ന്യൂയോര്‍ക്ക്: മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനുനേരെ ആക്രമണശ്രമം. പെൻസിൽവാനിയയിലെ റാലിക്കിടെയാണ് ട്രംപിനു നേരെ ആക്രമണമുണ്ടായത്. പൊതുവേദിയിൽ പ്രസംഗിക്കുന്നതിനിടെ വെടിയുതിർക്കാൻ ശ്രമമുണ്ടായി. വേദിയിൽ പരുക്കേറ്റു വീണ ട്രംപിനെ സുരക്ഷാ സേന ഉടൻ സ്ഥലത്തു നിന്നു മാറ്റി. ആക്രമണത്തില്‍ ട്രംപിന് പരിക്കേറ്റെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ട്രംപിനു നേരെ വെടിയുതിർത്തതെന്നു സംശയിക്കുന്ന ആളും റാലിയിൽ പങ്കെടുത്ത ഒരാളും മരിച്ചതായും റിപ്പോർട്ടുകളുണ്ട്. റാലിയിൽ പങ്കെടുത്ത മറ്റൊരാൾക്ക് ഗുരുതര പരുക്കേറ്റതായും രാജ്യാന്തര മാധ്യാമങ്ങൾ റിപ്പോർട്ടു ചെയ്തു.
സംഭവത്തിന്‍റെ പ്രാഥമിക വിവരങ്ങള്‍ പ്രസിഡന്‍റ് ജോ ബൈഡനെ ധരിപ്പിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. ട്രംപിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി പരിശോധിച്ചുവെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ട്രംപിന്‍റെ വക്താവ് അറിയിച്ചു. ഗാലറിയിൽ നിന്ന് വെടിയൊച്ച കേട്ടതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ട്രംപിനുനേരെയുണ്ടായത് വധശ്രമമാണെന്ന നിലയിലാണ് അന്വേഷണം നടക്കുന്നത്.