ന്യൂഡല്‍ഹി : രണ്ട് മാസങ്ങൾക്കിടെ വീണ്ടും പ്ലാറ്റ്ഫോം ഫീ വർധിപ്പിച്ച് സൊമാറ്റോയും സ്വിഗ്ഗിയും. 20 ശതമാനം വർധനയാണ് കൊണ്ടുവന്നത്. ഇതോടെ ഒരു ഓര്‍ഡറിന് പ്ലാറ്റ്ഫോം ഫീസ് അഞ്ച് രൂപയില്‍ നിന്നും ആറ് രൂപയായി.
രാജ്യത്ത് ഉടനീളം പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് കമ്പനികള്‍ അറിയിച്ചു. നിലവിൽ ബംഗളൂരു, ഡൽഹി തുടങ്ങിയ പ്രധാന വിപണികളിൽ ഒരു ഓർഡറിന് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന പ്ലാറ്റ്ഫോം ഫീയാണ് ആറ് രൂപയായി ഉയർത്തിയത്.
ഡെലിവറി ഫീക്കും ജിഎസ്ടിക്കും പുറമേയാണ് പ്ലാറ്റ്ഫോം ഫീ ഈടാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതലാണ് സൊമാറ്റോ പ്ലാറ്റ്ഫോം ഫീ ഈടാക്കാന്‍ തുടങ്ങിയത്. രണ്ടു രൂപയില്‍ തുടങ്ങിയ ഫീ പിന്നീട് മൂന്നായി ഉയര്‍ത്തി. ഇക്കഴിഞ്ഞ ഏപ്രിലില്‍ ഇത് അഞ്ചു രൂപയായി വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് മാസങ്ങൾക്ക് ശേഷം വീണ്ടും വർധന കൊണ്ടുവന്നിരിക്കുന്നത്.
ജനുവരിയിൽ, തെരഞ്ഞെടുത്ത ഉപയോക്താക്കൾക്കായി സ്വിഗ്ഗി 10 രൂപ പ്ലാറ്റ്ഫോം ഫീസ് പ്രദർശിപ്പിച്ചിരുന്നു. അക്കാലത്ത് സാധാരണ ഈടാക്കിയിരുന്നത് മൂന്ന് രൂപയായിരുന്നു. എന്നാൽ 10 രൂപ ഫീ കാണിച്ചിരുനെങ്കിലും യഥാർത്ഥത്തിൽ ഉപയോക്താക്കളിൽ നിന്ന് ഇത് ഈടാക്കിയിരുന്നില്ല. ചെക്ക്ഔട്ട് സമയത്ത് ഉയർന്ന ഫീസ് കാണിക്കുകയും പിന്നീട് ഒരു കിഴിവിന് ശേഷം അഞ്ച് രൂപ ഈടാക്കുകയുമാണ് ചെയ്തിരുന്നത്.
പ്ലാറ്റ്ഫോം ഫീസ് ഉയര്‍ത്തിക്കൊണ്ട് പ്രതിദിനം 1.2 മുതല്‍ 1.5 കോടി രൂപ വരെ നേടാനാണ് സൊമാറ്റോയും സ്വിഗ്ഗിയും ലക്ഷ്യമിടുന്നത്.