രാറ്റിക് പാർട്ടിയിൽനിന്ന് ഉയരുന്ന ആഹ്വാനങ്ങൾക്കും മറുപടി നൽകാൻ ബൈഡൻ നടത്തിയ ശ്രമങ്ങൾക്ക് നാക്കുപിഴയും വിനയായി.
യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിയെ പുട്ടിൻ എന്നു വിളിച്ച ബൈഡന്റെ ഓർമപ്പിശകിനെ റഷ്യയിലെ മാധ്യമങ്ങൾ നന്നായി ആഘോഷിച്ചു. ‘ക്രെംലിൻ നിയന്ത്രിക്കുന്ന റഷ്യാ അനുകൂലിയായ സ്ഥാനാർഥിയാണു താൻ’ എന്നു ബൈഡൻ തെളിയിച്ചെന്നായിരുന്നു വിദേശകാര്യ മന്ത്രാലയം വക്താവ് മരിയ സഖറോവയുടെ പരിഹാസം.
എന്നാൽ നാവുപിഴ ആർക്കും സംഭവിക്കാം, നിങ്ങൾ അതുമാത്രം നോക്കിക്കൊണ്ടിരുന്നാൽ ഒരാളിൽ അതേ കാണൂ എന്നു ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് ബൈഡനെ പ്രതിരോധിച്ചു. ബൈഡന് ഒരു കുഴപ്പവുമില്ലെന്നും അദ്ദേഹം ഉച്ചകോടിയിലെ എല്ലാ സെഷനുകളിലും പങ്കെടുത്തുവെന്നും സ്പാനിഷ് പ്രധാനമന്ത്രി പെദ്രോ സാഞ്ചസ് പറഞ്ഞു.