അന്ധവിശ്വാസങ്ങളുടെ കടന്നുകയറ്റവും അതിന്റെ അടിസ്ഥാനത്തിലുള്ള ചൂഷണവും കുരുതികളും നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ് നമ്മുടെ നാട്ടിൽ . ഭക്തി വ്യവസായം കൊണ്ട് കോടികളുടെ ആസ്തി സ്വന്തമാക്കുകയും ഭരണാധിപന്മാരെ കൈപ്പിടിയില്‍ ഒതുക്കി നിര്‍ത്തുകയും ചെയ്ത ഒരു പക്ക ക്രിമിനല്‍ അതായിരുന്നു റാംപാല്‍ മഹാരാജ് . ഒരുകാലത്ത് ഡല്‍ഹിയിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് പ്രിയങ്കരനായിരുന്നു റാംപാല്‍.ഹരിയാന വൈദ്യുതി വകുപ്പിലെ ജോലി നഷ്ടപ്പെടുത്തിയാണ് റോഹ്തക് ജില്ലക്കാരനായ റാംപാൽ ആത്മീയതയിലേക്കു കൂടുമാറിയത്. ഹിസാറിൽ 1000 ഏക്കർ ആശ്രമസമുച്ചയത്തിൽ സ്വന്തം നിയമങ്ങളുമായി രാജവാഴ്ചയായിരുന്നു . കൊലപാതകമടക്കം 30 കേസുകളില്‍ പ്രതി. 2014 മുതല്‍ കക്ഷി ഹിസാര്‍ സെന്‍ട്രല്‍ ജയിലിലാണ്.
1951 സെപ്റ്റംബർ 8 ന് സോനെപട്ടിലെ ഗൊഹാനയിലെ ധനാന ഗ്രാമത്തിൽ ഒരു കർഷക കുടുംബത്തിൽ ജനിച്ച രാംപാലിന് കുട്ടിക്കാലം മുതൽ തന്നെ മതപരമായ ചായ്വ് ഉണ്ടായിരുന്നു. കർണാൽ ജില്ലയിലെ നിലോഖേരി ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിപ്ലോമ നേടിയ ശേഷം 1995 മേയിൽ ജോലി ഉപേക്ഷിക്കുന്നതിനുമുമ്പ് 15 വർഷത്തിലേറെയായി ജൂനിയൻ എഞ്ചിനീയർ ആയിരുന്നു ഹരിയാന വൈദ്യുതി വകുപ്പിൽ. 1994 ൽ ഒരു കബീർ പന്തി സന്യാസിയുമായി സമ്പർക്കം പുലർത്തിയതോടെ ജോലി ഉപേക്ഷിച്ചു, തൊട്ടുപിന്നാലെ, രാംപാൽ സ്വയം ദൈവമാണെന്ന് പ്രഖ്യാപിച്ച് ‘സന്ത് രാംപാൽ ജി മഹാരാജ്’ എന്ന് പുനർനാമകരണം ചെയ്തു. 1995 -ൽ സ്വന്തമായി ആശ്രമം സ്ഥാപിച്ചു. അനുയായികൾ ഇരട്ടിയായതോടെ ‘ആത്മീയ സാമ്രാജ്യം’ ഉജ്ജറിലും റോത്തക്കിലും വ്യാപിപ്പിച്ചു.നിത്യവും പാലിൽ കുളി. എതിർക്കുന്നവരെ കൊന്ന് ചോരയിൽ കുളിപ്പിക്കും .ഏകദേശം 4000 പേരുടെ കമാൻഡോ സംഘം ആശ്രമസമുച്ചയത്തിനു കാവലൊരുക്കി. ആര്യസമാജത്തിനെതിരെ മോശമായ ഭാഷ ഉപയോഗിച്ചതാണ് വിവാദമായ അദ്യ പ്രസ്താവന.
ഹരിയാനയിലെ മറ്റൊരു ഭരണസ്ഥാനമായിരുന്നു റാംപാലിന്റെ ആശ്രമം. ഡൽഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, വൻ കവർച്ചകൾ തുടങ്ങിയ കേസുകളിലെ പ്രതികളുടെ ഒളിത്താവളമാണ് ആശ്രമം. 2014 നവംബറിലെ വിവാദങ്ങളാണു റാംപാലിനെ വാർത്തകളിൽ നിറച്ചത്. അറസ്റ്റു ചെയ്യാനുള്ള കോടതിവിധി നടപ്പാക്കാനെത്തിയ പൊലീസ് സംഘത്തെ റാംപാലിന്റെ കമാൻഡോകൾ ആട്ടിപ്പായിച്ചു. അർധസൈനിക വിഭാഗങ്ങൾക്കൊപ്പമാണു പിന്നീടു പൊലീസ് എത്തിയത്. അനുയായികളെ മതിലാക്കിയാണ് റാംപാൽ പ്രതികരിച്ചത്. ഒടുവിൽ സ്വാമിയുമായേ പൊലീസ് പുറത്തുവന്നുള്ളൂ. അക്രമത്തിന്റെ പേരിൽ അനുയായികളോടു മാപ്പിരന്നാണു റാംപാൽ ഹിസാർ ജയിലിലേക്കു പോയത്.