Sports

കോപ്പ അമേരിക്കയിൽ വീണ്ടും ചാമ്പ്യന്മാരായി അർജന്റീന | Copa America Final 2024 argentina beat colombia

നായകൻ ലയണൽ മെസ്സി രണ്ടാം പകുതിയിൽ പരിക്കേറ്റ് പുറത്തുപോയത് അർജന്റീനയ്ക്ക് തിരിച്ചടിയായിരുന്നു

കോപ്പ അമേരിക്കയിൽ വീണ്ടും ചാമ്പ്യന്മാരായി അർജന്റീന. എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട ഫൈനലിൽ കൊളംബിയയെ തകർത്തു. ഒരു ​ഗോളിനാണ് അർജന്റീനയുടെ ജയം. 112-ാം മിനിറ്റിലാണ് അർജന്റീനയുടെ വിജയ ​ഗോൾ എത്തിയത്. ലൗട്ടാറോ മാർട്ടിനസാണ് രക്ഷകനായി എത്തിയത്. നിശ്ചിത സമയത്തും ഇരു ടീമും ​ഗോൾ നേടാതെ വന്നതോടകൂടിയാണ് എക്സ്ട്രാ ടൈമിലേക്ക് മത്സരം കടന്നത്. തുടർച്ചയായ രണ്ടാം കോപ്പ കിരീട നേട്ടമാണ് അർജന്റീനക്ക്.

നായകൻ ലയണൽ മെസ്സി രണ്ടാം പകുതിയിൽ പരിക്കേറ്റ് പുറത്തുപോയത് അർജന്റീനയ്ക്ക് തിരിച്ചടിയായിരുന്നു. എന്നാൽ മത്സരവീര്യം കളയാതെ അർജന്റീന താരങ്ങൾ കളം നിറഞ്ഞു. പന്ത് കൈവശം വെച്ച് കളിച്ചതും കൂടുതൽ മുന്നേറ്റങ്ങൾ നടത്തിയതും കൊളംബിയായിരുന്നു. എന്നാൽ ഒടുവിൽ കിരീടം മെസിക്കും സംഘവും നേടി.

അതേസമയം അര്‍ധാവസരങ്ങള്‍ പോലും ഗോളാക്കുന്ന സാക്ഷാല്‍ ലിയോണല്‍ മെസിക്ക് പോലും ഫിനിഷിംഗ് പിഴച്ചു. ഇതോടെ ഗോള്‍രഹിതമായി മത്സരം ഇടവേളയ്ക്ക് പിരിഞ്ഞു. ഗോളി എമി മാര്‍ട്ടിനസിന്‍റെ മികവ് ആദ്യപകുതിയില്‍ അര്‍ജന്‍റീനയ്ക്ക് സുരക്ഷയായി മാറി.

രണ്ടാംപകുതിയുടെ തുടക്കത്തിലെ അര്‍ജന്‍റീന ഉണര്‍വ് വീണ്ടെടുത്തു. 58-ാം മിനുറ്റില്‍ ഏഞ്ചല്‍ ഡി മരിയയുടെ ഷോട്ട് നിര്‍ഭാഗ്യം കൊണ്ടാണ് ഗോളാകാതെ പോയത്. ആദ്യപകുതിയിലെ പരിക്ക് രണ്ടാംപകുതിയിലും വലച്ചതോടെ മെസി 66-ാം മിനുറ്റില്‍ നിറകണ്ണുകളോടെ കളത്തിന് പുറത്തേക്ക് മടങ്ങി. ഡഗൗട്ടിലെത്തിയ മെസി പൊട്ടിക്കരയുന്നത് ഫുട്ബോള്‍ ലോകം തത്സമയം കണ്ടു. കളി കയ്യാങ്കളിയായി തുടരുന്നതാണ് പിന്നീടും കണ്ടത്.

ഇതിനിടെ 76-ാം മിനുറ്റില്‍ അര്‍ജന്‍റീനയുടെ നിക്കോളാസ് ഗോണ്‍സാലസ് നേടിയ ഗോള്‍ ഓഫ്‌സൈഡായി വിധിച്ചു. ഇതിന് ശേഷം അര്‍ജന്‍റീന ശക്തമായ ആക്രമണങ്ങള്‍ക്ക് ശ്രമിച്ചെങ്കിലും ഗോള്‍ മാറിനിന്നു. 90 മിനുറ്റുകള്‍ക്ക് ശേഷം എക്‌സ്‌ട്രാടൈമിന്‍റെ ആദ്യപകുതിയിലും ഇരു ടീമുകളുടെയും ഗോള്‍ശ്രമങ്ങള്‍ പാളി. എന്നാല്‍ രണ്ടാംപകുതിയില്‍ ലൗട്ടാരോ മാര്‍ട്ടിനസിന്‍റെ സുന്ദര ഫിനിഷിംഗ് അര്‍ജന്‍റീനയ്ക്ക് ലീഡും കപ്പും സമ്മാനിച്ചു.