Opinion

മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഓർക്കാതിരുന്നത് അല്പത്തമായിരുന്നു : പ്രൊഫ.ജി. ബാലചന്ദ്രൻ

ഉമ്മൻ ചാണ്ടിയേയും എം. വി. രാഘവനേയും ശശി തരൂരിനേയും വിസ്മരിക്കാൻ പാടില്ലായിരുന്നു

വിഴിഞ്ഞം പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനത്തിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഓർക്കാതിരുന്നത് അല്പത്തമായിരുന്നു എന്ന് പ്രൊഫ.ജി. ബാലചന്ദ്രൻ. സമൂഹമാധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

വിഴിഞ്ഞം പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ഗംഭീരമായി. എങ്കിലും ഉമ്മൻ ചാണ്ടിയേയും എം. വി. രാഘവനേയും ശശി തരൂരിനേയും വിസ്മരിക്കാൻ പാടില്ലായിരുന്നു. വിഴിഞ്ഞം പദ്ധതിക്ക് ആദ്യം തറക്കല്ലിട്ടതും അദാനിയുമായി കരാറിൽ ഒപ്പു വെച്ചതും ഉമ്മൻ ചാണ്ടിയാണ്. അദ്ദേഹത്തെ തമസ്ക്കരിച്ചതുകൊണ്ട് സത്യം സത്യമാകാതിരിക്കില്ല. പ്രതിക്ഷാനിർഭരമായ കാത്തിരിപ്പുകൾക്കൊടുവിൽ വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായിരിക്കുന്നു. ചരിത്രപഥങ്ങളിൽ വിഴിഞ്ഞം അടയാളപ്പെടുത്തിയത് കേരളത്തിലെ ആദ്യ രാജവംശമായ ശ്രീകൃഷ്ണ പരമ്പരയിൽപ്പെട്ട ആയ് രാജവംശമാണ്.

അവരുടെ ആസ്ഥാന തുറമുഖം എന്ന നിലയ്ക്കായിരുന്നു വിഴിഞ്ഞത്തിൻ്റെ പഴയ പ്രതാപം. പിന്നീട് സഹസ്രാബ്ദങ്ങൾ കാത്തിരിക്കേണ്ടി വന്നുവെങ്കിലും പുതിയ സൂര്യോദയത്തിൽ അലയടിച്ചെത്തുന്ന കടലോളങ്ങളെ സാക്ഷിയാക്കി വിഴിഞ്ഞം സ്വപ്ന തീരമണിഞ്ഞു.അന്താരാഷ്ട്ര കപ്പൽപ്പാതയിൽ നിന്ന് കേവലം 18 കി.മീ മാത്രം അകലെയുള്ള രാജ്യത്തെ ആഴമേറിയ ട്രാൻസ്ഷിപ്പ്മെൻ്റ് പോർട്ടാണ് വിഴിഞ്ഞം. കാൽലക്ഷത്തോളം കണ്ടയിനറുകൾ ഉൾക്കൊള്ളുന്ന പടുകൂറ്റൻ മദർഷിപ്പുകൾ ഇനി അറബിക്കടലിലെ ഓളങ്ങൾ മറികടന്ന് വിഴിഞ്ഞം എന്ന ലോകോത്തര മദർ പോർട്ടിലെത്തും .

ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്നും 2000 കണ്ടെയ്നറുകളുമായെത്തിയ ‘സാൻ ഫെർണാണ്ടോ’ നങ്കൂരമിട്ടു കഴിഞ്ഞു.ഏകദേശം അരക്കിലോമീറ്റർ ഉയരത്തിലുള്ള അംബരചുംബികളായ കപ്പലുകൾ ഇനിയും കേരളതീരമണയുന്നതോടെ , ഈ നാടിൻ്റെ വികസനത്തിൻ്റെ വാതായനങ്ങൾ ലോകത്തിന് മുമ്പിൽ തുറക്കപ്പെടും. മലയാ,സിംഗപ്പൂർ, കൊളംബോ എന്നീ തുറമുഖങ്ങളെക്കാൾ സീമാതീതമായ സാദ്ധ്യതയുണ്ട് വിഴിഞ്ഞത്തിന്. മെസ്ക് കമ്പനി ചാർട്ട് ചെയ്ത കപ്പലാണ് ഇപ്പോഴെത്തിയത്. ലോകത്തിലെ ഏറ്റവും വലിയ കപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ കപ്പലും ഉടനെ വിഴിഞ്ഞത്തെത്തും ഐക്യരാഷ്ട്ര സഭയുടെ ഇന്റർനാഷണൽ ഷിപ്പിങ് ആൻഡ് പോർട്ട്‌ സെക്യൂരിറ്റി കോഡ് (ISPS) അംഗീകാരം വിഴിഞ്ഞം ഇതിനകം നേടിക്കഴിഞ്ഞു. . ഹൈ സ്പീഡ് കാർഗോ, ബൾക്ക് ക്യാരിയർ, മറ്റ് കാർഗോ ഷിപ്പുകൾ എന്നിവയുടെ നീക്കത്തിനും വിഴിഞ്ഞത്ത് അനുമതിയുണ്ട്.

ട്രേഡ് യൂണിയൻ്റെ വില പേശലും കയറ്റിറക്കു കൂലിയും നോക്കു കൂലിയും തടസ്സങ്ങൾ ഉണ്ടാക്കാതിരുന്നാൽ മതി. വിഴിഞ്ഞഞ്ഞെ ജോലികളെല്ലാം നടക്കുന്നത് ആട്ടോമാറ്റിക്കായാണ്. എല്ലാം കമ്പ്യൂട്ടറൈസ് ചെയ്തിരിക്കുന്നു. അതുകൊണ്ട് നോക്കു കൂലിയും ഇറക്കു കൂലിയുമില്ല. ആശ്വാസം. വിഴിഞ്ഞം മുതൽ നാവായിക്കുളം വരെയുള്ള ഹൈവേയും, വിഴിഞ്ഞം മുതൽ ബാലരാമപുരം വരെയുള്ള റെയിൽവേ ലൈനും ഉടനെ നിർമ്മാണം പൂർത്തിയാക്കണം.

തുറമുഖത്തിൻ്റെ പിതൃത്വത്തെച്ചൊല്ലി ഇനി തർക്ക വിതർക്കങ്ങൾ ഉർത്തുന്നത് ശരിയല്ല. യു.ഡി.എഫിൻ്റെ എല്ലാ വമ്പൻ പദ്ധതികളേയും ആദ്യം എതിർക്കുകയും ഒടുവിൽ തങ്ങളുടെതാണെന്ന് അവകാശപ്പെടുകയും ചെയ്യുന്ന മാർക്സ്‌സിറ്റ് ഭരണത്തിൻ്റെ കുതന്ത്രം നാണംകെട്ടതാണ്. വിൻസെൻ്റ് MLA യുടെ പ്രസംഗവും സ്പീക്കർ ഷംസീറിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റും അവസരോചിതമായി. അഭിനന്ദനങ്ങൾ
പ്രൊഫ.ജി. ബാലചന്ദ്രൻ

Latest News