തിരുവനന്തപുരം : ആമയിഴഞ്ചാൻ തോട്ടില്‍ ഇന്നലെ കാണാതായ ശുചീകരണ തൊഴിലാളി ജോയിയെ കണ്ടെത്താനുള്ള രക്ഷാദൗത്യം തുടരുന്നു. രക്ഷാദൗത്യം 26 മണിക്കൂര്‍ പിന്നിടുമ്പോള്‍ പ്രതീക്ഷയായി ഡ്രാക്കോ റോബോട്ട് യന്ത്രത്തിന്റെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ പരിശോധിച്ചിരുന്നു. ടണലിന് അടിയിലൂടെ ഡ്രോക്കോ റോബോട്ടിക്ക് യന്ത്രം നടത്തിയ പരിശോധനയില്‍ മനുഷ്യ ശരീരത്തിന്റെ ചിത്രം പതിഞ്ഞതായാണ് സംശയം ഉയര്‍ന്നത്. എന്നാല്‍ ഇത് സ്ഥിരീകരിക്കുന്നതിനായി ടണലിലേക്ക് പോയ സ്കൂബ ടീമിന് ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല.
ക്യാമറയില്‍ പതിഞ്ഞത് മനുഷ്യശരീരഭാഗങ്ങളല്ലെന്നും ചാക്കില്‍ കെട്ടി എറിഞ്ഞ മാലിന്യമാണെന്ന് സംശയിക്കുന്നതായും സംഘാംഗങ്ങള്‍ വ്യക്തമാക്കി. വീണ്ടും ടണലിനുള്ളില്‍ പരിശോധന നടത്തും. ചതുപ്പും വെള്ളക്കെട്ടും മാലിന്യവുമാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസമായി നില്‍ക്കുന്നത്. റോബോട്ടിക്ക് ക്യാമറയും വെള്ളത്തിലിറക്കി പരിശോധിക്കുന്നുണ്ട്. അതേസമയം, മാലിന്യത്തിനകത്ത് ഒന്നും കണ്ടെത്താനാകുന്നില്ലെന്നാണ് ടണലിന് അകത്തേക്ക് കയറിയ സ്കൂബാ ടീം അംഗങ്ങള്‍ പറയുന്നത്.
ശുചീകരണ തൊഴിലാളിയായ ജോയിയെ കണ്ടെത്താനുള്ള തെരച്ചിൽ 25 മണിക്കൂർ പിന്നിട്ടു. എൻഡിആർഎഫിന്റെ നേതൃത്വത്തിൽ ആണ് തെരച്ചിൽ. ഫയര്‍ഫോഴ്സിന്റെ 12 അംഗ സ്കൂബ ഡൈവിംഗ് സംഘവും തെരച്ചിലിനായിട്ടുണ്ട്. മാലിന്യം അടഞ്ഞുകൂടി കിടക്കുന്നതിനാൽ മാൻഹോൾ വഴിയുള്ള രക്ഷാപ്രവർത്തനം നേരത്തെ നിര്‍ത്തിയിരുന്നു.
ഏറ്റവുമൊടുവിലായി കാമറ ഘടിപ്പിച്ച ഡ്രാക്കോ റോബോട്ട് വെള്ളത്തിനടിയിൽ ഇറക്കി പരിശോധന നടത്തുകയാണ് രക്ഷാപ്രവർത്തകർ. ഈ പരിശോധനയിലാണ് അവ്യക്തമായ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞത്. തുടര്‍ന്ന് കൂടുതല്‍ സ്കൂബാ ടീം അംഗങ്ങള്‍ ടണലിലേക്ക് ഇറങ്ങി പരിശോധന ആരംഭിച്ചിരിക്കുകയാണിപ്പോള്‍.