ന്യൂഡല്‍ഹി : രാജ്യസഭാ സ്ഥാനാര്‍ഥിത്വത്തില്‍ തഴയപ്പെട്ട സി.പി.ഐ. ദേശീയ നിര്‍വാഹകസമിതി അംഗം കെ. പ്രകാശ് ബാബുവിനെ ദേശീയ സെക്രട്ടേറിയറ്റിലേക്കും പാര്‍ട്ടിനേതൃത്വം തഴഞ്ഞു. പാര്‍ട്ടിയുടെ ഉയര്‍ന്ന ഘടകമായ ദേശീയ സെക്രട്ടേറിയറ്റില്‍, അന്തരിച്ച കാനം രാജേന്ദ്രന് പകരം ആനി രാജയെ ഉള്‍പ്പെടുത്താന്‍ ധാരണയായി. കാനത്തിന് പകരമായി ദേശീയ സെക്രട്ടേറിയറ്റില്‍ കേരളത്തിന്റെ പ്രതിനിധിയായി പ്രകാശ് ബാബു വരുമെന്നായിരുന്നു സൂചന.
രാജ്യസഭാസ്ഥാനാര്ഥിത്വത്തിലേക്ക് അദ്ദേഹത്തെ പരിഗണിക്കാത്തതിന് കാരണം കേന്ദ്ര സെക്രട്ടേറിയറ്റിലേക്ക് പരിഗണിക്കുന്നതിനാലാണെന്ന് പലരും കരുതിയിരുന്നു. അന്തരിച്ച അതുല്‍കുമാര്‍ അന്‍ജാനു പകരം ഉത്തര്‍പ്രദേശിന്റെ ക്വാട്ടയില്‍ ഗിരീഷ് ശര്‍മയെയും സി.പി.ഐ. കേന്ദ്ര സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തും.
കഴിഞ്ഞ വിജയവാഡ പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര സെക്രട്ടേറിയറ്റിലേക്ക് ക്ഷണിതാക്കളായി ആനി രാജയെയും ഗിരീഷ് ശര്‍മയെയും ഉള്‍പ്പെടുത്തണമെന്ന ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍, സെക്രട്ടേറിയറ്റില്‍ ക്ഷണിതാക്കള്‍ എന്ന കീഴ്വഴക്കം പാര്‍ട്ടിയിലില്ലെന്ന് ചൂണ്ടിക്കാട്ടി മറ്റുള്ളവര്‍ എതിര്‍ത്തതോടെ ഒഴിവാക്കപ്പെടുകയായിരുന്നു.
ആനി രാജയെ ഉള്‍പ്പെടുത്തുന്നതിനോട് അന്നത്തെ കേരള സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും യോജിപ്പില്ലായിരുന്നു. ഇപ്പോള്‍ കേരളഘടകം സെക്രട്ടറിയായ ബിനോയ് വിശ്വം ഉള്‍പ്പെടുന്ന അഖിലേന്ത്യാ സെക്രട്ടേറിയറ്റ് യോഗംചേര്‍ന്നാണ് ആനി രാജയെ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തുന്നതിന് അംഗീകാരം നല്‍കിയത്.