Kerala

ജോയിക്കായുള്ള തിരച്ചിൽ മൂന്നാംനാളിലേക്ക; രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി മഴ | Search for Joey enters third day; Rain is a challenge for rescue operations

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിക്കായുള്ള മൂന്നാം ദിവസത്തെ തിരച്ചിൽ ആരംഭിച്ചു. നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിലുള്ള തിരച്ചിൽ രാവിലെ ആറരയോടെയാണ് ആരംഭിച്ചത്. സ്കൂബ സംഘവും നാവികസേന സംഘത്തിനൊപ്പം തിരച്ചിലിനായുണ്ട്. സോണാർ ഉപയോഗിച്ച് ടണലിലെ ദൃശ്യങ്ങൾ ശേഖരിക്കുകയാണ് നാവികസേനാ സംഘം. എത്ര ഇരുട്ടിലും ദൃശ്യങ്ങൾ ശേഖരിക്കാനാകും എന്നതാണ് സോണാർ ക്യാമറയുടെ പ്രത്യേകത. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും എൻഡിആർഎഫും, ഫയർഫോഴ്സും സംയുക്തമായി പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല.

ഇന്നലെ രാത്രിയേറെ വൈകിയും നടത്തിയ തെരച്ചിൽ ഫലം കാണാഞ്ഞതോടെ സ്‌കൂബാ സംഘവും ഫയർഫോഴ്‌സും തെരച്ചിൽ താല്ക്കാലികമായി നിർത്തിവച്ചിരുന്നു. റെയിൽവെ ട്രാക്കിന് അടിയിലൂടെ കടന്നുപോകുന്ന ടണലിൽ സ്കൂബ സംഘം മുങ്ങി പരിശോധന നടത്തിയെങ്കിലും ദൗത്യം ലക്ഷ്യം കണാനായില്ല. അതിശക്തമായി വെള്ളം ഒഴുക്കിവിട്ട് മാലിന്യം നീക്കാനുള്ള ശ്രമവും ഫലം കണാനായില്ല. ഏഴു പേരാണ് നേവി സംഘത്തിലുള്ളത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് മാരായമുട്ടം സ്വദേശി ജോയിയെ കാണാതായത്.