ബെംഗളൂരു : പ്രശസ്ത കന്നഡ നടിയും ടി.വി.-റേഡിയോ അവതാരകയും ബിഗ് ബോസ് താരവുമായ അപർണ വസ്താരെ (57) അന്തരിച്ചു. വ്യാഴാഴ്ച വൈകീട്ട് ബെംഗളൂരുവിലായിരുന്നു അന്ത്യം. അർബുദബാധിതയായി ചികിത്സയിലായിരുന്നു. ബെംഗളൂരു മെട്രോയിലെ യാത്രക്കാർക്ക് മറക്കാനാവാത്ത ശബ്ദത്തിന്റെ ഉടമയാണ് അപർണ. മെട്രോ ട്രെയിനിനകത്ത് കേൾക്കുന്ന കന്നഡ അറിയിപ്പുകൾക്ക് ശബ്ദംനൽകിയത് ഇവരാണ്.
ചിക്കമഗളൂരുവിലെ കാഡൂർ സ്വദേശിയായ അപർണ കൂടുതൽക്കാലവും ചെലവഴിച്ചത് ബെംഗളൂരുവിലാണ്. 1984-ൽ പുറത്തിറങ്ങിയ, പുട്ടണ്ണ കനഗലിന്റെ ‘മസനദ ഹൂവു’വിലൂടെയാണ് സിനിമാനടിയായി ശ്രദ്ധനേടിയത്. പ്രശസ്ത നടൻ അംബരീഷിനും നടി ജയന്തിക്കുമൊപ്പമാണ് അഭിനയിച്ചത്. സംഗ്രമ, നമ്മൂര രാജ, സാഹസ വീര, മാതൃവാത്സല്യ, ഒളവിന അസരെ, ഇൻസ്പെക്ടർ വിക്രം തുടങ്ങിയ സിനിമകളിലും വേഷമിട്ടു. 1993-ൽ ആകാശവാണിയിൽ റേഡിയോ ജോക്കിയായി ശ്രോതാക്കളുടെ ഇഷ്ടകലാകാരിയായി.
പ്രേക്ഷകരെ ആകർഷിക്കുന്ന ശബ്ദത്തിനുടമയായ അപർണയുടെ അവതരണങ്ങൾ ജനശ്രദ്ധയാകർഷിച്ചു. എ.ഐ.ആർ. എഫ്.എം. റെയിൻബോയുടെ ആദ്യ അവതാരകയായിരുന്നു. ടെലിവിഷൻ അവതാരകയായും ശ്രദ്ധനേടി. ഡി.ഡി. ചന്ദനയിൽ ഒട്ടേറെ ടെലിഷോകൾ അവതരിപ്പിച്ചു. മൂഡല മനെ, മുക്ത തുടങ്ങിയ ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചു. 2013-ൽ കന്നഡ ടി.വി. റിയാലിറ്റി ഷോയായ ബിഗ് ബോസിൽ പങ്കെടുത്തു.
2014-ലാണ് മെട്രോയിലെ അറിയിപ്പുകൾക്ക് ശബ്ദംനൽകിയത്. മജാ ടോക്കീസ് എന്ന കോമഡി ഷോയിലെ വരലക്ഷ്മി എന്ന കഥാപാത്രത്തിന്റെ അവതരണവും അപർണയെ ജനപ്രിയയാക്കി. ഭർത്താവ്: ആർക്കിടെക്ടും എഴുത്തുകാരനുമായ നാഗരാജ് വിസ്താരെ. അപർണയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി തുടങ്ങിയവർ അനുശോചിച്ചു.