തിരുവനന്തപുരം : തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടില്‍ വീണ് കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി. പഴവങ്ങാടി തകരപറമ്പിന് പുറകിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേയിൽ നിന്നും വെള്ളം ഒഴികിയെത്തുന്ന സ്ഥലമാണിത്. 46 മണിക്കൂറിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജീർണിച്ച അവസ്ഥയിലാണെങ്കിലും ബന്ധുക്കളും സുഹൃത്തുക്കളും സ്ഥിരീകരിച്ചു. പൊലീസ് സംഘവും ജോയിയുടെ മൃതദേഹമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
മൃതദേഹം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി ആംബുലൻസിലേക്ക് മാറ്റി. കനാലിൽ ശുചീകരണത്തിനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ആമയിഴഞ്ചാൻ തോട്ടിൽ നാവികസേനയുടെ തെരച്ചിൽ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷനിൽ രണ്ട് കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടത്.
മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റും. ശ്രീചിത്രാ ഹോമിന് പുറകിലാണ് മൃതദേഹം കണ്ടത്. ആമയിഴഞ്ചാൻ തോട് ഒഴുകുന്നത് ഇതുവഴിയാണ്. തിരുവനന്തപുരം മാരായമുട്ടം സ്വദേശിയാണ് കാണാതായ ജോയ്. ശനിയാഴ്ച രാവിലെ ശക്തമായ മഴയിൽ ആമയിഴഞ്ചാൻ തോട്ടിലെ ശക്തമായ അടിയൊഴുക്കിൽപ്പെട്ടു പോവുകയായിരുന്നു ജോയ്.