തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ തൊഴിലാളി ജോയിക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. അതീവ സാഹസിക ദൗത്യവുമായി സ്കൂബ സംഘം രംഗത്തുണ്ട്. പാറയും മാലിന്യങ്ങളും ഉള്ളതിനാൽ ഉള്ളിലേക്ക് പോകാൻ കഴിയുന്നില്ലെന്ന് ഒരു മുങ്ങൽ വിദഗ്ദ്ധൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
മുങ്ങല്‍ വിദഗ്ധര്‍ അടക്കമുള്ള 30 അംഗ എന്‍ഡിആര്‍എഫ് സംഘമാണ് രക്ഷാദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ഫയര്‍ഫോഴ്സ് സ്കൂബ ടീമും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. ടണലില്‍ ചെളിയും മാലിന്യവും കുന്നുകൂടി കിടക്കുന്നുണ്ടെന്നും ഇത് നീക്കം ചെയ്യാനാണ് ശ്രമമെന്നും ചെളിയും മാലിന്യവുമുള്ളതിനാല്‍ തൊഴിലാളി അധികം മുന്നിലേക്ക് പോകാൻ സാധ്യതയില്ലെന്നും എന്‍ഡിആര്‍എഫ് ടീം കമാന്‍ഡര്‍ പ്രതീഷ് പറഞ്ഞു. റോബോട്ടിക് സംവിധാനം ഉപയോഗിച്ചും ഫയര്‍ഫോഴ്സിന്റെയും മറ്റും സഹായത്തോടെ സംയുക്തമായിട്ടായിരിക്കും മാലിന്യം നീക്കം ചെയ്യുകയെന്നും പ്രതീഷ് പറഞ്ഞു.
ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജും സ്ഥലത്തെത്തിയിട്ടുണ്ട്. രാവിലെ ഏഴിന് ആരംഭിച്ച രക്ഷാപ്രവര്‍ത്തനം ഒമ്പത് മണിയോടെ നിര്‍ണായക ഘട്ടത്തിലേക്ക് കടന്നു. റെയിൽവേയുടെ മൂന്നാം പ്ലാറ്റ്ഫോമിന്റെ സമീപത്തുള്ള മാൻ ഹോളിലൂടെ ഇറങ്ങിയുള്ള പരിശോധനയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. മാലിന്യം നീക്കം ചെയ്തശേഷമാണ് മാൻഹോളില്‍ രക്ഷാപ്രവര്‍ത്തകര്‍ ഇറങ്ങുന്നത്. ഫയർഫോഴ്സിന്റെ രൂപ ഡൈവിംഗ് ടീം ആണ് ഇറങ്ങിയത്. ഇതോടൊപ്പം ജോയിയെ കാണാതായ തമ്പാനൂര്‍ ഭാഗത്തെ തോട്ടിൽ നിന്നും മാലിന്യം നീക്കുന്ന നടപടിയും പുരോഗമിക്കുകയാണ്.