Palakkad

സര്‍ക്കാരിന്റെ നിര്‍ഭയ കേന്ദ്രത്തില്‍ നിന്ന് 19 പെണ്‍കുട്ടികള്‍ പുറത്തുചാടി

പോക്‌സോ കേസുകളിലെ അതിജീവിതകളമടക്കമാണ് ചാടിപ്പോകാന്‍ ശ്രമിച്ചത്

പാലക്കാട്: സർക്കാരിന്റെ നിർഭയ കേന്ദ്രത്തിൽനിന്ന് സെക്യൂരിറ്റി ജീവനക്കാരുടെ കണ്ണു വെട്ടിച്ച് 19 പെണ്‍കുട്ടികള്‍ പുറത്തുചാടി. ഇവരെ മണിക്കൂറുകള്‍ക്കകം പോലീസ് തിരച്ചില്‍ നടത്തി കണ്ടെത്തി. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. പോക്‌സോ കേസുകളിലെ അതിജീവിതകളമടക്കമാണ് ചാടിപ്പോകാന്‍ ശ്രമിച്ചത്.

കുറേ ദിവസങ്ങളായി കുട്ടികള്‍ വീട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടിരുന്നതായി കസബ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. കുട്ടികളെ കാണാത്തതിനെത്തുടര്‍ന്ന് കേന്ദ്രത്തിലെ അധികൃതരാണ് പോലീസില്‍ വിവരം അറിയിച്ചത്. വിവരമറിഞ്ഞയുടന്‍ കസബ പോലീസിന്റെയടക്കം നേതൃത്വത്തില്‍ ദേശീയപാതയിലുള്‍പ്പെടെ തിരച്ചില്‍ ആരംഭിച്ചിരുന്നു. ആദ്യം 15 പേരെ കണ്ടെത്തി. പിന്നീട് രാത്രി ഒരുമണിയോടെ ബാക്കിയുള്ള നാലുപേരെ കല്ലേപ്പുള്ളിക്ക് സമീപത്തുനിന്നു കണ്ടെത്തി.

അഞ്ചുമണിക്കൂറിനകം മുഴുവന്‍ കുട്ടികളെയും കണ്ടെത്താനായത് പോലീസിനും ആശ്വാസമായി. കളക്ടര്‍ എസ്. ചിത്ര കസബ സ്റ്റേഷനിലെത്തി വിവരങ്ങള്‍ ആരാഞ്ഞിരുന്നു. കൊപ്പത്തുണ്ടായിരുന്ന നിര്‍ഭയ കേന്ദ്രം കുറച്ചുകാലം മുമ്പാണ് കൂട്ടുപാതയിലേക്ക് മാറ്റിയത്. എല്ലാവരെയും അഞ്ചു മണിക്കൂറുകള്‍ക്കകം പോലീസ് കണ്ടെത്തി.